Asianet News MalayalamAsianet News Malayalam

ഏഷ്യ കപ്പ് ഹോക്കി: സൂപ്പര്‍ ഫോറില്‍ ജപ്പാനെ വീഴ്ത്തി പകരംവീട്ടി ഇന്ത്യ

മൂന്നാം ക്വാര്‍ട്ടറില്‍ കൂടുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യ പവന്‍ രാജ്ബറിലൂടെ വീണ്ടും ലീഡെടുത്തു. സമനില ഗോളിനായി ജപ്പാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധവും ഗോള്‍ കീപ്പര്‍ സൂരജ് കര്‍ക്കേറയും വഴങ്ങിയില്ല.

Asia Cup Hockey 2022: India beat Japan 2-1 in Super 4s match
Author
Jakarta, First Published May 28, 2022, 7:50 PM IST

ജക്കാര്‍ത്ത: ഏഷ്യാ കപ്പ് ഹോക്കിയില്‍(Asia Cup Hockey 2022) സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ(India vs Japan).മന്‍ജീത് സിംഗും പവന്‍ രാജ്ബാറുമാണ് ഇന്ത്യക്കായി സ്കോര്‍ ചെയ്തത്. ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനോട് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോറ്റതിന്‍റെ മധുരപ്രതികാരം കൂടിയായി ഇന്ത്യയുടെ ജയം.

ആദ്യ ക്വാര്‍ട്ടറിന്‍റെ ഏഴാം മിനിറ്റില്‍ മന്‍ജീത് സിംഗ് മനോഹരമായ സോളോ ഗോളിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ താകുവ നിമയിലൂടെ ജപ്പാന്‍ സമനില പിടിച്ചു. ആദ്യ രണ്ട് ക്വാര്‍ട്ടറിലും ആധിപത്യം പുലര്‍ത്തിയതും ആക്രമണങ്ങള്‍ നയിച്ചതും ജപ്പാനായിരുന്നു. ആദ്യ രണ്ട് ക്വാര്‍ട്ടറില്‍ തന്നെ നാല് പെനല്‍റ്റി കോര്‍ണറുകള്‍ നേടിയെടുത്ത ജപ്പാന്‍ മൂന്നാമത്തെ പെനല്‍റ്റി കോര്‍ണറില്‍ നിന്നാണ് സമനില ഗോള്‍ കണ്ടെത്തിയത്.

ഏഷ്യാ കപ്പ് ഹോക്കി: ഇന്തോനേഷ്യയെ 16 ഗോളിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോറില്‍

ഗോള്‍ കീപ്പര്‍ സൂരജ് കര്‍ക്കേറയുടെ സേവില്‍ നിന്ന് ലഭിച്ച റീബൗണ്ടിലായിരുന്നു ജപ്പാന്‍റെ സമനില ഗോള്‍. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ കൂടുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യ പവന്‍ രാജ്ബറിലൂടെ വീണ്ടും ലീഡെടുത്തു. സമനില ഗോളിനായി ജപ്പാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധവും ഗോള്‍ കീപ്പര്‍ സൂരജ് കര്‍ക്കേറയും വഴങ്ങിയില്ല. ജയത്തോടെ സൂപ്പര്‍ ഫോറില്‍ മൂന്ന് പോയന്‍റുമായി നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ മുന്നിലെത്തി.

ഒളിംപിക്സ് ഹോക്കിയില്‍ വെങ്കലം നേടിയ ടീമില്‍ നിന്ന് പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കി യുവനിരയുമാണ് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ഇത്തവണ ഏഷ്യാ കപ്പ് ഹോക്കിയില്‍ കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ജൂനിയര്‍ ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച താരങ്ങളാണ് ഇത്തവണ ടീമിലെ ഭൂരിഭാഗം പേരും. സര്‍ദാര്‍ സിംഗാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്.

ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്തോനേഷ്യക്കെതിരെ 15-1ന്‍റെ ജയം നേടിയാല്‍ മാത്രമെ ഇന്ത്യക്ക് സൂപ്പര്‍ ഫോറില്‍ എത്താനാവുമായിരുന്നുള്ളു. ഇന്തോനേഷ്യയെ 16-0ന് തകര്‍ത്താണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ രണ്ടാം ജയമാണ് ഇന്ന് നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ 1-1 സമനില വഴങ്ങിയപ്പോള്‍ ജപ്പാനെതിരെ ഇന്ത്യ 2-5ന്‍റെ തോല്‍വി വഴങ്ങിയിരുന്നു.

Follow Us:
Download App:
  • android
  • ios