ആദ്യ ശ്രമത്തിൽ 84.85 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര ഫൈനൽ ഉറപ്പിച്ചത്. പാക് താരം അർഷാദ് നദീം, ജർമ്മനിയുടെ ജൂലിയൻ വെബർ എന്നിവർ ഫൈനലിൽ നീരജിന് വെല്ലുവിളിയാകും

ഇന്ത്യയുടെ സുവർണതാരം നീരജ് ചോപ്ര ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ജാവലിൻ ത്രോയിൽ ഫൈനലിന് യോഗ്യത നേടി. ആദ്യ ശ്രമത്തിൽ തന്നെ 84.85 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ഫൈനൽ ഉറപ്പിച്ചത്. 84.50 മീറ്ററായിരുന്നു യോഗ്യതാ ദൂരം. ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവായ നീരജിന്റെ ഈ മികവ്, ഫൈനലിൽ മറ്റൊരു സുവർണ പ്രകടനത്തിനുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നു. എന്നാൽ, മറ്റൊരു ഇന്ത്യൻ താരമായ സച്ചിൻ യാദവിന് യോഗ്യതാ റൗണ്ട് മറികടക്കാനായില്ല. പാകിസ്ഥാന്റെ അർഷാദ് നദീം, ജർമ്മനിയുടെ ജൂലിയൻ വെബർ എന്നിവരും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. വ്യാഴാഴ്ച നടക്കുന്ന ജാവലിൻ ത്രോ ഫൈനലിൽ 12 താരങ്ങൾ മാറ്റുരയ്ക്കും. ഒളിമ്പിക്സിൽ നീരജിനെതിരെ കനത്ത മത്സരം കാഴ്ചവെച്ച അർഷാദ് നദീമുമായുള്ള പോരാട്ടം ഫൈനലിന്റെ ആവേശം വർധിപ്പിക്കും. ലോക ചാമ്പ്യൻഷിപ്പിൽ മറ്റൊരു മെഡൽ കൂടി നേടി നീരജ് ചോപ്ര ഇന്ത്യയുടെ അഭിമാനം ഉയർത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.