Asianet News MalayalamAsianet News Malayalam

വിംബിള്‍ഡണില്‍ റോജര്‍ ഫെഡറര്‍ തന്നെ രാജാവ്! ഒപ്പമെത്താന്‍ നൊവാക് ജോക്കോവിച്ച് ഇനിയും കാത്തിരിക്കണം

സെന്റര്‍ കോര്‍ട്ടില്‍ എതിരാളികളെ തച്ചുടയ്ക്കുന്നതാണ് നൊവാക് ജോകോവിച്ചിന്റെ ശീലം. 2013ല്‍ ആന്‍ഡി മറേയോടായിരുന്നു അവസാന തോല്‍വി. പിന്നീട് മുന്നില്‍ വന്നവരെയെല്ലാം മുട്ടുകുത്തിച്ചു.

novak djokovic still behind roger federer in total titles in wimbledon saa
Author
First Published Jul 17, 2023, 11:27 AM IST

ലണ്ടന്‍: വിംബിള്‍ഡണ്‍ ഫൈനലില്‍ നൊവാക് ജോക്കോവിച്ച് പരാജയപ്പെട്ടതിന് പിന്നാലെ റോജര്‍ ഫെഡററുടെ റെക്കോര്‍ഡ് നിലനില്‍ക്കും. ഫെഡററുടെ എട്ട് വിംബിള്‍ഡണ്‍ കിരീടമെന്ന നേട്ടത്തിനൊപ്പമെത്താന്‍ ജോകോവിച്ച് ഇനിയും കാത്തിരിക്കണം. ഇപ്പോള്‍ ഏഴ് കിരീടങ്ങളാണ് ജോക്കോവിച്ചിനുള്ളത്.

സെന്റര്‍ കോര്‍ട്ടില്‍ എതിരാളികളെ തച്ചുടയ്ക്കുന്നതാണ് നൊവാക് ജോകോവിച്ചിന്റെ ശീലം. 2013ല്‍ ആന്‍ഡി മറേയോടായിരുന്നു അവസാന തോല്‍വി. പിന്നീട് മുന്നില്‍ വന്നവരെയെല്ലാം മുട്ടുകുത്തിച്ചു. പുതുതലമുറയുടെ വഴിയടച്ചു. റാഫേല്‍ നദാലിന്റെ പിന്‍ഗാമിയായ കാര്‍ലോസ് അല്‍കാരസ് മുന്നിലെത്തും വരെ. ടെന്നിസില്‍ തലമുറമാറ്റത്തിന്റെ അടയാളപ്പെടുത്തലാണ് സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കറാസിന്റെ വിജയം. 1985ല്‍ ബോറിസ് ബെക്കര്‍ പതിനേഴാം വയസില്‍ ചാംപ്യനായതിന് ശേഷം വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണ് ഇരുപതുകാരനായ അല്‍ക്കറാസ്.

പുതിയ കാലത്തിന്റെ താരം താന്‍ തന്നെയെന്ന് ഉറപ്പിച്ചാണ് കാര്‍ലോസ് അല്‍ക്കറാസ് വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്. നാല് മണിക്കൂറും 42 മിനിറ്റും നീണ്ട ക്ലാസിക് ഫൈനലിനൊടുവിലാണ് ലോക ഒന്നാം നമ്പര്‍ ജയിച്ചുകയറിയത്. സ്‌കോര്‍ 6-1, 7-6, 6-1, 4-6, 6-4. കളിമികവിനൊപ്പം ശാരീരികക്ഷമതയിലും മാനസിക കരുത്തിലും ജോകോവിച്ചിനെ അതിജയിച്ചും സമ്മര്‍ദത്തെ അതിജീവിച്ചുമാണ് 20കാരന്റെ നേട്ടം. അല്‍ക്കറാസിന്റെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷം യു എസ് ഓപ്പണിലും ചാംപ്യനായിരുന്നു. 

ഇരുപതിന്റെ ചോരത്തിളപ്പുമായി അല്‍കാരസ് പുല്‍ക്കോട്ടില്‍ നിറഞ്ഞുകളിച്ചപ്പോള്‍ ജോകോവിച്ചിന്റെ എട്ടാം വിംബിള്‍ഡണ്‍ കിടീരമെന്ന സ്വപ്നവും ഇരുപത്തിനാലാം ഗ്രാന്‍സ്ലാം കിരീടമെന്ന റെക്കോര്‍ഡും സെന്റര്‍ കോര്‍ട്ടില്‍ വീണുടഞ്ഞു. 2013ന് ശേഷം സെന്റര്‍ കോര്‍ട്ടില്‍ ജോകോവിച്ചിന്റെ ആദ്യ തോല്‍വി. 2002ല്‍ ലെയ്റ്റന്‍ ഹെവിറ്റ് ചാംപ്യനായ ശേഷം ജോകോവിച്ചും ഫെഡററും നദാലും മറേയുമല്ലാതെ വിംബിള്‍ഡണ്‍ കിരീടം നേടുന്ന ആദ്യ താരവുമായി അല്‍ക്കറാസ്.

പാകിസ്ഥാന്‍ ഏഷ്യാകപ്പില്‍ നിന്ന് പിന്മാറിയേക്കും! നിലപാട് കടുപ്പിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

Follow Us:
Download App:
  • android
  • ios