കോഴിക്കോട്: കോഴിക്കോട് വടകരയിലും മുക്കത്തും സ്വകാര്യബസ്സുകള്‍ മറിഞ്ഞ് അപകടം ഉണ്ടായി. വടകര മടപ്പള്ളി കോളേജിന് സമീപം സ്വകാര്യ ബസ്സ് മറിഞ്ഞ് ഇരുപത് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയ പരിക്കേറ്റ വരെ വടകരയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരു കാറിലിടിച്ച് നിയന്ത്രണം വിട്ടാണ് ബസ്സ് മറിഞ്ഞത്. തലശേരിയില്‍ നിന്ന് വടകരയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
മുക്കത്ത് മുത്തേരിയിലാണ് ബസ്സ് മറിഞ്ഞത്. 26 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് സാരമുള്ളതല്ല. ഇവിടേയും കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. റോഡിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച ശേഷമാണ് ബസ്സ് മറിഞ്ഞത്. എന്നാല്‍ കാര്യമായ അപകടം ഒഴിവാകുകയായിരുന്നു. തിരുവമ്പാടിയില്‍ നിന്ന് മുക്കത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് മുത്തേരിയില്‍ അപകടത്തില്‍പെട്ടത്.