Asianet News MalayalamAsianet News Malayalam

ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പിന് പൊന്മുടി ഒരുങ്ങി; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 25ന്  ഹോട്ടല്‍ ഹൈസിന്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന 20 രാജ്യങ്ങളുടേയും പ്രതിനിധികള്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.

ponmudi set host asian mountain bike championship on this month saa
Author
First Published Oct 20, 2023, 10:20 AM IST

തിരുവനന്തപുരം: 28 -ാമത് സീനിയര്‍, 14-ാമത് ജൂനിയര്‍ ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പിനുള്ള തയാറെടുപ്പുകള്‍ പൊന്മുടിയില്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 26 മുതല്‍ 29 വരെയാണ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ചാംപ്യന്‍ഷിപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 31 അംഗ ടീമില്‍ 20 പുരുഷ റൈഡര്‍മാരും 11 വനിതാ റൈഡര്‍മാരുമാണുള്ളത്. കര്‍ണാടകയില്‍ നിന്നുള്ള കിരണ്‍കുമാര്‍ രാജുവും പട്യാല നാഷണല്‍ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നിന്നുള്ള പൂനം റാണയുമാണ് ടീമിന്റെ പരിശീലകര്‍. 

ടീമിന്റെ ജഴ്സി പ്രകാശനം തിരുവനന്തപുരത്ത് ഹോട്ടല്‍ ഹയാത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നടന്നു. സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍, ഏഷ്യന്‍ സൈക്ലിങ് കോണ്‍ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഓംകാര്‍ സിങ്, സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ മനിന്ദര്‍പാല്‍ സിങ് സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രഷററും കേരള സൈക്ലിങ് അസോസിയേഷന്‍ പ്രസിഡന്റുമായ എസ് എസ് സുധീഷ്‌കുമാര്‍, നിംസ് മെഡിസിറ്റി ജനറല്‍ മാനേജര്‍ കെ എ സജു തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സിനും അഡ്വഞ്ചര്‍ ടൂറിസത്തിനും കേരളം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തെ ലോക കായിക ഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന ചാംപ്യന്‍ഷിപ് സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 25ന്  ഹോട്ടല്‍ ഹൈസിന്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന 20 രാജ്യങ്ങളുടേയും പ്രതിനിധികള്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. ഒളിംപിക് യോഗ്യതാ മത്സരമായതിനാല്‍ ചാംപ്യന്‍ഷിപ്പിന് വലിയ പ്രാധാന്യമുണ്ടെന്ന് ഏഷ്യന്‍ സൈക്ലിംഗ് കോണ്‍ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഓംകാര്‍ സിംഗ് പറഞ്ഞു. 20 രാജ്യങ്ങളില്‍ നിന്നായി 250ലേറെ റൈഡര്‍മാര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം രാജ്യങ്ങളും കായിക താരങ്ങളും ചാംപ്യന്‍ഷിപ്പിനെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കാന്‍ സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ വിശ്വാസമര്‍പ്പിച്ചതിന് ഏഷ്യന്‍ സൈക്ലിംഗ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എച്ച്.ഇ. ഒസാമ അല്‍ ഷഫാര്‍, സെക്രട്ടറി ജനറല്‍ ഓംകാര്‍ സിംഗ് എന്നിവരോട് നന്ദി അറിയിക്കുന്നതായി സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ മനിന്ദര്‍ പാല്‍ സിംഗ് പറഞ്ഞു. ടൂറിസം, കായിക മേഖലകളില്‍ അതിവേഗം വളരുന്ന സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന്റെ സാധ്യതകള്‍ തെളിയിക്കാനുള്ള അവസരമാണ് ചാംപ്യന്‍ഷിപ്പെന്നും, ഇത് കേരളം പ്രയോജനപ്പെടുത്തുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ആദ്യത്തെ ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ് ഏറ്റവും മികച്ച രീതിയില്‍ സംഘടിപ്പിക്കപ്പെട്ട ചാംപ്യന്‍ഷിപ് എന്ന നിലയില്‍ ഓര്‍മ്മിക്കപ്പെടുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

20 രാജ്യങ്ങളില്‍ നിന്നായി 250 ഓളം സൈക്ലിങ് താരങ്ങള്‍ പങ്കെടുക്കുന്ന ചാംപ്യന്‍ഷിപ്പ് ഏഷ്യയിലെതന്നെ ഏറ്റവും വലിയ ചാംപ്യന്‍ഷിപ്പാണ്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് ആദ്യമായി ഇന്ത്യയില്‍ സംഘടിപ്പിക്കപ്പെടുന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ചാംപ്യന്‍ഷിപ്പിലെ എലൈറ്റ് വിഭാഗത്തില്‍ ജേതാക്കളാകുന്ന റൈഡര്‍മാര്‍ക്ക് 2024ലെ പാരസ് ഒളിംപിക്സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുന്നു എന്നതും ഈ ചാംപ്യന്‍ഷിപ്പിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു. ചാംപ്യന്‍ഷിപ്പിനു ശേഷം ഏഷ്യന്‍ സൈക്ലിങ് കോണ്‍ഫെഡറേഷന്റെ മാനെജ്മെന്റ് കമ്മറ്റി മീറ്റിങ്ങിനും തിരുവനന്തപുരം വേദിയാകും.

തോറ്റാല്‍ പാകിസ്ഥാനും ഓസീസും ബെർമുഡ ട്രയാംഗിളില്‍; ലോകകപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം, റണ്ണൊഴുകും
 

Follow Us:
Download App:
  • android
  • ios