ലോകപ്രശസ്ത കിക്ക്ബോക്‌സിംഗ് പ്രൊമോഷനായ കെ-1 വേള്‍ഡ് ജിപി, ഡ്രാക്കോ ഫൈറ്റ് സീരീസുമായി സഹകരിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഈ സംരംഭത്തിന്റെ ഭാഗമായി പ്രതിവര്‍ഷം 10 അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ രാജ്യത്തെ വിവിധ നഗരങ്ങളിലായി സംഘടിപ്പിക്കും.

മുംബൈ: ഇന്ത്യന്‍ കോംബാറ്റ് സ്‌പോര്‍ട്‌സിന് പുതിയ അധ്യായം കുറിച്ചുകൊണ്ട് ലോകപ്രശസ്ത കിക്ക്ബോക്‌സിംഗ് പ്രൊമോഷന്‍ ടീമായ കെ-1 വേള്‍ഡ് ജിപി. ഇന്ത്യയില്‍ പൂര്‍ണതോതിലുള്ള ഇവന്റ് പരമ്പര ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതിപ്രകാരം പ്രതിവര്‍ഷം രാജ്യത്തെ വിവിധ നഗരങ്ങളിലായി 10 അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രഖ്യാപനം യാഥാര്‍ഥ്യമായാല്‍, ഇന്ത്യയിലെ കോംബാറ്റ് സ്‌പോര്‍ട്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിപുലീകരണങ്ങളിലൊന്നായിരിക്കും ഇത്. ഡ്രാക്കോ ഫൈറ്റ് സീരീസ് ആയി ചേര്‍ന്നാണ് കെ-1 വേള്‍ഡ് ജിപി ഇന്ത്യയില്‍ ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്. 'Unleash the Dragon' എന്ന ടാഗ് ലൈനോടെയാണ് ഡ്രാക്കോ ഫൈറ്റ് സീരീസ് അരങ്ങേറുന്നത്.

ഇന്ത്യയെ ആഗോള കോംബാറ്റ് സ്‌പോര്‍ട്‌സ് കലണ്ടറിലെ പ്രധാന വേദികളിലൊന്നാക്കി മാറ്റുകയാണ് കെ-1 വേള്‍ഡ് ജിപിയുടെ ലക്ഷ്യം. ഔദ്യോഗിക കെ-1 നിയമങ്ങള്‍ അനുസരിച്ച് ലോകോത്തര താരങ്ങളും ഇന്ത്യയിലെ മികച്ച പോരാളികളും ഒരേ വേദിയില്‍ ഏറ്റുമുട്ടുന്ന മത്സരങ്ങളായിരിക്കും ഇവ. കിക്ക്ബോക്‌സിംഗ്, കരാട്ടെ, തായ്‌ക്വോണ്ടോ, മുയ് തായ്, ബോക്‌സിംഗ്, മിക്‌സ്ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് തുടങ്ങി നിരവധി പോരാട്ടകായിക ഇനങ്ങളില്‍ ഇന്ത്യ മികച്ച പ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, സ്വന്തം നാട്ടില്‍ ലോകോത്തര എതിരാളികള്‍ക്കെതിരെ സ്ഥിരമായി മത്സരിക്കാനുള്ള അവസരങ്ങള്‍ ഇതുവരെ വളരെ കുറവായിരുന്നു. ആ കുറവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ-1 വേള്‍ഡ് ജിപി ഇന്ത്യ സീരീസ് അവതരിപ്പിക്കുന്നത്.

സംഘാടകരുടെ വിശദീകരണപ്രകാരം, രാജ്യത്തെ പ്രധാന നഗരങ്ങളിലായി വര്‍ഷം മുഴുവന്‍ 10 പ്രൊഫഷണല്‍ നിലവാരത്തിലുള്ള ഇവന്റുകളാണ് സംഘടിപ്പിക്കുക. ഓരോ മത്സരത്തിലും അന്താരാഷ്ട്ര കിരീടപ്പോരാളികള്‍, ഉയര്‍ന്നുവരുന്ന യുവതാരങ്ങള്‍, ഇന്ത്യയിലെ മികച്ച പോരാളികള്‍ എന്നിവര്‍ പങ്കെടുക്കും. ഇതിലൂടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശത്തേക്ക് പോകാതെ തന്നെ ആഗോള വേദിയില്‍ കഴിവ് തെളിയിക്കാനുള്ള അവസരം ലഭിക്കും. പോരാട്ടരാത്രികളില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ പദ്ധതിയെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു. താരവികസന പരിപാടികള്‍, പുതിയ പ്രതിഭകളെ കണ്ടെത്തല്‍, അന്താരാഷ്ട്ര പരിശീലന അവസരങ്ങള്‍, പ്രചാരണ പ്രവര്‍ത്തനങ്ങള്‍, മാധ്യമ പങ്കാളിത്തങ്ങള്‍, രാജ്യത്തെ ജിമ്മുകളുമായും മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമികളുമായും സഹകരണം എന്നിവയും പദ്ധതിയുടെ ഭാഗമാകും.

