ദില്ലിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. രാജസ്ഥാന്‍ സ്വദേശിയായ സുധിറാണ് കവര്‍ച്ചാ ശ്രമം തടയുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് മരിച്ചത്.

ഇന്ന് രാവിലെ ആറ് മണിയോടെ ദില്ലി സദര്‍ ബസാറിനു സമീപം മിതായ്‍പൂരിലായിരുന്നു സംഭവം. ഹരിദ്വാര്‍-അഹമ്മദാബാദ് യോഗ എക്സ്‍പ്രസില്‍ മകനോടാപ്പം യാത്ര ചെയ്യുകയായിരുന്നു രാജസ്ഥാന്‍ സ്വദേശിയായ സുധിര്‍. ഇവരുടെ കയ്യിലിരുന്ന പഴ്‍സ് അജ്ഞാതര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ഇത് തടഞ്ഞ സുധിര്‍ ട്രെയിനില്‍ നിന്ന് വീഴുകയുമായിരുന്നു. സുധിര്‍ ഇറങ്ങാന്‍ തയ്യാറായി നില്‍ക്കുന്നതിനിടെയാണ് ആരോ പഴ്സ് തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്നും അങ്ങനെയാണ് അപകടം ഉണ്ടായതെന്നും റെയില്‍വെ ഉദ്ദ്യോഗസ്ഥര്‍ പ്രതികരിച്ചു.

45കാരിയായ ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. പുലര്‍ച്ചെ അജ്ഞാതരായ ചിലര്‍ ട്രെയിനില്‍ കയറിയെന്നും ഇവരാണ് പഴ്‍സ് തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്നും സുധിറിന്റെ മകന്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ ഇരുട്ടില്‍ ഇവരെ തിരിച്ചറിയാനായില്ലെന്നും പരാതിയിലുണ്ട്. സംഘത്തെ കണ്ടെത്താന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.