Asianet News Malayalam

'ടോക്യോയില്‍ മിസ് ചെയ്യും, വേഗം തിരിച്ചുവരൂ'; കരോളിന മാരിന് സ്‌നേഹപൂര്‍വം സിന്ധുവിന്‍റെ സന്ദേശം

കരോളിനയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും ഒരുമിച്ചുള്ള പോരാട്ടങ്ങൾ മനോഹരമാണെന്നും സിന്ധു വീഡിയോ സന്ദേശത്തില്‍. 

Tokyo 2020 PV Sindhu wishes speedy recovery to Carolina Marin
Author
tokyo, First Published Jun 3, 2021, 11:06 AM IST
  • Facebook
  • Twitter
  • Whatsapp

ടോക്യോ: പരിക്ക് കാരണം ടോക്യോ ഒളിംപിക്‌സില്‍ നിന്ന് പിന്മാറേണ്ടി വന്ന നിലവിലെ ബാഡ്‌മിന്‍റണ്‍ ജേതാവ് കരോളിന മാരിന് ആശ്വാസവാക്കുകളുമായി ഇന്ത്യയുടെ പി വി സിന്ധു. കരോളിനയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും ഒരുമിച്ചുള്ള പോരാട്ടങ്ങൾ മനോഹരമാണെന്നും സിന്ധു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

റിയോ ഒളിംപിക്‌സ്(2016) വനിതാ ബാഡ്‌മിന്‍റൺ സിംഗിൾസ് ഫൈനൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരുപക്ഷെ കണ്ണീരോർമയാവും. പക്ഷെ ബാഡ്‌മിന്‍റൺ ആരാധകരെ സംബന്ധിച്ചിടത്തോടം ഉജ്വല പോരാട്ടത്തിന്‍റെ ഏട് കൂടിയാണത്. ആദ്യ ഗെയിം നഷ്ടമായ ശേഷം തിരിച്ചുവന്ന മാരിൻ അവസാനം ഗെയിമിൽ ഒപ്പത്തിനൊപ്പം നീങ്ങിയ ശേഷം വിജയം പിടിച്ചെടുക്കുകയായിരുന്നു. സ്വർണവുമായി മാരിൻ മടങ്ങിയപ്പോള്‍ സ്വർണത്തോളം തിളക്കമുള്ള വെള്ളിയുമായി സിന്ധു റിയോയില്‍ തലയുയര്‍ത്തിപ്പിടിച്ചു നിന്നു. 

ഒളിംപിക്‌ വേദിയില്‍ വീണ്ടുമൊരിക്കൽ കൂടെ ആ തീപാറും പോരാട്ടം കാത്തിരുന്നവർക്ക് നിരാശയുടെ വാർത്തകളെയുള്ളൂ. കാൽമുട്ടിന് പരിക്കേറ്റ മാരിൻ ഇത്തവണ ടോക്യോയിലേക്കില്ല. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവ് ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറിയപ്പോള്‍ വേദനിക്കുന്നവരിൽ കോര്‍ട്ടിലെ എതിരാളിയായ പി വി സിന്ധുവുമുണ്ട്. 

സിന്ധുവിന്‍റെ വാക്കുകള്‍ 

'ഹായി കരോളി, ഞാന്‍ പി വിയാണ്(പി വി സിന്ധു), താങ്കള്‍ക്ക് പരിക്കേറ്റു എന്നറിഞ്ഞതില്‍ സങ്കടമുണ്ട്. വേഗം സുഖംപ്രാപിക്കും എന്ന് പ്രതീക്ഷിക്കുന്നു. ശക്തമായി തിരിച്ചെത്തുക. നമ്മളൊരുമിച്ച് ഫൈനല്‍ കളിച്ച അവസാന ഒളിംപിക്‌സ് ഓര്‍ക്കുന്നു. ഒരുമിച്ചുള്ള പോരാട്ടങ്ങള്‍ മനോഹരമാണ്. അത് ഞാന്‍ മിസ് ചെയ്യാന്‍ പോവുകയാണ്. നിങ്ങളെ മിസ് ചെയ്യും. ഒളിംപിക് ഗെയിമില്‍ മിസ് ചെയ്യുമെങ്കിലും ഉടന്‍ കോര്‍ട്ടില്‍ നേര്‍ക്കുനേര്‍ വരാനാകും എന്ന് പ്രതീക്ഷിക്കുന്നു. വേഗം സുഖംപ്രാപിക്കൂ, തിരിച്ചുവരൂ. ഏറെ സ്‌നേഹം'. 

ഈ വര്‍ഷം മികച്ച ഫോമിലായിരുന്ന കരോളിന മാരിൻ നാല് മേജര്‍ ടൂര്‍ണമെന്‍റുകള്‍ വിജയിച്ചിരുന്നു. പരിശീലനത്തിനിടെ പരിക്കേറ്റതായി മാരിന്‍ കഴിഞ്ഞ ആഴ്‌ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ശസ്‌ത്രക്രിയ വേണ്ടിവന്നതോടെയാണ് സൂപ്പര്‍ താരം ടോക്യോ ഗെയിംസില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അതേസമയം സ്വിറ്റ്സർലണ്ടിൽ നടന്ന ലോക ചാമ്പ്യൻഷിപ്പ് കിരീടമടക്കം നേടി വലിയ പ്രതീക്ഷയുമായാണ് സിന്ധു ഇത്തവണ ടോക്യോയിൽ എത്തുന്നത്. 

കൊവിഡ് പ്രതിസന്ധി കാരണം ടോക്യോയില്‍ ഒളിംപിക്‌സ് നടക്കുമോ എന്ന കാര്യത്തിലെ ആശങ്കകള്‍ ഇപ്പോഴും തുടരുകയാണ്. ജൂലൈ 23നാണ് ഒളിംപിക്‌സ് ആരംഭിക്കേണ്ടത്. ഒളിംപിക്‌സ് മാറ്റിവയ്‌ക്കണമെന്ന ആവശ്യം ജപ്പാനില്‍ ശക്തമാണ്. ഒളിംപിക്‌സ് നടത്തിപ്പില്‍ ആശങ്ക രേഖപ്പെടുത്തി മുഖ്യ സ്‌പോണ്‍സര്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒളിംപിക്‌സ് നടത്താനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോവുകയാണ് ജപ്പാനും അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റിയും. 

ടോക്യോയില്‍ സ്വര്‍ണം നിലനിര്‍ത്താന്‍ കരോളിന മാരിന്‍ ഇല്ല; താരം പിന്‍മാറി

ലാറ്റിനമേരിക്കന്‍ കൊടുങ്കാറ്റിന് മാരക്കാനയും? കോപ്പ അമേരിക്ക വേദികളുടെ സാധ്യതകളിങ്ങനെ

ഐപിഎല്‍: യുഎഇയിലേക്കില്ലാത്ത വിദേശ താരങ്ങള്‍ക്ക്' സാലറി കട്ട്'- റിപ്പോര്‍ട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios