ഷൂട്ടിംഗില്‍ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. ഐശ്വരി പ്രതാപ് സിംഗ്, നീരജ് കുമാർ, രുദ്രാങ്ക്ഷ് പാട്ടീൽ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്കായി വെള്ളി വെടിവെച്ചിട്ടത്.

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയുടെ കമൽജീത് - സുരുചി സഖ്യമാണ് ഇന്ത്യക്ക് ഗെയിംസിലെ രണ്ടാം സ്വര്‍ണം സമ്മാനിച്ചത്. ക്വാളിഫിക്കേഷൻ റൗണ്ട് മുതൽ മികച്ച പ്രകടനം പുറത്തെടുത്ത ഇരുവരും ഫൈനലിൽ 484.6 പോയിന്‍റോടെ ഏഷ്യൻ ഗെയിംസ് റെക്കോർഡ് തകർത്താണ് സ്വർണ്ണമണിഞ്ഞത്. വ്യക്തിഗത മത്സരങ്ങളിലെ നിരാശയ്ക്ക് ശേഷം ടീം ഇനത്തിലാണ് ഇന്ത്യൻ ഷൂട്ടര്‍മാര്‍ മികവ് കാട്ടിയത്.

ഷൂട്ടിംഗില്‍ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. ഐശ്വരി പ്രതാപ് സിംഗ്, നീരജ് കുമാർ, രുദ്രാങ്ക്ഷ് പാട്ടീൽ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്കായി വെള്ളി വെടിവെച്ചിട്ടത്. മത്സരത്തിലുടനീളം മുന്നിട്ടുനിന്ന ഇന്ത്യക്ക് സ്റ്റാൻഡിംഗ് പൊസിഷനിൽ രുദ്രാങ്ക്ഷിന് പിഴച്ചതാണ് ചൈനയ്ക്ക് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്യാൻ ഇടയാക്കിയത്.

ഇതിനുപുറമെ, വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യയുടെ ഐശ്വരി പ്രതാപ് സിംഗും നീരജ് കുമാറും ഫൈനലിലേക്ക് യോഗ്യത നേടി. ക്വാളിഫയേഷനിൽ 589 പോയിന്‍റോടെ മൂന്നാം സ്ഥാനത്തെത്തിയാണ് ഐശ്വരി പ്രതാപ് ഫൈനലുറപ്പിച്ചത്. ചൈനയുടെ ഴാങ് ചാങ്ഹോംഗ് (593), ദക്ഷിണ കൊറിയയുടെ യങ് സിയുങ്വൂ (592) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തത്. 588 പോയിന്റോടെ നീരജ് കുമാർ നാലാം സ്ഥാനക്കാരനായാണ് ഫൈനലിലേക്ക് കടന്നത്.

Scroll to load tweet…

ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസിൽ ദിയ ചിതാലെ - മാനുഷ് ഷാ സഖ്യവും, സ്‌ക്വാഷ് മിക്സഡ് ഡബിൾസിൽ വെറ്ററൻ താരം ജോഷ്ന ചിന്നപ്പ - വേലവൻ സെന്തിൽകുമാർ സഖ്യവും സെമി ഫൈനലിൽ കടന്ന് മെഡൽ ഉറപ്പിച്ചിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ പുരുഷ-വനിതാ കബഡി ടീമുകൾ സെമി ഫൈനലിൽ പോരാട്ടത്തിനിറങ്ങും. കൂടാതെ അത്‌ലറ്റിക്‌സിൽ വനിതകളുടെ ഷോട്ട്പുട്ട്, പോൾവോൾട്ട്, പുരുഷന്മാരുടെ 10,000 മീറ്റർ, ഹാമർത്രോ എന്നീ പ്രമുഖ ഇനങ്ങളും ഇന്നത്തെ പ്രധാന ആകർഷണങ്ങളാണ്.

ഏഷ്യൻ ഗെയിംസ് മെഡല്‍പട്ടികയില്‍ 85 സ്വര്‍ണവുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. 21 സ്വര്‍ണവുമായി ആതിഥേയരായ ജപ്പാന്‍ രണ്ടാമതും 11 സ്വര്‍ണവുമായി ദക്ഷിണ കൊറിയ മൂന്നാമതുമാണ്. 2 സ്വര്‍ണവും 8 വെളളിയും 9 വെങ്കലവുമടക്കം 19 മെഡലുകളുമായി ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്താണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക