ലക്ഷ്യ സെന്നിനെതിരായ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ പ്രണോയിയുടെ ആദ്യ ജയമാണിത്. ഇതിന് മുമ്പ് നടന്ന രണ്ട് പോരാട്ടങ്ങളിലും ലക്ഷ്യ സെന്‍ പ്രണോയിയെ മറികടന്നിരുന്നു. ലക്ഷ്യ സെന്നിനെതിരെ അനായാസമായിരുന്നു പ്രണോയിയുടെ ജയം.

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍(Indonesia Open 2022) പുരുഷ സിംഗിള്‍സില്‍ മലയാളിത താരം എച്ച് എസ് പ്രണോയ്(HS Prannoy) രണ്ടാം റൗണ്ടില്‍. ഇന്ത്യന്‍ താരങ്ങള്‍ പരസ്പരം മത്സരിച്ച ആദ്യ റൗണ്ട് പോരാട്ടത്തില്‍ ലക്ഷ്യ സെന്നിനെ(Lakshya Sen) നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ് പ്രണോയ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്കോര്‍ 21-10, 21-9.

ലക്ഷ്യ സെന്നിനെതിരായ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ പ്രണോയിയുടെ ആദ്യ ജയമാണിത്. ഇതിന് മുമ്പ് നടന്ന രണ്ട് പോരാട്ടങ്ങളിലും ലക്ഷ്യ സെന്‍ പ്രണോയിയെ മറികടന്നിരുന്നു. ലക്ഷ്യ സെന്നിനെതിരെ അനായാസമായിരുന്നു പ്രണോയിയുടെ ജയം. ആദ്യ ഗെയിമില്‍ പ്രണോയിയുടെ ഉജ്ജ്വല റിട്ടേണുകള്‍ക്കും സ്മാഷുകള്‍ക്കും മുമ്പില്‍ ലക്ഷ്യക്ക് മറുപടിയില്ലായിരുന്നു. ആദ്യ ഗെയിമില്‍ 3-6ന് പിന്നില്‍ നിന്നശേഷമാണ് തിരിച്ചടിച്ച് പ്രണോയ് ഗെയിം 21-10ന് സ്വന്തമാക്കിയത്. രണ്ടാം ഗെയിമില്‍ തുടക്കത്തിലെ 11-3ന്‍റെ ലീ‍ഡ് സ്വന്തമാക്കിയ പ്രണോയ് ലക്ഷ്യ സെന്നിന് തിരിച്ചുവരാനുള്ള അവസരം നല്‍കിയില്ല.

തോമസ് കപ്പ്; ചരിത്രനേട്ടത്തില്‍ അഭിമാനമെന്ന് മലയാളി താരങ്ങള്‍

ആദ്യ ദിനം ഇന്ത്യന്‍ പ്രതീക്ഷകളായിരുന്നു പി വി സിന്ധുവും സായ് പ്രണീതും ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു. പുരുഷ ഡബിള്‍സില്‍ എം ആര്‍ അര്‍ജ്ജുന്‍-ധ്രുവ് കപില സഖ്യം ആദ്യ റൗണ്ട് പോരാട്ടം ജയിച്ച് രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. ജപ്പാനീസ് സഖ്യത്തിനെതിരെ കടുത്ത പോരാട്ടത്തിലായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്‍റെ ജയം. സ്കോര്‍ 27-25, 18-25, 21-19.

അതേസമയം, വനിതാ ഡബിള്‍സില്‍ അശ്വിനി ഭട്ട്-ശിഖ ഗൗതം സഖ്യം ചൈനീസ് സഖ്യത്തോട് ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. സ്കോര്‍ 9-21, 10-2. മറ്റൊരു ഇന്ത്യന്‍ സഖ്യമായ ഹരിത എം ഹരിനാരായണന്‍-ആശാ നോയ് സഖ്യവും ആദ്യ റൗണ്ടില്‍ തോറ്റു. ദക്ഷിണ കൊറിയന്‍ സഖ്യത്തോടായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്‍റെ തോല്‍വി.