Asianet News MalayalamAsianet News Malayalam

ഗീബൽസ് ഉപദേശിച്ചു, ലോകത്തെ ഞെട്ടിക്കാന്‍ ഹിറ്റ്‌ലര്‍ തുനിഞ്ഞിറങ്ങി; ഒളിംപിക് ദീപശിഖയുടെ അറിയാക്കഥകള്‍

ആ ചടങ്ങ്, ഏതോ പുരാതനമായ ഗ്രീക്ക് ആചാരത്തിന്റെ അനുഷ്ഠാനമായിരുന്നുവെങ്കിലും ആദ്യമായി അത് ചെയ്തത് 1928ലെ ആംസ്റ്റർഡാം ഒളിംപിക്സിൽ ആയിരുന്നു. 1936-ൽ നടന്നത് ഹിറ്റ്‌ലർ എന്ന സ്വേച്ഛാധിപതി ലോകത്തെ മുഴുവൻ രാജ്യങ്ങളെയും ഒന്ന് ഞെട്ടിക്കാൻ തന്നെ കണക്കാക്കി ആസൂത്രണം ചെയ്ത ഒരു വിശേഷാൽ പ്രകടനമായിരുന്നു.

Tokyo 2020 Unknown story of Olympic Torch Relay related to Adolf Hitler
Author
Tokyo, First Published Jul 22, 2021, 1:55 PM IST

ടോക്യോ: 1936 ജൂലൈ 20- ഗ്രീസിലെ ഒളിംപിയ നഗരത്തിലെ ഒരു നട്ടുച്ച. സൂര്യരശ്മികളെ ഒരു കണ്ണാടികൊണ്ട് ആവാഹിച്ചെടുത്ത് ആദ്യത്തെ ഒളിംപിക് ജ്വാല തെളിയിക്കപ്പെട്ടു. ഗതകാലസ്മരണകളുറങ്ങുന്ന പൗരാണികാവശിഷ്ടങ്ങൾക്കും വെള്ളക്കുപ്പായങ്ങളണിഞ്ഞ പന്ത്രണ്ടു യുവതികൾക്കും നടുവിൽ നിന്നുകൊണ്ട് കോൺസ്റ്റാന്റിനോസ് കോൺഡിലീസ് എന്ന ചെറുപ്പക്കാരനായ ഗ്രീക്ക് ഓട്ടക്കാരൻ തന്റെ വലതുകൈകൊണ്ട് എരിയുന്ന ആ ജ്വാലയിലേക്ക് തന്റെ ഒളിംപിക് ദീപം മുക്കി അത് കത്തിച്ചെടുത്തു. തുടർന്നയാൾ വെച്ചത് അവിടെ നിന്ന് അക്കൊല്ലത്തെ ഒളിംപിക്സ് നടക്കുന്ന ബെർലിൻ വരെയുള്ള മൂവായിരത്തോളം കിലോമീറ്റർ ദൂരം കരയിലൂടെ താണ്ടിച്ചെല്ലാനുള്ള പന്ത്രണ്ടു ദിവസത്തെ ഓട്ടത്തിന്റെ ആദ്യത്തെ ചുവടുകളാണ്. പല കായികതാരങ്ങളുടെയും കൈകളിലൂടെ റിലേ ആയി കൈമാറിയാണ് ആ ദീപം അന്ന് ബെർലിനിലെത്തിയത്.

