Asianet News MalayalamAsianet News Malayalam

മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കണ്ടെത്തി; പക്ഷേ, കുപ്പി കാലി

Worlds Most Expensive Vodka Bottle Found After Danish Bar Theft
Author
First Published Jan 6, 2018, 11:02 AM IST

കോപ്പന്‍ഹേഗന്‍: ഡെന്മാര്‍ക്കില്‍ പ്രദര്‍ശന സ്ഥലത്തുനിന്ന് മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി ഒടുവില്‍ കണ്ടെത്തി. കെട്ടിടനിര്‍മാണശാലയുടെ പരിസരത്തുനിന്നുമാണ് കാലിയായ നിലയില്‍ കുപ്പി കണ്ടെത്തിയതെന്ന് ഡെന്മാര്‍ക്ക് പൊലീസ് അറിയിച്ചു. 1.3 മില്യണ്‍ (13 ലക്ഷം) യുഎസ് ഡോളറാണ് കുപ്പിയുടെ മൂല്യമായി കണക്കാക്കിയിരുന്നത്. സ്വര്‍ണവും പ്ലാറ്റിനവും കൊണ്ട് നിര്‍മിച്ചിരിക്കുന്ന കുപ്പിയുടെ അടപ്പ് വജ്രം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. 

കോപ്പന്‍ഹേഗനിലെ കഫേ 33 എന്ന ബാറില്‍ പ്രദര്‍ശനത്തില്‍ വച്ചിരുന്നപ്പോഴാണ് വോഡ്ക കുപ്പി മോഷണം പോയത്. വോഡ്കയുടെ കുപ്പിയുമായി ഒരാള്‍ കടന്നു കളയുന്നത് ബാറിലെ സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തുമ്പോള്‍ കുപ്പി കാലിയായിരുന്നു. അന്വേക്ഷണം പുരോഗമിക്കുന്നതിലൂടെ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന് ഡെന്മാര്‍ക്ക് പൊലീസ് അറിയിച്ചു. കുപ്പിക്കുള്ളിലെ വോഡ്കയ്ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും കുപ്പി പൊട്ടിക്കാത്ത നിലയിലാണ് കണ്ടെത്തിയതെന്നും പൊലീസ് വക്താവ് പറഞ്ഞു.

വോഡ്ക ഇല്ലെങ്കിലും കുപ്പിക്ക് അതേ മൂല്യം തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് കഫേ 33 ഉടമ ബ്രിയാന്‍ ഇങ്ബെര്‍ഗ് പറയുന്നു. കുപ്പിയില്‍ നിറച്ചിരുന്ന വോഡ്കയുടെ കൂടുതല്‍ ശേഖരം തന്റെ പക്കലുണ്ടെന്നും അത് ഉപയോഗിച്ച് കുപ്പി വീണ്ടും നിറയ്ക്കാനും പ്രദര്‍ശനത്തിന് വയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബ്രിയാന്‍ അറിയിച്ചു. ലാത്വിയ ആസ്ഥാനമായ ഡാര്‍ട്സ് മോട്ടോര്‍ കമ്പനിയില്‍നിന്ന് വായ്പയായാണ് ബ്രിയാന്‍ വോഡ്ക കുപ്പി വാങ്ങിയിരുന്നത്.

Follow Us:
Download App:
  • android
  • ios