actress athira madhav trolls akhil marar on his controversial statement about pregnancy. പ്രസവം സംബന്ധിച്ച് അഖിൽ മാരാർ നടത്തിയ വിവാദ പരാമർശം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഒരു കാലത്ത് സ്ത്രീകൾ പ്രസവം ആസ്വദിച്ചിരുന്നുവെന്നും ആശുപത്രികൾ അതിനെ സങ്കീർണ്ണമാക്കിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.
പ്രസവവുമായി ബന്ധപ്പെട്ട് അഖിൽ മാരാർ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. സെലിബ്രിറ്റികളും കണ്ടന്റ് ക്രിയേറ്റർമാരും സാധാരണക്കാരുമടക്കം നിരവധിയാളുകളാണ് അഖിൽ മാരാരുടെ പരാമർശത്തെ പിന്തുണച്ച് രംഗത്തെത്തുന്നത്. പ്രസവം എന്നത് ഒരു കാലത്ത് സ്ത്രീകള്‍ വളരെ ആസ്വദിച്ച് ചെയ്തിരുന്ന കാര്യമാണെന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്.
ആശുപത്രികള്‍ അതിനെ സങ്കീര്‍ണ്ണമാക്കിയെന്നും അഖിൽ പറഞ്ഞിരുന്നു. ഒരു മാസം മുന്‍പ് നല്കിയ ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശം ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് വൈറല്‍ ആയത്. പരാമർശം വലിയ കോളിളക്കം സൃഷ്ടിച്ചെങ്കിലും ഇതിൽ ഉറച്ചുനിൽക്കുകയാണ് അഖിൽ മാരാർ. ഇക്കാര്യത്തിൽ ദിവസേന പോസ്റ്റുകളിട്ട് തന്റെ വാദം കൂടുതൽ വിശദീകരിക്കുന്നുമുണ്ട്.
ഇതിനിടെ, ഈ വിഷയത്തിൽ അഖിൽ മാരാരെ വിമർശിച്ച് രംഗത്തു വന്നിരിക്കുകയാണ് നടിയും അവതാരകയുമായ ആതിര മാധവ്. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. സ്വന്തം അമ്മയോടു ചോദിച്ചാൽ പോലും ഇതൊക്കെ പറഞ്ഞുതരുമല്ലോ എന്ന് ആതിര ചോദിക്കുന്നു. ''ഇത്രമാത്രം മണ്ടത്തരം സംസാരിക്കുന്ന ഒരു മനുഷ്യനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ബിഗ്ബോസിൽ ഇയാൾ ഉണ്ടായിരുന്ന സമയത്ത് ഒരു ശതമാനമെങ്കിലും നമ്മൾ ഇഷ്ടപ്പെട്ടുപോയല്ലോ എന്ന് ആലോചിക്കുമ്പോഴാണ് എനിക്ക് സങ്കടം തോന്നുന്നത്. ഇമ്മാതിരി ഒരു പ്രസ്താവന അയാൾക്ക് എങ്ങനെ പറയാൻ സാധിച്ചു എന്നെനിക്ക് അറിയില്ല. അയാളുടെ അമ്മയോട് ചോദിച്ചാൽ പോലും പറഞ്ഞു തരുമായിരിക്കും. അയാൾക്ക് രണ്ട് പെൺകുട്ടികൾ കൂടിയാണ്. കുഞ്ഞുങ്ങളുടെ മരണനിരക്കിനെക്കുറിച്ചുള്ള വിവരങ്ങളൊക്കെ അയാൾ പഠിച്ച് അറിയേണ്ട കുറച്ച് കാര്യങ്ങളാണ്. ഇതൊന്നുമറിയാതെ ചുമ്മാ വന്ന് ഇതുപോലുള്ള പ്രസ്താവനകൾ പറയുന്നത് വളരെ സങ്കടകരമായ കാര്യമാണ്. കൂടുതലൊന്നും എനിക്ക് അതേക്കുറിച്ച് പറയാനില്ല '', ആതിര പറഞ്ഞു.


