ദില്ലി: കേന്ദ്ര സ‍ർക്കാർ രൂപീകരിച്ച ദേശീയ സ്‌പോർട്‌സ് കൗൺസിലിൽ നിന്ന് ഇതിഹാസ ക്രിക്കറ്റര്‍ സച്ചിൻ ടെൻഡുൽക്കറേയും ചെസ് വിസ്‌മയം വിശ്വനാഥൻ ആനന്ദിനേയും ഒഴിവാക്കി. കായിക മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ച‍ർച്ച ചെയ്യാൻ 2015ൽ രൂപീകരിച്ച സമിതിയാണ് ദേശീയ സ്‌പോർട്‌സ് കൗൺസിൽ. 

സച്ചിനും ആനന്ദിനും പകരം ഹർഭജൻ സിംഗിനെയും കെ ശ്രീകാന്തിനെയും ഉൾപ്പെടുത്തിയപ്പോള്‍ 27 അംഗ സമിതി പതിനെട്ടായി ചുരുക്കി. ബാഡ്‌മിന്റണ്‍ പരിശീലകന്‍ പുല്ലേല ഗോപീചന്ദ്, ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ബൈച്ചുംഗ് ബൂട്ടിയ എന്നിവരേയും ഒഴിവാക്കിയിട്ടുണ്ട്. അമ്പെയ്‌ത്ത് താരം ലിംബാ റാം, ഒളിംപ്യന്‍ പി ടി ഉഷ, അഞ്ജലി ഭാഗവത്, റെനഡി സിംഗ്, യോഗേശ്വർ ദത്ത്, പാരാളിംപിക് താരം ദീപ മാലിക്ക് എന്നിവരാണ് സമിതിയിലെ പുതിയ അംഗങ്ങൾ.

രാജ്യസഭാ അംഗമെന്ന നിലയിലാണ് സച്ചിനെ ആദ്യ സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ സമിതിയുടെ ചുരുക്കം യോഗങ്ങളില്‍ മാത്രമാണ് സച്ചിനും ആനന്ദും പങ്കെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. ടോക്യോ ഒളിംപിക്‌സിനായുള്ള തയ്യാറെടുപ്പുകള്‍ ഊര്‍ജിതമായതിനാലാണ് ഗോപീചന്ദിനെ ഒഴിവാക്കിയത് എന്നാണ് സൂചന.  

Read more: സച്ചിന്‍ ഇനി പരിശീലകന്റെ വേഷത്തില്‍, കൂടെ സ്റ്റീവോയും