ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം ചൂടിയത്

ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ്(Commonwealth Games 2022) ബാഡ്‌മിന്‍റണിലെ വനിതാ സിംഗിൾസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന്(PV Sindhu) സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ(Michelle Li) നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം ചൂടിയത്. സ്‌കോര്‍: 21-15, 21-13. മിഷേല്‍ ലീയ്‌ക്ക് ഒരവസരം പോലും കൊടുക്കാതെ ജയഭേരി മുഴക്കുകയായിരുന്നു പി വി സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്‍റെ കന്നി സ്വര്‍ണമാണിത്. 

ഈ കോമണ്‍വെല്‍ത്തില്‍ ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്. ഈ ഗെയിംസില്‍ ഇന്ത്യയുടെ 56-ാം മെഡലാണ് സിന്ധുവിലൂടെ അക്കൗണ്ടിലെത്തിയത്. 19 സ്വര്‍ണവും 15 വെള്ളിയും 22 വെങ്കലവുമായി നാലാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. കൂടുതല്‍ മെഡല്‍ പ്രതീക്ഷ ഇന്ന് ഇന്ത്യക്കുണ്ട്. 66 സ്വര്‍ണവും 55 വെള്ളിയും 53 വെങ്കലവുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും 55 സ്വര്‍ണവും 59 വെള്ളിയും 52 വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാമതും നില്‍ക്കുന്നു. 

Scroll to load tweet…
Scroll to load tweet…

ഇന്നത്തെ മറ്റ് ഫൈനലുകള്‍

പുരുഷ സിംഗിൾസ് ഫൈനലിൽ ലക്ഷ്യ സെന്‍ മലേഷ്യയുടെ സേ യോംഗ് ഇംഗിനെ നേരിടുമ്പോള്‍ പുരുഷ ഡബിൾസ് ഫൈനലിൽ ചിരാഗ് ഷെട്ടി, സാത്വിക് സായ്‌രാജ് സഖ്യവും സ്വർണപ്രതീക്ഷയുമായി ഇറങ്ങും. ഇംഗ്ലണ്ട് താരങ്ങളാണ് എതിരാളികൾ. മൂന്നരയ്ക്ക് ടേബിൾ ടെന്നിസ് സിംഗിൾസിൽ സത്യൻ ജ്ഞാനശേഖരന് വെങ്കലമെഡൽ പോരാട്ടവും നാലിന് അജന്ത ശരത് കമലിന് സ്വർണമെഡല്‍ പോരാട്ടവും നടക്കും. വൈകിട്ട് അഞ്ചിനാണ് ഇന്ത്യയുടെ അവസാന മത്സരം. മലയാളിതാരം പി ആർ ശ്രീജേഷ് ഉൾപ്പെട്ട ഹോക്കി ടീം ഫൈനലിൽ ഓസ്ട്രേലിയയെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് സമാപന ചടങ്ങുകൾക്ക് തുടക്കമാവും. 

ഇരിപ്പുറക്കാത്ത ആവേശം; വനിതാ ഫൈനല്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം കണ്ടതിങ്ങനെ