ആ ചടങ്ങ്, ഏതോ പുരാതനമായ ഗ്രീക്ക് ആചാരത്തിന്റെ അനുഷ്ഠാനമായിരുന്നുവെങ്കിലും ആദ്യമായി അത് ചെയ്തത് 1928ലെ ആംസ്റ്റർഡാം ഒളിംപിക്സിൽ ആയിരുന്നു. 1936-ൽ നടന്നത് ഹിറ്റ്‌ലർ എന്ന സ്വേച്ഛാധിപതി ലോകത്തെ മുഴുവൻ രാജ്യങ്ങളെയും ഒന്ന് ഞെട്ടിക്കാൻ തന്നെ കണക്കാക്കി ആസൂത്രണം ചെയ്ത ഒരു വിശേഷാൽ പ്രകടനമായിരുന്നു. മുൻവേദിയിൽ നിന്ന് റിലേയായി അടുത്ത വേദിയിലേക്ക് ദീപം കൊണ്ടു പോയി ജ്വാല കൊളുത്തുന്ന ചടങ്ങ് അന്നോളം ഒളിംപിക്സിൽ ഉണ്ടായിരുന്നില്ല. ഒളിംപിക്സിന്റെ ഈറ്റില്ലമായ ഒളിംപിയയിൽ നിന്ന് ബെർലിനിലെ ഉദ്‌ഘാടന വേദി വരെ മൂവായിരം കായികതാരങ്ങളുടെ കൈമാറിമറിഞ്ഞ് കൊണ്ടുവന്ന് പതിനൊന്നാം ഒളിംപിക്സിന്റെ ജ്വാല തെളിയിക്കുക എന്നത് കാൾ ഡീം എന്ന ബെർലിൻ ഗെയിംസിന്റെ മുഖ്യ സംഘാടകന്റെ മസ്തിഷ്കത്തിലുദിച്ച പുത്തൻ ആശയമായിരുന്നു. ഹിറ്റ്‌ലറെ അതിനു പറഞ്ഞു സമ്മതിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പ്രൊപ്പഗാണ്ട മിനിസ്റ്ററായ ജോസഫ് ഗീബൽസും. ഒളിംപിക്സ് നാസി ജർമ്മനിക്കുള്ള അംഗീകാരമാണ് എന്നും യുദ്ധത്തിൽ ജർമനി ജയിച്ച ശേഷം അടുത്ത ആയിരം വർഷത്തേക്ക് ലോകം ഒളിംപിക്സിന് വേണ്ടി ബെർലിനിൽ എത്തുമെന്നുമാണ് അന്ന് ഹിറ്റ്‌ലറെ ഗീബൽസ് പറഞ്ഞു വിശ്വസിപ്പിച്ചത്.

ആ യാത്ര വളരെ ശ്രദ്ധയോടെ പ്ലാൻ ചെയ്യപ്പെട്ട ഒരു ജർമ്മന്‍ പ്രൊഡക്ഷൻ തന്നെയായിരുന്നു. ഗ്രീസിലെ ജ്വാല തെളിയിക്കാനുള്ള കണ്ണാടി ഡിസൈൻ ചെയ്തത് ജർമ്മൻ ഒപ്റ്റിക്കൽ കമ്പനിയായ സൈസ് ഒപ്റ്റിക്സ് ആയിരുന്നു. ഏത് കാലാവസ്ഥയിലും കെടാത്ത രീതിയിൽ മഗ്നീഷ്യം എരിഞ്ഞുകത്തുന്ന സ്റ്റീൽ ടോർച്ച് ഡിസൈൻ ചെയ്തത് ജർമ്മന്‍ ആയുധ നിർമാതാക്കളായ ക്രപ്പ് എജി ആയിരുന്നു. ഒളിംപിക് ടോർച്ചുകളും കൊണ്ട് ഓടിയിരുന്നവരെ സ്പെയർ ടോർച്ചുകളും കൊണ്ട് ഒരു ഓപ്പൽ കാർ പിന്തുടർന്നു. ജർമ്മൻ മീഡിയ ഈ ഓട്ടത്തിന് വേണ്ടത്ര കവറേജ് കൊടുക്കുന്നുണ്ട് എന്ന് ഗീബൽസ് ഉറപ്പുവരുത്തി. 1938- ൽ റിലീസ് ചെയ്ത ഒളിംപിയ എന്ന നാസി പ്രൊപ്പഗാണ്ട ചിത്രത്തിൽ ഈ ദീപം ബെർലിനിൽ കൊളുത്തുന്ന രംഗം ചിത്രീകരിക്കപ്പെടുന്നുണ്ട് എന്നുറപ്പിക്കാൻ ഗീബൽസ് ഏർപ്പാടാക്കിയത് ലെനി റേഫെൻസ്റ്റാൾ എന്ന ജർമ്മന്‍ സംവിധായികയെയാണ്.

