വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും ഭരണകൂടം ഇത്തരം നടപടികളില്‍ നിന്ന് പിന്മാറാന്‍ തയ്യാറായിട്ടില്ലെന്ന് മാത്രമല്ല പിരിച്ചുവിടല്‍ നിലവില്‍ തുടരുകയാണ്.

ന്യൂയോര്‍ക്ക്: യുഎസ് ​ഗവൺമെന്‍റിന്‍റെ ധനസഹായത്തോടെ പ്രവർ‌ത്തിക്കുന്ന വോയ്‌സ് ഓഫ് അമേരിക്കയിൽ വീണ്ടും കൂട്ടപ്പിരിച്ചു വിടൽ. 639 ജീവനക്കാരെയാണ് പുതുതായി ട്രംപ് ഭരണകൂടം പിരിച്ചുവിടുന്നത്. മാര്‍ച്ച് മുതല്‍ ആരംഭിച്ച പിരിച്ചുവിടലിന്‍റെ ഭാഗമായാണ് നിലവില്‍ 639 പേര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. 1400 ഓളം ജീവനക്കാരെയാണ് ഇതുവരെ ന്യൂസ് ഏജന്‍സിയില്‍ നിന്ന് പിരിച്ചുവിട്ടത്.

മാര്‍ച്ച് മാസത്തില്‍ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഉദ്യോ​ഗാർത്ഥികൾക്കായിരുന്നു ഇ-മെയില്‍ വഴി പിരിച്ചുവിടല്‍ സന്ദേശമെത്തിയത്. മാർച്ച് അവസാനത്തോടെ പിരിഞ്ഞു പോകണമെന്നാണ് അറിയിപ്പാണ് മെയിലില്‍ ഉണ്ടായിരുന്നത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. എന്നാല്‍ ഭരണകൂടം ഇത്തരം നടപടികളില്‍ നിന്ന് പിന്മാറാന്‍ തയ്യാറായിട്ടില്ലെന്ന് മാത്രമല്ല പിരിച്ചുവിടല്‍ നിലവില്‍ തുടരുകയാണ്.

വോയ്സ് ഓഫ് അമേരിക്കയുടെ തൊഴിലാളികളിൽ ഭൂരിഭാഗവും കരാർ തൊഴിലാളികളാണ്. ഇംഗ്ലീഷ് ഇതര ഭാഷാ സേവനങ്ങളിലെ സ്റ്റാഫുകളാണ് കരാർ തൊഴിലാളികളിൽ കൂടുതലും. പല കരാറുകാരും യുഎസ് പൗരന്മാരല്ല. പിരിച്ചു വിടൽ തുടരുമ്പോൾ അവരിൽ ഭൂരിഭാ​ഗവും സ്വന്തം നാടുകളിലേക്ക് മടങ്ങേണ്ട അവസ്ഥയാണ്.

അമേരിക്കന്‍ ഐക്യനാടുകളുടെ ഔദ്യോഗിക റേഡിയോ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് പ്രക്ഷേപണ ശൃംഖലയാണ് വോയ്സ് ഓഫ് അമേരിക്ക. 1942 ല്‍ രണ്ടാംലോക മഹായുദ്ധകാലത്ത് നാസി പ്രചാരണത്തെ ചെറുക്കുന്നതിന് വേണ്ടി ജര്‍മ്മന്‍ ഭാഷയിലാണ് ആദ്യമായി പ്രക്ഷേപണം ചെയ്തത്.

YouTube video player