വിനോദസഞ്ചാരികളെ പരിഭ്രാന്തരാക്കി. ആനയുടെ തുമ്പിക്കൈയോട് സാമ്യമുള്ളതിനാൽ 'ഹത്യാസുംഢ' എന്ന് പ്രദേശവാസികൾ വിളിച്ച ഈ അപൂർവ പ്രതിഭാസം ഏതാനും മിനിറ്റുകൾ നീണ്ടുനിന്നു.

ഭുവനേശ്വർ: ഒഡീഷയിലെ പ്രസിദ്ധമായ ചിലികാ തടാകത്തിൽ ആകാശത്തേിൽ ഉയർന്നുപൊങ്ങിയ ഭീമാകാരമായ ചുഴലിക്കാറ്റ് രൂപപ്പെട്ടു. വിനോദ സഞ്ചാരികൾ അടക്കമുള്ളവരെ പരിഭ്രാന്തിയുടെ മുൾമുനയിൽ നിര്‍ത്തിയായിരുന്നു പ്രതിഭാസം രൂപപ്പെട്ടത്. ശാന്തമായ ജലാശയത്തിനും ദേശാടനപ്പക്ഷികൾക്കും പേരുകേട്ട ചിലികാ തടാകത്തിൽ ഇത്തരം തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ വളരെ അപൂർവമായതിനാൽ, ഇത് ഒഡീഷയുടെ തീരദേശ ചരിത്രത്തിലെ ശ്രദ്ധേയ നിമിഷമായി.

ചുഴലിക്കാറ്റുകളും കനത്ത മഴയും ഒഡീഷക്ക് പുതിയതല്ലെങ്കിലും, ചിലികാ തടാകത്തിൽ ഇത്തരത്തിൽ ഒരു ചുഴലിക്കാറ്റ് (വാട്ടർസ്‌പൗട്ട്) രൂപപ്പെടുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. ആകാശത്തേക്ക് ചുഴന്നു കയറുന്ന കാറ്റിൻ്റെയും വെള്ളത്തിൻ്റെയും ഭീമാകാരമായ സ്തംഭമായാണ് ഇത് അനുഭവപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തടാകത്തിലെ പ്രശസ്തമായ ആത്മീയ കേന്ദ്രമായ കാളിജായ് ക്ഷേത്രത്തിൻ്റെ തെക്കുപടിഞ്ഞാറ് ദിശയിലായിരുന്നു ഈ പ്രതിഭാസം കണ്ടത്.

തടാകത്തിൽ ബോട്ട് യാത്രയും കാഴ്ചകളുമായി ആസ്വദിക്കുകയായിരുന്ന നൂറുകണക്കിന് വിനോദസഞ്ചാരികളെ ചുഴലിക്കാറ്റ് പരിഭ്രാന്തിയിലാഴ്ത്തി. അന്തരീക്ഷമർദ്ദത്തിലുണ്ടായ പെട്ടെന്നുള്ള മാറ്റം ശക്തമായ കാറ്റിൻ്റെയും ജലത്തിൻ്റെയും ചുഴിക്ക് കാരണമായി. പലരും നിലവിളിക്കുകയും സുരക്ഷിത സ്ഥാനം തേടി ഓടുകയും ചെയ്തപ്പോൾ, മറ്റുചിലർ ഈ അപൂർവ പ്രതിഭാസത്തിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ തിടുക്കം കൂട്ടി.

ചുഴലിക്കാറ്റിൻ്റെ ആകൃതി കാരണം, പ്രദേശവാസികൾ ഇതിനെ 'ഹത്യാസുംഢ' എന്നാണ് വിളിച്ചത്. 'ആകാശത്ത് നിന്ന് ജലനിരപ്പിലേക്ക് ആനയുടെ ഭീമൻ തുമ്പിക്കൈ താഴേക്ക് വന്നു' എന്ന് തോന്നിയെന്നും, അതിനാലാണ് ഇങ്ങനെ ഒരു പേര് നൽകിയതെന്നും ദൃക്സാക്ഷികൾ പറയുന്നു. വിനോദസഞ്ചാരികൾ പകർത്തിയ വീഡിയോകൾക്കൊപ്പം ഈ പേരും സോഷ്യൽ മീഡിയയിൽ പ്രചാരം നേടി. ചുഴലിക്കാറ്റ് ഏതാനും മിനിറ്റുകൾ മാത്രമേ നീണ്ടുനിന്നുള്ളൂവെങ്കിലും, കാഴ്ചക്കാർക്ക് ഒരുപാട് കാലം ഓർമ്മിക്കാനുള്ള ഒരനുഭവമായി മാറി. ഒഡീഷയിൽ, പ്രത്യേകിച്ച് ചിലികാ തടാകത്തിൽ ഇത്തരം പ്രതിഭാസങ്ങൾ അതീവ വിരളമാണെന്നും, കാറ്റ്, വെള്ളം, അന്തരീക്ഷ മർദ്ദം എന്നിവയുടെ സംയോജനമാണ് ഈ അപൂർവ സാഹചര്യത്തിന് കാരണമായതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Scroll to load tweet…