ഒളിംപിയയിൽ കൊളുത്തപ്പെട്ട ഒളിംപിക് ദീപം ബൾഗേറിയ, യൂഗോസ്ലാവിയ, ഹംഗറി, ഓസ്ട്രിയ, ചെക്കോസ്ലോവാക്യ വഴി രണ്ടായിരം മൈലുകൾ താണ്ടിയാണ് ബെർലിനിലെത്തുന്നത്. ബൾഗേറിയയിൽ വെച്ച് അതിനെ ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതർ വെഞ്ചെരിക്കുന്നുണ്ട്. ഹംഗറിയിലെ ജിപ്സി ഗായകർ ദീപത്തെ വാഴ്ത്തിപ്പാടുന്നുണ്ട്. 1936 ജൂലൈ 31ന് ചെക്ക് ബോർഡറിൽ ഒളിംപിക് ടോർച്ചിനെ വരവേൽക്കാൻ തടിച്ചുകൂടിയത് അമ്പതിനായിരത്തോളം ജർമ്മന്‍കാരാണ്. അടുത്ത ദിവസം പകൽ, ജർമൻ താരമായ ഫ്രിറ്റ്സ് ഷിൽഗെൻ ബെർലിനിലെ സ്റ്റേഡിയത്തിലേക്ക് ആ ദീപവും കയ്യിലേന്തി ഓടിക്കയറിയപ്പോൾ അവിടെയുമുണ്ടായിരുന്നു സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ്, ആഹ്ലാദാരവം മുഴക്കിക്കൊണ്ട് ഒരു ലക്ഷത്തിൽ പരം കാണികൾ. ഹിറ്റ്‌ലർ ഇരുന്ന ഇടവും പിന്നിട്ട് ഓടിച്ചെന്ന് ഷിൽഗെൻ ഒളിംപിക് ജ്വാല തെളിയിച്ചപ്പോൾ സ്റ്റേഡിയം ഇളകി മറിഞ്ഞു.

അവിടന്നിങ്ങോട്ട് ഓരോ ഒളിംപിക്സിലും ഇതേ ചടങ്ങുകൾ ആവർത്തിക്കപ്പെട്ടു. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന അത്ഭുതങ്ങളാണ് ഓരോ തവണയും ഉദ്‌ഘാടന ചടങ്ങിൽ ലോകമെമ്പാടുമുള്ള കായിക പ്രേമികളെ കാത്തിരുന്നത്. 1948ലെ ജ്വാല ബോട്ടിലേറി ഇംഗ്ലീഷ് ചാനൽ താണ്ടി. 1952-ൽ ഹെൽസിങ്കിയിലേക്ക് ഒളിംപിക് ദീപം സഞ്ചരിച്ചത് വിമാനത്തിലേറിയായിരുന്നു.  

മാറുന്ന സാങ്കേതിക വിദ്യകൾക്കൊപ്പിച്ച് ജ്വാല സഞ്ചരിച്ച വഴികളും വല്ലാതെ മാറി. 1976-ൽ യൂറോപ്പിൽ നിന്ന് അമേരിക്കയിലേക്കുള്ള ഒളിംപിക് ദീപത്തിന്റെ പ്രയാണം തുടങ്ങിയത് ഒരു റേഡിയോ സിഗ്നലിന്റെ രൂപത്തിലാണ്. ഏതൻസിലെ ഒരു റിസീവർ പിടിച്ചെടുത്ത സിഗ്നൽ അവിടെ നിന്ന് ഉപഗ്രഹം വഴി ഒറ്റവാക്കിൽ എത്തിക്കുന്നു, അവിടെ ആ സിഗ്നൽ ഒരു ലേസർ ബീമിനെ ട്രിഗർ ചെയ്താണ് ദീപം വീണ്ടും തെളിയിച്ചെടുക്കുന്നത്.  
 
