വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് സെമിയില്‍ ഇന്ന് നിലവിലെ ചാമ്പ്യന്‍ കാര്‍ലോസ് അല്‍ക്കറാസ് ടൈലര്‍ ഫ്രിറ്റ്‌സിനെയും, മുന്‍ ചാമ്പ്യന്‍ നൊവാക് ജോകോവിച്ച് യാനിക് സിന്നറെയും നേരിടും.

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലിസ്റ്റുകളെ ഇന്നറിയാം. നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ കാര്‍ലോസ് അല്‍ക്കറാസ് സെമി ഫൈനലില്‍ അഞ്ചാം സീഡ് ടൈലര്‍ ഫ്രിറ്റ്‌സിനെ നേരിടും. വൈകിട്ട് ആറ് മണിക്കാണ് മത്സരം. മുന്‍ ചാമ്പ്യന്‍ നൊവാക് ജോകോവിച്ച് സെമിയില്‍ ഒന്നാം സീഡ് യാനിക് സിന്നറെയാണ് നേരിടുക. വൈകിട്ട് 7.40നാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അല്‍ക്കറാസ് ക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കാമറൂണ്‍ നോറിയെ മറികടന്നാണ് സെമിയിലെത്തിത്.

ഫ്രിറ്റ്‌സ് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കാരെന്‍ ഖചാനോവിനെതോല്‍പിച്ചു. ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് അല്‍കാരസ് വിംബിള്‍ഡണില്‍ മത്സരിക്കുന്നത്. നേരത്തെ, സിന്നര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെന്‍ ഷെല്‍ട്ടനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. ജോകോവിച്ച് ഒന്നിനെതിരെ മൂന്ന് സെറ്റുകകള്‍ക്ക് ഫ്‌ലാവിയോ കോബോളിയെ തോല്‍പിച്ചു. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു ജോകോവിച്ചിന്റെ ജയം.

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇഗാ സ്വിയടെക്ക്, അമാന്‍ഡ അനിസിമോവയെ നേരിടും. അനിസിമോവ സെമിയില്‍ ഒന്നാം സീഡ് അറീന സബലെന്‍കയെ വീഴ്ത്തി. പതിമൂന്നാം സീഡായ അനിസിമോവ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സബലെന്‍കയെ തോല്‍പിച്ചത്. സ്‌കോര്‍: 6-4, 4-6, 6-4. സെമിഫൈനല്‍ പോരാട്ടം രണ്ട് മണിക്കൂറും 35 മിനിറ്റും നീണ്ടുനിന്നു. അമേരിക്കന്‍ താരമായ അനിസിമോവയുടെ ആദ്യ ഗ്രാന്‍സ്ലാം ഫൈനലാണിത്. ഈവര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും ഫൈനലില്‍ തോറ്റ സബലെന്‍കയ്ക്ക് വിംബിള്‍ഡണ്‍ സെമിയിലെ തോല്‍വി കനത്ത ആഘാതമായി.

അനായാസ ജയത്തോടെയാണ് ഇഗ സ്യാംതെക്ക് ഫൈനലിലേക്ക് മുന്നേറിയത്. ഇഗ സെമിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ബെലിന്‍ഡ ബെന്‍സിച്ചിനെ തകര്‍ത്തു. രണ്ട് പോയിന്റ് മാത്രമാണ് മത്സരത്തില്‍ ബെലിന്‍ഡയ്ക്ക് നേടാനായത്. സ്‌കോര്‍ 6-2, 6-0. അഞ്ച് ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള ഇഗയുടെ ആദ്യ വിംബിള്‍ഡണ്‍ ഫൈനലാണിത്. ശനിയാഴ്ചയാണ് ഇഗ, അനിസിമോവ കിരീടപ്പോരാട്ടം.

YouTube video player