ടോക്കിയോ: കൊവിഡ് 19 വൈറസ് രോഗ ബാധയെത്തുടര്‍ന്ന് അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ച ടോക്കിയോ ഒളിംപിക്സ് 2021ലും നടത്താനായില്ലെങ്കില്‍ പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് ടോക്കിയോ ഒളിംപിക്സ് 2020 പ്രസിഡന്റായ യോഷിരോ മോറി.കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒളിംപിക്സ് 2022ലേക്ക് മറ്റുമോ എന്ന ചോദ്യത്തിനാണ് അങ്ങനെവന്നാല്‍ ഒളിംപിക്സ് പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് യോഷിരോ മോറി വ്യക്തമാക്കിയത്. 

എന്നാല്‍ 2021ല്‍ തന്നെ ഒളിംപിക്സ് നടത്താനാവുമെന്ന് തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും മുന്‍ പ്രധാനമന്ത്രി കൂടിയായ യോഷിരോ മോറി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിനായി ഒളിംപിക്സ് നമ്മള്‍ അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. കൊവിഡിനെതിരായ പോരാട്ടം ജയിച്ചശേഷം നടക്കാന്‍ പോകുന്ന ഒളിംപിക്സിന് മുന്‍ ഒളിംപിക്സുകളെക്കാള്‍ ഏറെ പ്രാധാന്യം കൈവരുന്നുവെന്നും യോഷിരോ മോറി പറഞ്ഞു. ഒളിംപിക്സിന്റെയും അതിന് ശേഷം നടക്കാനിരിക്കുന്ന പാരാലിംപിക്സിന്റെയും ഉദ്ഘാടന, സമാപന ചടങ്ങുകള്‍ വെവ്വേറെ നടത്താതെ പരസ്പരം പങ്കുവെക്കണമെന്നും യോഷിരോ മോറി പറഞ്ഞു.

Also Read: ഒളിംപിക്സ് മാറ്റിവെച്ചതിന് പിന്നാലെ ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ് 2022ലേക്ക് മാറ്റി

ഏന്നാല്‍ അടുത്തവര്‍ഷം ഒളിംപിക്സ് നടക്കുമെന്ന പ്രതീക്ഷയിലാണ് തയാറെടുപ്പുകള്‍ നടത്തുന്നതെന്ന് ടോക്കിയോ 2020 വക്താവ് മാസാ ടക്കായ പറഞ്ഞു. യോഷിരോ മോറി പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം ചിന്തയില്‍ നിന്നാണെന്നും ടക്കായ പറഞ്ഞു.ഈ വര്‍ഷം ജൂലെ 24 മുതലായിരുന്നു ടോക്കിയോ ഒളിംപിക്സ് നടക്കേണ്ടിയിരുന്നത്. പുതിയ തീയതികള്‍ അനുസരിച്ച് അടുത്തവര്‍ഷം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെയായിരിക്കും ഒളിംപിക്സ്. പാരാലിംപിക്സ് അടുത്തവര്‍ഷം ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ നടക്കും. 

 Also Read:ഒളിംപിക് ഫുട്ബോള്‍: പ്രായപരിധി ഉയര്‍ത്തി ഫിഫ

കൊവിഡ് വൈറസ് വ്യാപനത്തിന് പിന്നാലെ രാജ്യാന്തര സമ്മര്‍ദ്ദം ശക്തമായതോടെയാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി(ഐഒസി) ചരിത്രത്തിലാദ്യമായി ഒളിംപിക്‌സ് മാറ്റിവെക്കാനുള്ള നിര്‍ണായക തീരുമാനമെടുത്തത്