ഏതൊരു സ്റ്റേജ് ഷോയും എന്ന പോലെ, എത്ര ഗംഭീരമായി പ്ലാൻ ചെയ്താലും, എത്ര വട്ടം റിഹേഴ്‌സ്‌ ചെയ്താലും ചിലപ്പോൾ അരങ്ങേറുമ്പോൾ പാളിപ്പോവുക എന്ന ദുരവസ്ഥയ്ക്ക് ഒളിംപിക് ജ്വാല തെളിയിക്കലും ഒരു അപവാദമല്ല. 1956-ൽ മെൽബൺ ഒളിംപിക്സ് നടന്നപ്പോൾ ബാരി ലാർക്കിൻ എന്ന വെറ്ററിനറി വിദ്യാർത്ഥി തന്റെ ചുരുട്ടിയ അടിവസ്ത്രത്തിൽ തീകൊളുത്തി, അതിനെ കസേരക്കാലിൽ കെട്ടിയ  ഒരു പുഡ്ഡിംഗ് കാനിൽ വെച്ച് ഉയർത്തിപ്പിടിച്ച് ഓടിക്കൊണ്ട് കാണികളെ കബളിപ്പിക്കുകയുണ്ടായി. അത് സിഡ്‌നി മേയർ പാറ്റ് ഹിൽസിനു കൈമാറി. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെടാൻ പോലും അന്ന് ലാർക്കിന് സാധിച്ചു.

1988 -ലെ സിയോൾ ഒളിംപിക്സിലും സമാനമായ ഒരു ജാള്യത സംഘാടകരെ കാത്തിരുന്നു. പത്തുനൂറടി ഉയരത്തിലുള്ള ഒരു വലിയ പൈപ്പിന്റെ മുകളിലായിരുന്നു ഗെയിംസിന്റെ ഭീമൻ ജ്വാല സ്ഥാപിച്ചിരുന്നത്. അവിടേക്ക് ഒരു വലിയ ലോഹവലയത്തിന്മേലേറി കൊറിയൻ അത്‌ലറ്റുകൾ പതുക്കെ ഉയർന്നു പൊങ്ങി. ജാസ്മിൽ സ്റ്റേഡിയത്തിൽ നേരത്തെ പറത്തിവിട്ടിരുന്ന വെള്ളരിപ്രാവുകളിൽ മിക്കതും അപ്പോഴേക്കും പാറിവന്ന് ഇതേ ജ്വാലയ്ക്കു ചുറ്റും ഇരിപ്പുറപ്പിച്ചിരുന്നു. കൊറിയൻ അത്‌ലറ്റുകൾ ജ്വാലയ്ക്ക് തീ പകർന്നതും അതിന്റെ പടവിൽ വിശ്രമിച്ചിരുന്ന വെള്ളരിപ്രാവുകൾ നിമിഷനേരം കൊണ്ട് ബാർബിക്യൂ ആകുന്നു. അങ്ങനെ ഒരു പ്രാക്കുരുതിയോടെ തുടങ്ങിയ സിയോൾ ഒളിംപിക്സിനെ ജനം കയ്യടിയോടെ എതിരേൽക്കുന്നു.

എന്നാൽ സിയോളിലെ ഈ അബദ്ധത്തിനു ശേഷവും റിസ്കെടുക്കാൻ ഒളിംപിക്സ് സംഘാടകർക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. 1992-ൽ ബാഴ്‌സലോണയിലെ ജ്വാല തെളിയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടത് പാരാലിംപിക് അമ്പെയ്ത്തുകാരനായ അന്റോണിയോ റോബെലോ ആയിരുന്നു. പത്തുനൂറടി ഉയരത്തിലുള്ള ജ്വാല ലക്ഷ്യമാക്കി ഒളിംപിക് ടോർച്ചിൽ നിന്ന് തന്റെ തീയമ്പിലേക്കു പകർന്ന ദീപം റോബെലോ പായിച്ചപ്പോൾ ഒരു സ്റ്റേഡിയം നിറച്ചു കാണികൾ അത് ശ്വാസമടക്കിപ്പിടിച്ച് കണ്ടു. സത്യത്തിൽ, ജ്വാല ടൈമർ സെറ്റ് ചെയ്താണ് കത്തിച്ചത്. ആ അമ്പിൽ നിന്നുള്ള തീയുമായി ജ്വാല കത്തുന്നതിന് ബന്ധമൊന്നും ഉണ്ടായിരുന്നില്ല. റോബെല്ലോയ്ക്ക് ഉന്നം പിഴച്ചിരുന്നെങ്കിൽ ആകെ നാണക്കേടായിരുന്നേനെ. ഭാഗ്യം, റോബെലോയുടെ ഉന്നം കൃത്യമായിരുന്നു. തീയമ്പു ചെന്ന് കൊണ്ടതും ജ്വാലയുടെ ടൈമർ അതിനെ കത്തിച്ചതും ഒരേ ഞൊടിയിലായിരുന്നു.

