ലോക ബാഡ്‌മിന്‍റൺ ചാമ്പ്യന്‍ഷിപ്പിലെ വനിതാ സിംഗിള്‍സ് ചാമ്പ്യനെയും ഇന്നറിയാം

വെല്‍വ: ലോക ബാഡ്‌മിന്‍റൺ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം തേടി കിഡംബി ശ്രീകാന്ത് (Kidambi Srikanth) ഇന്നിറങ്ങും. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ശ്രീകാന്ത് ലോ കെൻ യൂവിനെ നേരിടും. ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാവുകയാണ് ശ്രീകാന്തിന്‍റെ ലക്ഷ്യം. ഇന്ത്യന്‍ താരങ്ങൾ ഏറ്റുമുട്ടിയ സെമിയിൽ ലക്ഷ്യ സെന്നിനെ (Lakshya Sen) വീഴ്ത്തിയാണ് ശ്രീകാന്ത് ഫൈനലിലെത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 17-21, 21-14, 21-17 എന്ന സ്കോറിനാണ് ജയം.

സെമിയിൽ തോറ്റ ലക്ഷ്യ സെന്‍, പ്രകാശ് പദുക്കോൺ, ബി സായിപ്രണീത് എന്നിവര്‍ക്ക് ശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി. 

വനിതാ ജേതാവും ഇന്ന്

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യന്‍ഷിപ്പിലെ വനിതാ സിംഗിള്‍സ് ചാമ്പ്യനെയും ഇന്നറിയാം. ഫൈനലില്‍ തായ്‌വാന്‍റെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങും രണ്ടാം സീഡ് അകാനെ യാമാഗുച്ചിയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് ശേഷം മത്സരം തുടങ്ങും. ഇരുവരും തമ്മിലുള്ള 18 മത്സരങ്ങളില്‍ പത്തിൽ തായ് ആണ് ജയിച്ചത്. 2019ലെ ഇന്തൊനേഷ്യന്‍ ഓപ്പണ്‍ സെമിയിൽ അവസാനം ഏറ്റുമുട്ടിയപ്പോള്‍ യാമാഗുച്ചിക്കായിരുന്നു ജയം.

തായ് സു ലോക ചാമ്പ്യന്‍ഷിപ്പിലെ ആദ്യ കിരീടം ആണ് ലക്ഷ്യമിടുന്നത്. 2018ൽ വെങ്കലം നേടിയതാണ് യാമാഗുച്ചിയുടെ മികച്ച പ്രകടനം. 

Scroll to load tweet…

ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡൽ നേടിയില്ലെങ്കിലും അട്ടിമറി പരമ്പരയിൽ അഭിമാനം ഉണ്ടെന്ന് മലയാളി താരം എച്ച് എസ് പ്രണോയി. 2021ലെ മത്സരങ്ങള്‍ അവസാനിച്ചു. 2022 ഇതിലും മികച്ചതാകുമെന്ന് ഉറപ്പാണെന്ന് പ്രണോയ് ട്വീറ്റ് ചെയ്‌തു. 

ISL 2021 : ആറാം അങ്കത്തിന് കേരള ബ്ലാസ്റ്റേഴ്‌സ്; എതിരാളികള്‍ കരുത്തരായ മുംബൈ സിറ്റി