Asianet News MalayalamAsianet News Malayalam

മെദ്‌വദേവും പുറത്ത്, ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി തുടരുന്നു; ഇന്ന് നദാല്‍- ജോക്കോവിച്ച് ഗ്ലാമര്‍ പോര്

നാലാം സീഡും കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സപ്പുമായ സ്റ്റെഫാനോസ് സിറ്റ്‌സിപാസും പുറത്തായിരുന്നു. ഡെന്‍മാര്‍ക്കിന്റെ ഹോള്‍ഗര്‍ റുണെയാണ് ഗ്രീക്ക് താരത്തെ അട്ടിമറിച്ചത്. 7-5, 3-6, 6-3, 6-4 എന്ന സ്‌കോറിനായിരുന്നു റുണെയുടെ ജയം.

Frech Open Daniil Medvedev knocked out french open by marin cilic
Author
Paris, First Published May 31, 2022, 9:38 AM IST

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ (French Open) നാലാം റൗണ്ടില്‍ വമ്പന്‍ അട്ടിമറി. രണ്ടാം സീഡ് ഡാനില്‍ മെദ്‌വദേവ് (Daniil Medvedev) ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. 20-ാം സീഡ് ക്രൊയേഷ്യയുടെ മരീന്‍ സിലിച്ച് (Marin Cilic) നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റഷ്യന്‍ താരത്തെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-2, 6-3, 6-2. ഇതിന് മുമ്പ് രണ്ട് തവണ മാത്രമാണ് സിലിച്ച് ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ കടന്നിട്ടുള്ളത്. 2017, 2018 വര്‍ഷത്തിലായിരുന്നു അത്. മേദ്‌വദേവിനും അത്ര മികച്ച റെക്കോര്‍ഡൊന്നുമല്ല ഫ്രഞ്ച് ഓപ്പണില്‍. 2021ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതാണ് മികച്ച നേട്ടം.

നേരത്തെ നാലാം സീഡും കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സപ്പുമായ സ്റ്റെഫാനോസ് സിറ്റ്‌സിപാസും പുറത്തായിരുന്നു. ഡെന്‍മാര്‍ക്കിന്റെ ഹോള്‍ഗര്‍ റുണെയാണ് ഗ്രീക്ക് താരത്തെ അട്ടിമറിച്ചത്. 7-5, 3-6, 6-3, 6-4 എന്ന സ്‌കോറിനായിരുന്നു റുണെയുടെ ജയം. സ്പാനിഷ് യുവതാരം അല്‍ക്കറാസ് ഗാര്‍ഫിയയും ക്വാര്‍ട്ടറില്‍ കടന്നു. റഷ്യയുടെ കരേണ്‍ കച്ചനോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അല്‍ക്കറാസ് തോല്‍പ്പിച്ചത്. സ്‌കോര്‍ 1-6, 4-6, 4-6. അലക്‌സാണ്ടര്‍ സ്വെരേവിനെയാണ് 19കാരന്‍ ക്വാര്‍ട്ടറില്‍ നേരിടുക.

അതേസമയം, റാഫേല്‍ നദാല്‍- നൊവാക് ജോക്കോവിച്ച് പോരാട്ടം ഇന്ന് നടക്കും. പ്രീ ക്വാര്‍ട്ടറില്‍ നദാല്‍, അട്ടിമറിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഒന്‍പതാം സീഡ് ഫെലിക്സ് ഔഗര്‍ അലിയാസിമിനെ ആണ് നദാല്‍ മറികടന്നത്. അഞ്ച് സെറ്റുനീണ്ട പോരാട്ടത്തിലാണ് ജയം. സ്‌കോര്‍ 3-6, 6-3, 6-2, 3-6, 6-3. 

13 തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയിട്ടുള്ള നദാല്‍ കളിമണ്‍ കോര്‍ട്ടിലെ അഞ്ച് സെറ്റുപോരാട്ടങ്ങളില്‍ തോറ്റിട്ടില്ല എന്ന റെക്കോര്‍ഡും നിലനിര്‍ത്തി. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ ഡീഗോ ഷ്വാര്‍ട്സ്മാനെ ആണ് ലോക ഒന്നാം നമ്പര്‍ താരമായ ജോക്കോവിച്ച് തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ചിന്റെ ജയം സ്‌കോര്‍ 6-1, 6-3, 6-3. 

തുടര്‍ച്ചയായ 13ആം വര്‍ഷമാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണില്‍ ക്വാര്‍ട്ടറിലെത്തുന്നത്. റാഫേല്‍ നദാലിന് ശേഷം ഫ്രഞ്ച് ഓപ്പണില്‍ 100 സിംഗിള്‍സ് മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടവും ജോക്കോവിച്ച് സ്വന്തമാക്കി.
 

Follow Us:
Download App:
  • android
  • ios