ലണ്ടന്‍: എടിപി ഫൈനല്‍സില്‍ ജോക്കോവിച്ചിന് ഇന്ന് ആദ്യ മത്സരം. യുവതാരങ്ങളായ മെദ്വദേവും സ്വേരേവും തമ്മിലുള്ള മത്സരവും ഇന്ന് നടക്കും. 

റോജര്‍ ഫെഡററുടെ റെക്കോര്‍ഡ് ഉന്നമാക്കിയുള്ള വിജയത്തുടക്കത്തിന് നൊവാക് ജോക്കോവിച്ച്. റൊണ്ട് റോബിന്‍ അടിസ്ഥാനത്തിലുള്ള ടൂര്‍ണമെന്‍റില്‍ ടോപ് സീഡ് താരത്തിന്‍റെ ആദ്യ എതിരാളി അര്‍ജന്‍റീനയുടെ ഡീഗോ ഷ്വാര്‍ട്സ്മാന്‍. ഒന്നാം നമ്പര്‍ താരമായി വര്‍ഷം അവസാനിപ്പിക്കുമെന്ന ഉറപ്പുള്ളതിനാല്‍ സമ്മര്‍ദ്ദമില്ലെന്ന് തുറന്നുപറഞ്ഞ ജോക്കോവിച്ചിന് ഷ്വാര്‍ട്സ്മാനെതിരായ നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലെ മേൽക്കൈയും ആത്മവിശ്വാസം നൽകും.


 
ഒന്‍പതാം റാങ്കുകാരനായ ഷ്വാര്‍ട്സ്മാനെതിരെ കരിയറില്‍ ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിലും ജോക്കോവിച്ചാണ് ജയിച്ചത്. കഴിഞ്ഞ വര്‍ഷം ഗ്രൂപ്പ് ഘട്ടം മറികടക്കാനാന്‍ കഴിയാതെ പോയതിലെ നിരാശ തീര്‍ക്കാനും ജോക്കോവിച്ച് ശ്രമിക്കും. 

രണ്ടാം മത്സരത്തിൽ നേര്‍ക്കുനേര്‍ വരുന്നത് ന്യൂ ജെന്‍ താരങ്ങള്‍. റഷ്യയുടെ ദാനില്‍ മെദ്വേവ് നിലവില്‍ ലോക നാലാം നമ്പര്‍ താരം. ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വേരേവ് പട്ടികയിൽ ഏഴാമനും. 2018ൽ എടിപി ഫൈനല്‍സിൽ ചാംപ്യനായ സ്വേരേവിന്, മെദ്വദേവിനെതിരായ നേര്‍ക്കുനേര്‍ പോരാട്ടത്തിലെ ചരിത്രവും പ്രതീക്ഷ നൽകും. ഇതുവരെയുള്ള ഏഴ് മത്സരത്തിൽ സ്വേരവിന് അഞ്ചും മെഡ്വവേജിന് രണ്ടും ജയം വീതം.

യുവേഫ നേഷൻസ് ലീഗ്: ഇംഗ്ലണ്ടിനെ പുറത്തേക്കടിച്ച് ബെല്‍ജിയം