വ്യക്തിഗത ഇനത്തിൽ കൊറിയൻ താരം കാങ് യോൺ-സിയോയോട് പരാജയപ്പെട്ടതിന്‍റെ നിരാശ മറികടക്കുന്ന പ്രകടനമായിരുന്നു ജ്യോതി സുരേഖ ഫൈനലില്‍ കാഴ്ചവെച്ചത്.
നഗോയ: ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിൽ ചൈനയെ തോൽപിച്ചാണ് ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം, ചികിത തനിപർത്തി, പൃഥിക പ്രദീപ് എന്നിവരടങ്ങിയ സംഘം സ്വർണം നേടിയത്. ചൈനയ്ക്കെതിരായ ഫൈനലില്‍ ലോകറെക്കോർഡിനൊപ്പമെത്തുന്ന പ്രകടനത്തോടെയാണ് (238-234) ഇന്ത്യൻ വനിതകൾ രാജ്യത്തിന്‍റെ അഭിമാനമായത്.
വ്യക്തിഗത ഇനത്തിൽ കൊറിയൻ താരം കാങ് യോൺ-സിയോയോട് പരാജയപ്പെട്ടതിന്‍റെ നിരാശ മറികടക്കുന്ന പ്രകടനമായിരുന്നു ജ്യോതി സുരേഖ ഫൈനലില്‍ കാഴ്ചവെച്ചത്. യുവതാരങ്ങളായ ചികിതയുടെയും പൃഥികയുടെയും മികച്ച പിന്തുണ കൂടിയായപ്പോൾ ചൈനക്ക് മറുപടിയുണ്ടായിരുന്നില്ല. മത്സരത്തിന്‍റെ തുടക്കം മുതൽ ഇന്ത്യൻ സംഘം ആധിപത്യം സ്ഥാപിച്ചു. ആദ്യ റൗണ്ടിൽ പെര്‍ഫെക്ട് 10 നേടി ഇന്ത്യ 60-58 ന് മുന്നിലെത്തി. രണ്ടാം ഘട്ടത്തിലും ഇതേ മികവ് നിലനിർത്തിയ ഇന്ത്യ 178-176 എന്ന ലീഡോടെ അവസാന റൗണ്ടിലേക്ക് കടന്നു.
സമ്മർദ്ദത്തിൽ ചൈനീസ് താരങ്ങൾ ലക്ഷ്യം തെറ്റിയപ്പോൾ ഇന്ത്യൻ സംഘം ആറ് പെർഫെക്റ്റ് 10 പോയിന്‍റുകൾ നേടി ആധിപത്യം ഉറപ്പിച്ചു. ഫൈനലിന് മുൻപ് ശക്തരായ ദക്ഷിണ കൊറിയക്കെതിരായ സെമിഫൈനൽ മത്സരം കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. ആദ്യ ഘട്ടത്തിൽ ഇരുടീമുകളും 59-59 എന്ന നിലയിൽ ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ 59-56 എന്ന സ്കോറിൽ ഇന്ത്യ മുന്നിലെത്തി. മൂന്നാം ഘട്ടത്തിൽ ചില പിഴവുകൾ സംഭവിച്ചെങ്കിലും അവാസന നിമിഷങ്ങളിൽ പതറാതെ പൊരുതിയ ഇന്ത്യ 234-233 എന്ന സ്കോറിന് കൊറിയയെ മറികടന്ന് ഫൈനലിലേക്ക് മുന്നേറി.
