Asianet News MalayalamAsianet News Malayalam

പരിക്ക്; പി വി സിന്ധു ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറി

ലോക ചാമ്പ്യന്‍ഷിപ്പില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് സിന്ധു. 2019ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ സിന്ധു രണ്ട് തവണ വീതം വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്.

PV Sindhu Injured set to Miss Badminton World Championship
Author
Hyderabad, First Published Aug 13, 2022, 8:30 PM IST

ഹൈദരാബാദ്: ഒളിംപിക്സ് മെഡല്‍ ജേതാവ് ഇന്ത്യയുടെ പി. വി. സിന്ധു ഈ വര്‍ഷത്തെ ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറി. പരിക്കാണ് സിന്ധുവിന് തിരിച്ചടി ആയത്. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ സമാപിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സില്‍ സിന്ധു ഇന്ത്യക്കായി സ്വര്‍ണം നേടി മികച്ച ഫോമിലായിരുന്നു.

എന്നാല്‍ പരിക്കോടെയാണ് താന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനല്‍ കളിച്ചതെന്ന് മത്സരശേഷം സിന്ധു വെളിപ്പെടുത്തിയിരുന്നു. പരിക്ക് വഷളാവാതിരിക്കാനാണ് ഈ മാസം 21മുതല്‍ 28 വരെ ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ നടക്കുന്ന ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സിന്ധു പിന്‍മാറിയതെന്ന് ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയുയർന്നു; ഇം​ഗ്ലീഷ് മണ്ണിൽ ത്രിവർണ പതാകയേന്തി സിന്ധുവും മൻപ്രീതും

ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് ഒളിംപിക്സില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍ സമ്മാനിച്ചിട്ടുള്ള പി. വി. സിന്ധു. 2019 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ സിന്ധു രണ്ട് തവണ വീതം വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ സിന്ധു വെള്ളി നേടിയ മിക്സഡ് ടീമിലും അംഗമായിരുന്നു. ഗെയിംസില്‍ വ്യക്തിഗത ഇനത്തില‍ ആദ്യ സ്വര്‍ണവും ആകെ രണ്ടാം സ്വര്‍ണവുമായിരുന്നു ഇത്തവണത്തേത്.

കോമണ്‍വെല്‍ത്തില്‍ സിന്ധുഗാഥ; പി വി സിന്ധുവിന് സ്വര്‍ണം

2018 ലെ ഗോള്‍ഡ് കോസ്റ്റ് ഗെയിംസില്‍ മിക്സഡ് ടീം ഇനത്തില്‍ സ്വര്‍ണം നേടിയ ടീമിലെ അംഗമായിരുന്നു സിന്ധു. ഗെയിംസില്‍ 2018ല്‍ സിംഗിള്‍സില്‍ വെള്ളിയും 2014ല്‍ വെങ്കലവും സിന്ധു നേടിയിട്ടുണ്ട്. രണ്ട് ഒളിംപിക് മെഡലുകളും സിന്ധു ഇന്ത്യക്ക് സമ്മാനിച്ചിട്ടുണ്ട്. 2016ല്‍ വെള്ളിയും കഴിഞ്ഞ വര്‍ഷം ടോക്കിയോയില്‍ നടന്ന ഒളിംപിക്സില്‍ വെങ്കലവും സിന്ധു നേടിയിരുന്നു. 

Follow Us:
Download App:
  • android
  • ios