ഉത്തർപ്രദേശിലെ കാൺപൂരിൽ സർക്കാർ അംഗീകൃത മദ്യശാലയിൽ നിന്നും വ്യാജ മദ്യം കുടിച്ച് മരിച്ചവരുടെ എണ്ണം  പതിനൊന്നായി

കാണ്‍പൂര്‍: ഉത്തർപ്രദേശിലെ കാൺപൂരിൽ സർക്കാർ അംഗീകൃത മദ്യശാലയിൽ നിന്നും വ്യാജ മദ്യം കുടിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി. പതിനൊന്ന് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. കാൺപൂരിൽ വ്യാജമദ്യം കുടിച്ച് ഇന്നലെ നാല് പേർമരിച്ചിരുന്നു. ചികിത്സയിലായിരുന്ന ആറുപേരാണ് ഇന്ന് മരിച്ചത്. പതിനാറു പേർ ഗുരുതരാവസ്ഥയിലാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു. 

മദ്യശാല ഉടമ സതീഷ് ശർമ ഒളിവിലാണ്. മദ്യവിൽപ്പന ശാലയിൽ നിന്നും പ്രാദേശികമായി നിർമ്മിച്ച ചാരായമടങ്ങിയ കാനുകൾ കത്തിച്ച നിലയിൽ കണ്ടെത്തി. അറസ്റ്റിലായവരിൽ സമാജ് വാദി പാർട്ടി മുൻ എംഎൽഎ വിനയ് സിങിന്‍റെ ബന്ധുവുമുണ്ട്. കാൺപൂർ ജില്ലയിലെ ചുമതലയുള്ള എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു. വ്യാജമദ്യം കണ്ടെത്തുന്നതിനായി എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി.