ഏഷ്യന്‍ ഗെയിംസ് ടെക്‌ബാളില്‍ ഇന്ത്യയുടെ ക്വുംസി ജോക്വം ഡിസൂസ ചരിത്ര നേട്ടത്തിനരികില്‍. വനിതാ സിംഗിള്‍സ് സെമിഫൈനലില്‍ പ്രവേശിച്ച ക്വുംസിക്ക് ഒരു ജയം കൂടി നേടിയാല്‍ മെഡലുറപ്പിക്കാം. ശനിയാഴ്‌ച നടക്കുന്ന സെമിയില്‍ ഇന്തോനേഷ്യയുടെ സുമയയാണ് എതിരാളി.
നഗോയ: ഏഷ്യന്‍ ഗെയിംസ് ടെക്‌ബാളില്‍ ഇന്ത്യയുടെ ക്വുംസി ജോക്വം ഡിസൂസ ചരിത്ര നേട്ടത്തിനരികില്‍. വനിതാ സിംഗിള്‍സ് സെമിഫൈനലില്‍ പ്രവേശിച്ച ക്വുംസിക്ക് ഒരു ജയം കൂടി നേടിയാല്‍ മെഡലുറപ്പിക്കാം. ഗ്രൂപ്പ് എയില്‍ ജപ്പാന്റെ ടോപ് സീഡ് ഉയ്‌ന സകമോടോയെയും കംബോഡിയയുടെ കോമിയിനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരം സെമി ഫൈനല്‍ സ്‌പോട് ഉറപ്പിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ അരങ്ങേറിയ ക്വുംസി ടോപ് സീഡായ ജപ്പാന്റെ ഉയ്‌ന സകാമോട്ടോയെ 2-1നും കംബോഡിയയുടെ കോമിയിനെ 2-0നും തോല്‍പ്പിച്ചാണ് അവസാന നാലില്‍ ഇടംപിടിച്ചത്.
നഗോയ സിറ്റി ഹിഗാഷി സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന ജപ്പാനെതിരായ ഗ്രൂപ്പ് എ മത്സരം 43 മി്‌നുട്ടിലാണ് ക്വുംസി ജയിച്ചത്. 10-12ന് ആദ്യ സെറ്റ് നഷ്ടമായ ക്വുംസി 12-11, 13-11ന് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. രണ്ടാം മത്സരത്തില്‍ കംബോഡിയന്‍ താരത്തെ 24 മിനുട്ടിനുള്ളില്‍ കീഴടക്കി ക്വുംസി ഫോം തെളിയിച്ചു. ശനിയാഴ്‌ച നടക്കുന്ന സെമിയില്‍ ഇന്തോനേഷ്യയുടെ സുമയയാണ് എതിരാളി. ജയിച്ചാല്‍, ടെക്‌ബോളില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമായി മാറും ഇത്. ഇനി സെമിയില്‍ തോറ്റാലും വെങ്കല മെഡല്‍ പ്ലേ ഓഫ് ക്വുംസിക്ക് കളിക്കാം. അവിടെ ജയിച്ചാലും മെഡലുറപ്പായി. ടെക്‌ബോള്‍ ഉള്‍പ്പടെ ഏഷ്യാഡില്‍ ഇത്തവണ ആറ് പുതിയ ഗെയിമുകളാണ് അരങ്ങേറുന്നത്. മിക്‌സഡ് മാര്‍ഷ്വല്‍ ആര്‍ട്‌സ് (എം എം എ), പാഡെല്‍, സര്‍ഫിംഗ്, ബിഎംഎക്‌സ് ഫ്രീസ്റ്റൈല്‍, വിര്‍ച്വല്‍ തയ്‌ക്വാന്‍ഡോ എന്നീ കായിക ഇനങ്ങളാണ് ഗെയിംസില്‍ അരങ്ങേറുന്നത്.
എന്താണ് ടെക്‌ബോള്‍ ?
ഫുട്‌ബോളും ടേബിള്‍ ടെന്നീസും ചേര്‍ന്ന ഒരു കായിക ഇനമാണിത്. ഒരു പ്രത്യേക തരം വളഞ്ഞ മേശയ്‌ക്ക് ഇരുഭാഗത്തു നിന്നും കൈകളും കൈപ്പത്തിയും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് ഫുട്‌ബോള്‍ തട്ടിക്കളിക്കുന്ന ഗെയിമാണിത്. 2014 ല്‍ ഫുട്‌ബോളില്‍ തത്‌പരനായ ഗാബൊര്‍ ബൊസാനി, ഗ്യോര്‍ഗി ഗട്ട്യാന്‍, വിക്ടര്‍ ഹൗസാര്‍ എന്നിവരാണ് ടെക്‌ബോള്‍ കണ്ടുപിടിച്ചത്. 2017 ല്‍ ബുഡാപെസ്റ്റില്‍ പ്രഥമ ടെക് ബോള്‍ ലോക ചാമ്പ്യന്‍ഷിപ്പ അരങ്ങേറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
