മുൻ പ്രസിഡന്റ് ബരാക് ഒബാമ ഇക്കാര്യങ്ങൾ അവഗണിച്ചതെന്നും ഉടമ്പടിയിൽനിന്നും പിൻമാറാതിരുന്നതെന്നും അറിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. നവാഡയിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുമ്പോഴാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
വാഷിംഗ്ടൺ: റഷ്യയുമായുള്ള ചരിത്രപ്രധാനമായ ആണവായുധ ഉടമ്പടിയിൽനിന്നും അമേരിക്ക ഏകപക്ഷീയമായി പിൻമാറി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇക്കാര്യം സ്ഥിരീകരിച്ചു. റഷ്യ 1987 ലെ മധ്യദൂര ആണവായുധ ഉടമ്പടി ലംഘിച്ചതിനെ തുടർന്നാണ് പിൻമാറുന്നതെന്ന് ട്രംപ് പറഞ്ഞു. 500 കിലോമീറ്ററിനും 5,500 കിലോമീറ്ററിനും ഇടയിൽ ദൂരപരിധിയുള്ള മധ്യദൂര ഭൂതലമിസൈൽ നിരോധിക്കുന്നതാണ് ഉടമ്പടി.
ഉടമ്പടി വർഷങ്ങളായി റഷ്യ ലംഘിച്ചുവരുന്നതായി ട്രംപ് പറഞ്ഞു. എന്തുകൊണ്ടാണ് മുൻ പ്രസിഡന്റ് ബരാക് ഒബാമ ഇക്കാര്യങ്ങൾ അവഗണിച്ചതെന്നും ഉടമ്പടിയിൽനിന്നും പിൻമാറാതിരുന്നതെന്നും അറിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. നവാഡയിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുമ്പോഴാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
2014 ൽ റഷ്യ ഭൂതല ക്രൂയിസ് മിസൈൽ പരീക്ഷിച്ച് ഐഎൻഎഫ് ഉടമ്പടി ലംഘിച്ചതായി ഒബാമ ആരോപിച്ചിരുന്നു. യൂറോപ്യൻ നേതാക്കളുടെ സമ്മർദം മൂലം ഒബാമ അന്ന് ഐഎൻഎഫ് ഉടമ്പടിയിൽനിന്നും പിൻമാറിയില്ല. ഇതു മൂലം റഷ്യ ആണവായുധം സംഭരിക്കാൻ ആരംഭിക്കുകയും ചെയ്തതായി ട്രംപ് കുറ്റപ്പെടുത്തി. എന്നാൽ ട്രംപിന്റെ നീക്കം ഏകലോക മോഹം സ്വപ്നം കണ്ടുള്ളതാണെന്നു റഷ്യ തിരിച്ചടിച്ചു.
