കടുത്ത പോരാട്ടം കണ്ട ഫൈനലിൽ ഇരുടീമുകളും നിശ്ചിത പോയിന്‍റുകളിൽ സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ട് ഓഫ് വേണ്ടിവന്നത്.
നഗോയ: ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്ത് ഇന്ത്യയുടെ സ്വർണ്ണവേട്ട തുടരുന്നു.മിക്സ്ഡ് ടീം കോമ്പൗണ്ട് ഫൈനലിൽ ശക്തരായ ദക്ഷിണ കൊറിയയെ നാടകീയമായ ഷൂട്ട് ഓഫിൽ കീഴടക്കി ഇന്ത്യയുടെ തനിപർത്തി ചികിത - സാഹിൽ രാജേഷ് യാദവ് സഖ്യം സ്വർണം നേടി. ഇന്ന് അമ്പെയ്ത്തിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്.
കടുത്ത പോരാട്ടം കണ്ട ഫൈനലിൽ ഇരുടീമുകളും നിശ്ചിത പോയിന്‍റുകളിൽ സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ട് ഓഫ് വേണ്ടിവന്നത്. സമ്മർദ്ദ നിമിഷങ്ങളിൽ പതറാതെ കൃത്യതയോടെ അമ്പെയ്യ്ത ചികിതയും സാഹിലും കൊറിയൻ എതിരാളികളെ മറികടന്ന് ഇന്ത്യയെ പോഡിയത്തിന്‍റെ മുകളിലെത്തിക്കുകയായിരുന്നു.
അതേസമയം, ഏഷ്യൻ ഗെയിംസ് സ്ക്വാഷിലും ഇന്ത്യ മെഡൽ ഉറപ്പിച്ചിട്ടുണ്ട്. വനിതകളുടെ ടീം ഇനത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ സംഘം സെമിഫൈനലിലേക്ക് മുന്നേറിയാണ് മെഡൽ ഉറപ്പിച്ചത്. അമ്പെയ്ത്തിലെ സ്വർണ്ണനേട്ടവും സ്ക്വാഷിലെ മെഡൽ ഉറപ്പും ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് കൂടുതൽ കരുത്ത് പകർന്നിരിക്കുകയാണ്. 8 സ്വര്‍ണവും 21 വെള്ളിയും 26 വെങ്കലവും അടക്കം 55 മെഡലുകളുമായി മെഡല്‍ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍.
143 സ്വര്‍ണവും 62 വെള്ളിയും 51 വെങ്കലവുമടക്കം 256 മെഡലുകളുമായി ചൈന തന്നെയാണ് ഒന്നാമത്. 45 സ്വര്‍ണമടക്കം 185 മെഡലുകളുമായി ആതിഥേയരായ ജപ്പാന്‍ രണ്ടാമതും 24 സ്വര്‍ണമടക്കം 95 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാം സ്ഥനത്തുമാണ്.