കെ-1 വേള്‍ഡ് ജിപിയുടെ ആഗോള ശൃംഖലയെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പോരാളികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട കെ-1 റൂള്‍സിന് കീഴില്‍ നടക്കുന്ന മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാര്‍, മുന്‍നിര റാങ്കുകാര്‍, ഉയര്‍ന്നുവരുന്ന താരങ്ങള്‍ എന്നിവരെ ആരാധകര്‍ക്ക് ഒരേ വേദിയില്‍ കാണാനാകും. കായികരംഗത്തിനപ്പുറം, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഇവന്റ് പ്രൊഡക്ഷന്‍, ബ്രോഡ്കാസ്റ്റിംഗ്, സ്‌പോണ്‍സര്‍ഷിപ്പ്, പ്രാദേശിക ബിസിനസ് പങ്കാളിത്തങ്ങള്‍ എന്നിവയിലൂടെ സാമ്പത്തിക നേട്ടങ്ങളും ഈ സംരംഭം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. വലിയ അന്താരാഷ്ട്ര കായികമത്സരങ്ങള്‍, ആതിഥേയ നഗരങ്ങളുടെ സമ്പദ്വ്യവസ്ഥയ്ക്കും പ്രാദേശിക കായിക വിപണിക്ക് ആഗോള തലത്തില്‍ ശ്രദ്ധ നേടുന്നതിനും ഗുണകരമാകാറുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ പോരാളികള്‍ക്ക് അന്താരാഷ്ട്ര പ്രേക്ഷകരുടെയും ടാലന്റ് സ്‌കൗട്ടുകളുടെയും സ്‌പോണ്‍സര്‍മാരുടെയും പ്രൊഫഷണല്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെയും ശ്രദ്ധ നേടാന്‍ ഈ സീരീസ് സഹായിക്കുമെന്നും സംഘാടകര്‍ പ്രതീക്ഷിക്കുന്നു. രാജ്യത്ത് സ്ഥിരമായി ലോകോത്തര മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് ഇന്ത്യയിലെ അടുത്ത തലമുറ എലൈറ്റ് കിക്ക്ബോക്‌സര്‍മാരുടെ വളര്‍ച്ചയ്ക്ക് വേഗം പകരുമെന്നാണ് അവരുടെ വിലയിരുത്തല്‍. ഓരോ ഇവന്റും ലോകോത്തര നിലവാരത്തിലുള്ള നിര്‍മ്മാണശൈലിയോടെയായിരിക്കും ഒരുക്കുക. ഉദ്ഘാടനച്ചടങ്ങുകള്‍, ലൈവ് വിനോദപരിപാടികള്‍, ഡിജിറ്റല്‍ കണ്ടന്റ്, അന്താരാഷ്ട്ര സംപ്രേഷണം, ആരാധകര്‍ക്കായി പ്രത്യേക അനുഭവങ്ങള്‍ എന്നിവയും പരിപാടികളുടെ ഭാഗമാകും.

ലോകത്തിലെ പ്രധാന പ്രൊഫഷണല്‍ കോംബാറ്റ് സ്‌പോര്‍ട്‌സ് കേന്ദ്രങ്ങളിലൊന്നായി ഇന്ത്യയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭമെന്ന് കെ-1 വേള്‍ഡ് ജിപി അധികൃതര്‍ വ്യക്തമാക്കുന്നു. സ്ഥിരമായ വാര്‍ഷിക കലണ്ടറിലൂടെ താരങ്ങള്‍ക്ക് ദീര്‍ഘകാല പിന്തുണ ഉറപ്പാക്കുകയും രാജ്യത്ത് ഈ കായിക ഇനത്തിന്റെ ആരാധകവൃന്ദം വിപുലീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ആതിഥേയ നഗരങ്ങള്‍, മത്സര തീയതികള്‍, പങ്കെടുക്കുന്ന താരങ്ങള്‍, ടിക്കറ്റ് വില്‍പ്പന, ബ്രോഡ്കാസ്റ്റ് പങ്കാളികള്‍, വാണിജ്യ പങ്കാളിത്തങ്ങള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പദ്ധതി പ്രഖ്യാപിച്ചതുപോലെ നടപ്പായാല്‍, കെ-1 വേള്‍ഡ് ജിപിയുടെ ഇന്ത്യ പ്രവേശനം ഇന്ത്യന്‍ കോംബാറ്റ് സ്‌പോര്‍ട്‌സിന്റെ വളര്‍ച്ചയില്‍ ചരിത്രപരമായ നാഴികക്കല്ലായി മാറും. ലോകോത്തര കിക്ക്ബോക്‌സിംഗ് മത്സരങ്ങളുടെ പുതിയ യുഗത്തിന് തുടക്കമിടുന്നതിനൊപ്പം, ആഗോള കെ-1 വേദിയില്‍ ഇന്ത്യയ്ക്ക് ശക്തമായ സ്ഥാനം ഉറപ്പിക്കാനും ഇത് വഴിയൊരുക്കും.

YouTube video player