Asianet News MalayalamAsianet News Malayalam

'ഞാന്‍ നിങ്ങള്‍ കരുതുന്നയാളല്ല, പേര് മറ്റൊന്ന്, ഇംഗ്ലണ്ടിലെത്തിയത് മനുഷ്യക്കടത്തില്‍'; വെളിപ്പെടുത്തി മോ ഫറ

കായികലോകത്തെ മുടിചൂടാമന്നന്മാരായ ബ്രിട്ടന് വേണ്ടി ആദ്യമായി നാല് ഒളിംപിക് സ്വർണമെഡൽ
നേടിയ താരമാണ് മോ ഫറ

Mo Farah reveals he was trafficked to UK as a child at the age of nine
Author
London, First Published Jul 13, 2022, 10:54 AM IST

ലണ്ടന്‍: യഥാർത്ഥ പേര് വെളിപ്പെടുത്തി ബ്രിട്ടന്‍റെ ഇതിഹാസ അത്‍ലറ്റ് മോ ഫറ(Mo Farah). ആഭ്യന്തരയുദ്ധത്തിൽ
മാതാപിതാക്കളെ നഷ്ടമായ ശേഷം സൊമാലിയയിൽ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്രയും കായികജീവിതത്തിൽ ഇതിഹാസമായി വളർന്ന നേട്ടവുമടക്കം സംഭവബഹുലമായ ജീവിതമാണ് ബിബിസിയുടെ 'ദ റിയൽ മോ ഫറ' എന്ന ഡോക്യുമെന്‍ററിയിൽ പ്രതിപാദിക്കുന്നത്.

കായികലോകത്തെ മുടിചൂടാമന്നന്മാരായ ബ്രിട്ടന് വേണ്ടി ആദ്യമായി നാല് ഒളിംപിക് സ്വർണമെഡൽ നേടിയ താരമാണ് മോ ഫറ. ദീർഘദൂര ഓട്ടമത്സരത്തിൽ ബ്രിട്ടന്‍റെ തുറുപ്പുചീട്ട്. സൊമാലിയയിൽ ജനിച്ച് ബ്രിട്ടനിലേക്ക് കുടിയേറിയ മോ ഫറയുടെ ജീവിതത്തിലെ മറക്കാനാഗ്രഹിക്കുന്ന വേദനകളും ഇതിഹാസത്തിലെത്തിയ ചവിട്ടുപടികളുമാണ് ദ റിയൽ മോ ഫറ എന്ന ബിബിസി ഡോക്യുമെന്‍ററിയിൽ.

രക്ഷിതാക്കൾക്കൊപ്പം അഭയാർത്ഥിയായി ബ്രിട്ടനിലെത്തിയെന്നായിരുന്നു ഇത്രയും കാലം ഫറ ലോകത്തോട് പറഞ്ഞത്. എന്നാൽ സത്യം അതിലേറെ കഠിനമായിരുന്നെന്ന് ഫറ തിരുത്തുന്നു. നാലാം വയസ്സിൽ സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തിൽ അച്ഛൻ കൊല്ലപ്പെട്ടു. അമ്മയുമായി പിരിഞ്ഞു. ഒൻപതാം വയസ്സിൽ ബ്രിട്ടനിലെത്തുന്നതിന് മുൻപ് ഹുസൈൻ അബ്ദി കാഹിൻ എന്നായിരുന്നു മോ ഫറയുടെ പേര്. ആരെന്നറിയാത്ത ഒരു സ്ത്രീ ബ്രിട്ടനിലേക്ക് കൊണ്ടുവന്നപ്പോൾ സ്വന്തം പേരും മനസിൽ നിന്ന് മായ്ക്കേണ്ടിവന്നു ഹുസൈൻ അബ്ദി കാഹിന്.

കടത്തുസംഘം കള്ളപാസ്പോർട്ട് ലഭിക്കാൻ നൽകിയ പേരാണ് മോ ഫറ എന്ന് പിന്നീട് തിരിച്ചറിഞ്ഞു. ബ്രിട്ടനിൽ വീട്ടുജോലി ചെയ്ത് ജീവിതം തുടങ്ങിയ മോ ഫറ പതിമൂന്നാം വയസ്സിൽ സ്കൂളിലെത്തിയതോടെ കായിക അധ്യാപകരുടെ കണ്ണിലുണ്ണിയായി. പുതിയ പേരിൽ ജീവിതം തന്ന നാടിന് വേണ്ടി മോ ഫറ ഓടി. പിന്നെയെല്ലാം ചരിത്രം. ദീർഘദൂര ഓട്ടമത്സരങ്ങളിൽ പകരംവയ്ക്കാനില്ലാത്ത താരമായി മോ ഫറ. 5000,10000 മീറ്റർ മത്സരങ്ങളിൽ ലോക വേദികളിൽ മെഡലുകൾ വാരിക്കൂട്ടിയ മോ ഫറ ഒളിംപിക്സിൽ നാലും ലോക ചാമ്പ്യൻഷിപ്പിൽ ആറും തവണ ചാമ്പ്യനായി.

യഥാർത്ഥ മോ ഫറയെയും ഡോക്യുമെന്ററിയിൽ കാണാം. ജീവിതവിജയത്തിന് കാരണമായ പേര് സമ്മാനിച്ചതിന് ഇതിഹാസതാരം യഥാർത്ഥ മോ ഫറായ്ക്ക് നന്ദി പറഞ്ഞു. ഭാര്യ താനിയയാണ് 39-ാം വയസ്സിൽ ഈ തുറന്നുപറച്ചിലിന് മോ ഫറായ്ക്ക് പിന്തുണ നൽകിയത്.

മോ ഫറ ട്രാക്കിനോട് വിട പറയുന്നു

Follow Us:
Download App:
  • android
  • ios