ന്യൂഡല്‍ഹി: മദ്യപിച്ച് ലക്കുകെട്ട യുവതി വീടിനുള്ളില്‍ സ്വന്തം അമ്മയെയും സഹോദരനെയും വെടിവെച്ചു വീഴ്ത്തി. ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഗീത സിങ് എന്ന 47കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. വീടിനുള്ളില്‍ മൂവരും തമ്മില്‍ കടുത്ത വാഗ്വാദമുണ്ടായി. ഇതിന് ശേഷമാണ് തോക്കെടുത്ത് സംഗീത അമ്മയ്‌ക്കും സഹോദരനും നേരെ നിറയൊഴിച്ചത്. ഇവരുടെ വീട്ടില്‍ നിന്ന് ഉച്ചത്തിലുള്ള സംസാരവും പിന്നാലെ വെടിയൊച്ചകളും കേട്ടുവെന്ന് പരിസരവാസികള്‍ പൊലീസിന് മൊഴി നല്‍കി. മൂന്ന് തവണ വെടിവെച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. നാട്ടുകാര്‍ യുവതിയെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. ലൈസന്‍സുള്ള തോക്കും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പൊലീസ് എത്തുന്ന സമയത്ത് ഇവര്‍ മദ്യപിച്ച് അവശയായി നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു. ഇവരെ പിന്നീട് വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കി. അമ്മ ഗീതയെയും സഹോദരന്‍ ഹര്‍സരനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സഹോദരിയാണ് തങ്ങളെ വെടിവെച്ചതെന്ന് ഹര്‍സരന്‍ പൊലീസിന് മൊഴി നല്‍കിയി. സ്വത്തിനെച്ചൊല്ലി ഇവരുടെ വീട്ടില്‍ സ്ഥിരമായി തര്‍ക്കമുണ്ടാകാറുണ്ടെന്ന് മനസിലായതായും എന്നാല്‍ വെടിവെപ്പിന് പിന്നിലെ കാരണമെന്താണെന്ന് അന്വേഷിക്കുന്നതേയുള്ളൂവെന്നുമാണ് പൊലീസ് അറിയിച്ചത്.