ലയണല്‍ മെസ്സിയുള്‍പ്പെടെയുള്ള കായിക ലോകത്തെ സൂപ്പര്‍ താരങ്ങളുടെ ശ്രദ്ധ ഇപ്പോൾ ക്രിപ്‌റ്റോ കറന്‍സി, ബ്ലോക്ക്‌ചെയിന്‍ തുടങ്ങിയ ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലേക്കാണ്

കളിക്കളത്തിലെ മാന്ത്രിക പ്രകടനങ്ങള്‍ക്കപ്പുറം, ബിസിനസ് ലോകത്തും പുതിയ നീക്കങ്ങള്‍ നടത്തുകയാണ് ലയണല്‍ മെസ്സിയുള്‍പ്പെടെയുള്ള കായിക ലോകത്തെ സൂപ്പര്‍ താരങ്ങള്‍. ക്രിപ്‌റ്റോ കറന്‍സി, ബ്ലോക്ക്‌ചെയിന്‍ തുടങ്ങിയ ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലേക്കാണ് ഇപ്പോള്‍ ഇവരുടെ ശ്രദ്ധ തിരിഞ്ഞിരിക്കുന്നത്.

മെസ്സിയുടെ പുതിയ കൂട്ടുക്കെട്ട്

ഫ്രഞ്ച് കമ്പനിയായ 'സോറെയര്‍' എന്ന ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത ഫാന്റസി ഫുട്‌ബോള്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമുമായി ലയണല്‍ മെസ്സി കൈകോര്‍ത്തിരിക്കുകയാണ്. 2022-ല്‍ കമ്പനിയുടെ നിക്ഷേപകനായും ബ്രാന്‍ഡ് അംബാസഡറായും മെസ്സി മാറി. ക്ലബ്ബുകളും കളിക്കാരും ആരാധകരുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നതില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മെസ്സിയുടെ സാന്നിധ്യം സഹായിക്കുമെന്ന് സോറെയര്‍ അവകാശപ്പെടുന്നു.

എന്താണ് സോറെയര്‍?

ലളിതമായി പറഞ്ഞാല്‍, ഫുട്‌ബോള്‍ കളിക്കാരുടെ ഡിജിറ്റല്‍ കാര്‍ഡുകള്‍ വാങ്ങാനും വില്‍ക്കാനും കഴിയുന്ന ഒരു ഓണ്‍ലൈന്‍ ഗെയിമാണ് സോറെയര്‍. പണ്ട് കുട്ടികള്‍ ഫുട്‌ബോള്‍ കാര്‍ഡുകള്‍ ശേഖരിച്ചിരുന്നതുപോലെ, എന്നാല്‍ ഇത് ഡിജിറ്റല്‍ രൂപത്തിലാണെന്ന് മാത്രം. ഇവിടെ ഓരോ കാര്‍ഡും ഒരു 'എന്‍.എഫ്.ടി' ആണ്. അതായത്, ഓരോ കാര്‍ഡിനും ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യമായ ഉടമസ്ഥാവകാശമുണ്ടാകും. ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അഞ്ചംഗ ടീമുകളെ ഉണ്ടാക്കി ഫാന്റസി മത്സരങ്ങളില്‍ പങ്കെടുക്കാം.

മറ്റ് താരങ്ങളും രംഗത്ത്

മെസ്സിയെക്കൂടാതെ മറ്റ് പല പ്രമുഖ താരങ്ങളും ഈ മേഖലയിലേക്ക് കടന്നുവന്നിട്ടുണ്ട്. ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ, ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസ് എന്നിവരും സോറെയറുമായി സഹകരിക്കുന്നുണ്ട്. അമേരിക്കന്‍ ഫുട്‌ബോള്‍ താരം ടോം ബ്രാഡി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ എഫ്.ടി.എക്‌സില്‍നിക്ഷേപം നടത്തിയിരുന്നു.

റിസ്‌കുകളും തിരിച്ചടികളും

എന്നാല്‍ ഈ മേഖലയില്‍ എല്ലാം സുരക്ഷിതമാണെന്ന് പറയാനാകില്ല. പി.എസ്.ജി ക്ലബ്ബിലെ തന്റെ പ്രതിഫലത്തിന്റെ ഒരു ഭാഗം 'ഫാന്‍ ടോക്കണുകള്‍' (ആരാധകര്‍ക്ക് വാങ്ങാവുന്ന ഡിജിറ്റല്‍ നാണയങ്ങള്‍) ആയി വാങ്ങാന്‍ മെസ്സി നേരത്തെ സമ്മതിച്ചിരുന്നു. 'സോഷ്യോസ്' എന്ന പ്ലാറ്റ്ഫോം വഴിയായിരുന്നു ഇത്. എന്നാല്‍ 2021 ഓഗസ്റ്റിന് ശേഷം ഈ ടോക്കണുകളുടെ മൂല്യത്തില്‍ വന്‍ ഇടിവ് (86 ശതമാനത്തോളം) സംഭവിച്ചിട്ടുണ്ട്.