ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എംഎല്‍എ സുരേഷ് റാഹിയുടെ പോത്തുകളെ കാണാതായി. കഴിഞ്ഞ ശനിയാഴ്ചയാണ് സിതാപൂര്‍ ജില്ലയിലെ ഹര്‍ഗോണ്‍ എം.എല്‍.എ സുരേഷ് റാഹിയുടെ പോത്തുകളെ കാണാതായത്. കാവല്‍ക്കാരുള്ള ഫാമില്‍ കെട്ടിയിരുന്ന രണ്ട് പോത്തുകളെയാണ് കാണാതായത്. കാണാതായ പോത്തുകള്‍ക്ക് ഒരു ലക്ഷം രൂപ വിലയുള്ളതായി സുരേഷ് റാഹി പറഞ്ഞു.
ലഖ്‌നൗവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് എം.എല്‍.എയുടെ വീട്. പോത്തുകളെ കാണാതായ സംഭവത്തില്‍ സീതാപൂര്‍ കോട്വാലി പോലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്ന് ബി.ജെ.പിയില്‍ എത്തിയ നേതാവാണ് സുരേഷ് റാഹി. നരസിംഹ റാവു സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് രാം ലാല്‍ റാഹിയുടെ മകനാണ് സുരേഷ് റാഹി. ഇതിനു മുമ്പ് സമാജ്‌വാദി പാര്‍ട്ടിയുടെ മന്ത്രിയായിരുന്ന അസം ഖാന്റെ പോത്തുകളെ കാണാതായപ്പോഴും ഉത്തര്‍പ്രദേശ് പോലീസാണ് അന്വേഷിച്ച് കണ്ടെത്തിയത്.
