ഇംഫാല്‍: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡല്‍ഹിയിലെ ക്യാന്‍സര്‍ ചികിത്സ തുടരാനാവാതെ മണിപ്പൂരിലെ വീട്ടില്‍ കുടുങ്ങിയ ബോക്സിംഗ് താരം ഡിങ്കോ സിംഗിനെ വിമാനമാര്‍ഗം ഡല്‍ഹിയില്‍ എത്തിച്ചു. ഇംഫാലില്‍ നിന്ന് സ്പൈസ് ജെറ്റിന്റെ എയര്‍ ആംബുലന്‍സിലാണ് ഡിങ്കോ സിംഗിനെ ഡല്‍ഹിയില്‍ എത്തിച്ചത്. പത്മ അവാര്‍ഡ് ജേതാവായ ഡിങ്കോ സിംഗിന് സൗജന്യമായാണ് സ്പൈസ് ജെറ്റ് എയര്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കിയത്.

രാജ്യത്തിന്റെ അഭിമാനമായ ഡിങ്കോ സിംഗിനെ ചികിത്സാര്‍ത്ഥം ഡല്‍ഹിയില്‍ എത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നും തുടര്‍ ചികിത്സകള്‍ക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും സ്പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ അജയ് സിംഗ് പറഞ്ഞു. ദേശീയ ഹീറോ ആയ ഡിങ്കോ സിംഗിന് എയര്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കാനായതില്‍ സ്പൈസ് ജെറ്റിന് അഭിമാനമുണ്ടെന്നും അജയ് സിംഗ് വ്യക്തമാക്കി.

Also Read: വിണ്ടുമൊരു അവസരം ലഭിച്ചാല്‍ ആ മത്സരഫലം മാറ്റിമറിക്കാനാണ് ആഗ്രഹമെന്ന് കെ എല്‍ രാഹുല്‍

ഡിങ്കോ സിംഗിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ ബാബായ് ദേവിയെയും ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. വൈകിട്ട് 6.15നാണ് ഡിങ്കോ സിംഗിനെയും വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് ഡല്‍ഹിയില്‍ എത്തിയത്. വിമാനത്തില്‍ നിന്ന് നേരെ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസില്‍(ഐഎല്‍ബിഎസ്) എത്തിച്ചു.

കരളിലെ ക്യാന്‍സറിന് ചികിത്സ തേടുന്ന 41കാരനായ ഡിങ്കോ സിംഗിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് റേഡിയേഷനായി ഡല്‍ഹിയില്‍ എത്താനായിരുന്നില്ല. രണ്ടാഴ്ച കൂടുമ്പോള്‍ നടത്തേണ്ട റേഡിയേഷന്‍ ചികിത്സയുടെ ഒരു ഷെഡ്യൂള്‍ ഇതോടെ മുടങ്ങിയിരുന്നു. ഡിങ്കോ സിംഗിന്റെ നിലവിലെ അവസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കായിക മന്ത്രി കിരണ്‍ റിജിജു മണിപ്പൂര്‍ സര്‍ക്കാരിനോട് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ മണിപ്പൂരില്‍ റേഡിയേഷന്‍ ചികിത്സക്കുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു..

Also Read:ഇനിയൊരു മടങ്ങിവരവുണ്ടാവില്ല; ധോണിയുടെ കാര്യത്തില്‍ ഇതാണ് ഹര്‍ഭജന്‍ സിംഗിന്റെ അവസാന വാക്ക്

1997 ല്‍ അന്താരാഷ്ട്ര ബോക്‌സിംഗില്‍ അരങ്ങേറ്റം കുറിച്ച ഡിങ്കോ സിംഗ് 1998 ല്‍ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയയാണ് താരമായത്. ഏഷ്യാഡ് ബോക്‌സിംഗില്‍ 16 വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ ആദ്യ സ്വര്‍ണമായിരുന്നു അത്. ആ വര്‍ഷം തന്നെ അര്‍ജുന പുരസ്‌കാരം നല്‍കി രാജ്യം ഡിങ്കോയെ ആദരിച്ചു. 2013 ല്‍ പത്മശ്രീ പുരസ്‌കാരവും ഡിങ്കോയെ തേടിയെത്തി. ഇന്ത്യന്‍ ബോക്‌സിംഗിലെ ഗോള്‍ഡന്‍ ബോയ് ആയിരുന്നു ഡിങ്കോ.

വനിത ബോക്‌സിംഗ് ഇതിഹാസം മേരി കോം അടക്കം രാജ്യത്തെ നിരവധി ബോക്സര്‍മാര്‍ക്ക് പ്രചോദനമേകിയ ഡിങ്കോ ഇല്ലായ്മയില്‍ നിന്ന് ഉയര്‍ന്നു വന്ന താരമായിരുന്നു. നാലു വര്‍ഷം മുമ്പാണ് ഡിങ്കോക്ക് കരളില്‍ കാന്‍സര്‍ പിടിപെടുന്നത്. അന്ന് വിജയകരമായി ചികിത്സിച്ചെങ്കിലും ഇപ്പോള്‍ വീണ്ടും അസുഖം തലപൊക്കുകയായിരുന്നു.