തന്‍റെ മൂന്നാം ശ്രമത്തില്‍ 86.77 ദൂരമെറിഞ്ഞ് കിഷോര്‍ കുമാര്‍ നീരജിന് മേല്‍ ലീഡെടുത്തു. നാലാം ശ്രമത്തില്‍ 88.88 മീറ്റര്‍ ദൂരം പിന്നിട്ട് നീരജ് വീണ്ടും കിഷോറിന് മേല്‍ ലീഡെടുത്തു.

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം. ജാവലിന്‍ ഫൈനില്‍ മറ്റൊരു ഇന്ത്യന്‍ താരമായ കിഷോര്‍ കുമാര്‍ ജെനയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് തന്‍റെ നാലാം ശ്രമത്തില്‍ 88.88 മീറ്റര്‍ ദൂരം താണ്ടി നീരജ് സ്വര്‍ണമണിഞ്ഞത്. തന്‍റെ നാലാം ത്രോയില്‍ 87.54 മീറ്റര്‍ ദൂരം താണ്ടിയ കിഷോര്‍ കുമാറിനാണ് വെള്ളി. 82.68 മീറ്റര്‍ ദൂരം താണ്ടിയ ജപ്പാന്‍റെ ജെന്‍കി ഡീനിനാണ് വെങ്കലം.

2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും നീരജ് സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ നീരജിന്‍റെ ആദ്യ ത്രോ മികച്ചതായിരുന്നെങ്കിലും സാങ്കേതിക തകരാറിനെത്തുടര്‍ന്ന് റി ത്രോ എറിയേണ്ടിവന്നു. രണ്ടാം വട്ടവും എറിഞ്ഞ ആദ്യ ത്രോയില്‍ നീരജ് 82.38 മീറ്റര്‍ ദൂരം താണ്ടി മികച്ച തുടക്കമിട്ടു. തന്‍റെ ആദ്യ ത്രോയില്‍ 81.26 മീറ്റര്‍ ദൂരവുമായി കിഷോര്‍ കുമാര്‍ ജെന ആദ്യ റൗണ്ടില്‍ തന്നെ നീരജിന് വെല്ലുവിളി ഉയര്‍ത്തി.

Scroll to load tweet…

തന്‍റെ രണ്ടാം ശ്രമത്തില്‍ നീരജ് 84.49 മീറ്റര്‍ പിന്നിട്ട് കിഷോര്‍ കുമാറിന് മേല്‍ ലീഡുയര്‍ത്തി. കിഷോര്‍ കുമാര്‍ രണ്ടാം ശ്രമത്തില്‍ 79.76 ദൂരം പിന്നിട്ടെങ്കിലും ഒഫീഷ്യല്‍സ് ഫൗള്‍ വിളിച്ചു. എന്നാല്‍ ഇന്ത്യയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ത്രോ അനുവദിച്ചു. മൂന്നാം ശ്രമത്തില്‍ മികച്ച ദൂരം താണ്ടാനാവില്ലെന്ന് ഉറപ്പായപ്പോള്‍ നീരജ് ത്രോ ബോധപൂര്‍വം ഫൗളാക്കി. എന്നാല്‍ തന്‍റെ മൂന്നാം ശ്രമത്തില്‍ 86.77 ദൂരമെറിഞ്ഞ് കിഷോര്‍ കുമാര്‍ നീരജിന് മേല്‍ ലീഡെടുത്ത് അമ്പരപ്പിച്ചു.

കൊറിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍

Scroll to load tweet…

എന്നാല്‍ നാലാം ശ്രമത്തില്‍ തന്‍റെ ഏറ്റവും മികച്ച ത്രോയിലൂടെ 88.88 മീറ്റര്‍ ദൂരം പിന്നിട്ട് നീരജ് വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. തന്‍റെ നാലാം ശ്രമത്തില്‍ 87.54 മീറ്റര്‍ ദൂരം താണ്ടിയ കിഷോര്‍ കുമാര്‍ നീരജിന് തൊട്ടടുത്തെത്തി ഇഞ്ചോടിഞ്ച് പോരാട്ടം സമ്മാനിച്ചു. തന്‍റെ അഞ്ചാം ശ്രമത്തില്‍ നീരജിന് 80.80 മീറ്ററെ പിന്നിടാനായുള്ളു. കിഷോര്‍ കുമാറിന്‍റെ അഞ്ചും ആറും ത്രോകളും നീരജിന്‍റെ അവസാന ത്രോയും ഫൗളായതോടെ ജാവലിന്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയുടെ പേരിലായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക