ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമില്‍ കളിക്കുക എന്നതായിരുന്നു മീണയുടെ ബാല്യകാല സ്വപ്‌നം. എന്നാല്‍, പഠിച്ചിരുന്ന സ്‌കൂളിലെ സോഫ്‌റ്റ്‌ ടെന്നീസ്‌ കോര്‍ട്ടില്‍ ബോള്‍ ബോയ്‌ ആയി എത്തിയത്‌ മീണയുടെ ജീവിതത്തില്‍ വഴിത്തിരിവായി. പതിയെ സോഫ്‌റ്റ്‌ ടെന്നീസ്‌ ആയി മീണയുടെ ലോകം.

നഗോയ: ജയ്‌ മീണ! വിജയഭേരി മുഴക്കുന്ന ആ പേര്‌, ഐചി നഗോയ ഏഷ്യാഡില്‍ ഇന്ത്യയുടെ അഭിമാനമായി; ചരിത്രമായി. ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി സോഫ്‌റ്റ്‌ ടെന്നീസില്‍ ഇന്ത്യ ഒരു മെഡല്‍ സ്വന്തമാക്കിയത്‌ ഇരുപത്തിനാലുകാരനായ ജയ്‌ മീണയിലൂടെ.

സെമിയില്‍ ജപ്പാന്റെ തകുയ കുറോസാകയോട്‌ തോറ്റ മധ്യപ്രദേശുകാരന്‍ രാജ്യത്തിന്‌ വെങ്കല മെഡല്‍ ഉറപ്പാക്കിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമില്‍ കളിക്കുക എന്നതായിരുന്നു മീണയുടെ ബാല്യകാല സ്വപ്‌നം. എന്നാല്‍, പഠിച്ചിരുന്ന സ്‌കൂളിലെ സോഫ്‌റ്റ്‌ ടെന്നീസ്‌ കോര്‍ട്ടില്‍ ബോള്‍ ബോയ്‌ ആയി എത്തിയത്‌ മീണയുടെ ജീവിതത്തില്‍ വഴിത്തിരിവായി. പതിയെ സോഫ്‌റ്റ്‌ ടെന്നീസ്‌ ആയി മീണയുടെ ലോകം. പതിനാലാം വയസ്‌ മുതല്‍ സോഫ്‌റ്റ്‌ ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പുകളില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യാന്‍ മീണക്ക്‌ അവസരം ലഭിച്ചു.

2022 ല്‍ ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ പുരുഷ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ ജയ്‌ മീണ, 2024 ലെ വേള്‍ഡ്‌ സോഫ്‌റ്റ്‌ ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ്‌ ഡബിള്‍സില്‍ വെങ്കലം നേടി. ഇത്‌ സോഫ്‌റ്റ്‌ ടെന്നീസില്‍ ഇന്ത്യയുടെ ആദ്യ വേള്‍ഡ്‌ ചാമ്പ്യന്‍ഷിപ്പ്‌ മെഡലായിരുന്നു. 2025 ല്‍ ദേശീയ ചാമ്പ്യനായ മീണ, ഏഷ്യന്‍ സോഫ്‌റ്റ്‌ ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടി.

2026 ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ ലക്ഷ്യമിട്ടാണ്‌ ഇന്ത്യന്‍ താരം തുടങ്ങിയത്‌. ഗ്രൂപ്പ്‌ ഡി മത്സരത്തില്‍ പാക്കിസ്ഥാന്റെ ഹുസൈന്‍ അറെയ്‌നെ 4-0ന്‌ തകര്‍ത്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫിലിപ്പിന്‍സിന്റെ ഷെര്‍വിന്‍ നുഗിറ്റിനെ 4-3 സ്‌കോറിന്‌ തോല്‍പ്പിച്ചു. സെമിയില്‍ ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ തകൂയ കുറോസാക്കക്കെതിരെ ഗംഭീര പോരാട്ടമാണ്‌ കാഴ്‌ചവെച്ചത്‌. ആദ്യ മൂന്ന്‌ ഗെയിമുകളും നഷ്ടപ്പെട്ട മീണ തുടരെ രണ്ട്‌ ഗെയിമുകള്‍ ജയിച്ച്‌ തിരിച്ചുവരവ്‌ നടത്തി.

എന്നാല്‍, വാശിയേറിയ അവസാന ഗെയിം 45 മിനുട്ട്‌ നീണ്ട പോരാട്ടത്തിനൊടുവില്‍ മീണ കീഴടങ്ങി. കൊറിയ, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന ഗെയിമാണ്‌ സോഫ്‌റ്റ്‌ ടെന്നീസ്‌. അവിടെ ഒരു ഇന്ത്യന്‍ താരം ഏഷ്യന്‍ ഗെയിംസ്‌ മെഡല്‍ നേടുന്നത്‌ ശുഭസൂചനയാണ്‌. മാത്രമല്ല, ഇതൊരു ഒളിമ്പിക്‌ ഇനമല്ല. അതുകൊണ്ടു തന്നെ ഏഷ്യാഡ്‌ മെഡലിനെ മീണ വിശേഷിപ്പിച്ചത്‌ ഇതൊരു ഒളിമ്പിക്‌ മെഡലിന്‌ തുല്യമെന്നാണ്‌.

2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 2033 ഹാങ്‌ഷൗ ഏഷ്യന്‍ ഗെയിംസിലും ജയ്‌ മീണ പങ്കെടുത്തിരുന്നെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു. മൂന്നാം അവസരത്തില്‍ മീണ മെഡല്‍ സ്വന്തമാക്കി, പുതുചരിതം സൃഷ്ടിച്ചു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK