ദില്ലി: ഇന്ത്യയിലെ ആദ്യത്തെ മുഴുവന്‍ സമയ വനിതാ പ്രതിരോധ മന്ത്രിയായി നിര്‍മലാ സീതരാമന്‍ തിരഞ്ഞെടുക്കപ്പെട്ടു. കാബിനറ്റ് പദവിയുള്ള രണ്ട് വനിതാ മന്ത്രിമാരാണ് ഇപ്പോള്‍ മന്ത്രിസഭയിലുള്ളത്. പുനസംഘടനയുടെ ഭാഗമായി നിര്‍മലാ സീതാരാമനും, മന്ത്രി സ്ഥാനത്ത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ട വിദേശകാര്യമന്ത്രി സുഷമാ സ്വരാജും. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണിത്.

2014ല്‍ ഇരുവരും തമ്മില്‍ നടന്ന ഒരു ട്വിറ്റര്‍ യുദ്ധമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. അന്ന് പ്രതിപക്ഷ നേതാവായിരുന്നു സുഷമ സ്വരാജ്. നിര്‍മല സീതാരാമന്‍ പാര്‍ട്ടി വക്താവും. തെലങ്കാനയും സീമാന്ത്രയും വിഭജിക്കുന്ന തീരുമാനം രാജ്യസഭയില്‍ പാസാക്കാന്‍ മന്‍മോഹന്‍ സിങ് ബി.ജെ.പിയുടെ പിന്തുണ തേടിയിയിരുന്നു. 

വിഭജനം രാജ്യസഭയില്‍ പാസാക്കി. എന്നാല്‍ ഇതിന്‍റെ പേരില്‍ സുഷമ സ്വരാജിന് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരികയും ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ അടങ്ങിയ ഒരു ട്വീറ്റ് നിര്‍മലാ സീതാരാമന്‍ റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഈ ട്വീറ്റ് വൈറലാവുകയും മറുപടിയായി മറ്റൊരു പോസ്റ്റ് സുഷമാ സ്വരാജ് റീട്വീറ്റ് ചെയ്യുകയും ചെയ്തതോടെ ട്വിറ്ററില്‍ യുദ്ധം കനത്തു. പിന്നീട് സുഷമ സ്വരാജ് ട്വീറ്റ് പിന്‍വലിക്കുകയും സംഭവങ്ങള്‍ എല്ലാവരും മറക്കുകയും ചെയ്തു. 

പുനസംഘടനയുടെ ഭാഗമായി പ്രതിരോധമന്ത്രിയായി എത്തുമ്പോള്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്‍റെ ആറാം ഓഫീസ് ബ്ലോക്കില്‍ തന്നെയാണ് നിര്‍മല സീതാരാമനും ഇരിക്കുക. പുനസംഘടനയുടെ ഭാഗമായി ലഭിച്ച ഭാരിച്ച ഉത്തരവാദിത്തവുമായാണ് നിര്‍മല എത്തുന്നത്. പുനഃസംഘടയില്‍ ഏറ്റവും വലിയ നേട്ടമുണ്ടായതും അവര്‍ക്ക് തന്നെയാണ്.