അടുത്ത ഒളിംപിക്സ്, 1996-ൽ അറ്റ്‌ലാന്റയിൽ നടന്നപ്പോൾ അതിലെ ജ്വാല തെളിയിക്കൽ കായികപ്രേമികളുടെ കണ്ണ് നനയിക്കുന്ന ഒരു ഒരു രംഗമായിരുന്നു. 1960-ലെ റോം ഒളിംപിക്സിൽ ബോക്സിങ്ങിൽ സ്വർണ്ണം നേടിയ, ബോക്സിങ്ങിൽ ഒരു ഇതിഹാസമായി മാറിയ മുഹമ്മദ് അലി, പക്ഷെ അറ്റ്ലാന്‍റയില്‍ ജ്വാല തെളിയിക്കേണ്ട അവസരം വന്നപ്പോഴേക്കും പാർക്കിൻസൺസ് എന്ന രോഗത്താൽ പാടെ അവശനായിരുന്നു. അചഞ്ചലമായ ആ മനസ്സ്, പതിനായിരങ്ങൾ കാഴ്ചക്കാരായുണ്ടായിരുന്ന ആ സ്റ്റേഡിയത്തിലും തികച്ചും ഏകാഗ്രമായിരുന്നു എങ്കിലും, അദ്ദേഹത്തിന്റെ കൈകൾ പാർക്കിൻസൻസിന്റെ ആക്രമണത്താൽ വിറച്ചുകൊണ്ടിരുന്നു. ഏറെ പണിപ്പെട്ടാണ്, ഇച്ഛാശക്തി അത്രമാത്രം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് അന്ന് അലി മുകളിൽ ചെന്ന് ഒളിംപിക് ജ്വാല കത്തിക്കാനുള്ള തീപ്പന്തിന്റെ ഫ്യൂസ് തന്റെ ദീപം കൊണ്ട് കത്തിച്ചത്. അദ്ദേഹം അത് കത്തിക്കും വരെ ശ്വാസമടക്കിപ്പിടിച്ചു നിന്ന സ്റ്റേഡിയത്തിലെ എല്ലാ കാണികളും അന്ന് കണ്ണുനീർ തുടച്ച് മന്ദഹസിച്ചു. തങ്ങളുടെ പ്രേക്ഷക ജീവിതങ്ങളിലെ ഏറ്റവും മികച്ച നിമിഷമെന്നാണ് പലരും പിന്നീട് ആ സന്ദർഭത്തെ വിശേഷിപ്പിച്ചത്.

ചുരുക്കത്തിൽ, ഏതൊരു ഒളിംപിക്സിനെയും അവിസ്മരണീയമാക്കുന്ന ഒന്നാണ് അതിന്റെ ജ്വാല തെളിയിക്കുന്ന ചടങ്ങ്. ഒളിംപിക് ടോർച്ച് റിലെയുടെ അവസാന ലാപ്പിൽ ദീപം ഏറ്റുവാങ്ങി ജ്വാല തെളിയിക്കുന്നത് ആരാണ് എന്നത് അവസാന നിമിഷം വരെ രഹസ്യമാക്കി സൂക്ഷിക്കുക എന്നതും ഒളിംപിക്സിന്റെ പ്രത്യേകതകളിലൊന്നാണ്. ജൂലൈ 23ന് വൈകുന്നേരം ഇന്ത്യൻ സമയം നാലരയോടെ ടോക്കിയോ ഒളിംപിക്സിന്റെ ഉദ്‌ഘാടന വേദിയായ ദേശീയ സ്റ്റേഡിയത്തിൽ ആരാവും അതിന് നിയോഗിക്കപ്പെടുക എന്നറിയാനുളള ആകാംക്ഷയ്ക്ക് എന്തായാലും അവസാന നിമിഷം വരെയും ആയുസ്സുണ്ടാകും. അതുവരെ മറ്റെല്ലാവരെയും പോലെ നമുക്കും കാത്തിരിക്കാം..!  ഹാപ്പി ഒളിംപിക്സ്..!

പെർഫെക്റ്റ് 10 നേടിയ ആദ്യ ജിംനാസ്റ്റ്? ഒളിംപിക്‌സ് ക്വിസ് ഇന്നത്തെ ചോദ്യങ്ങള്‍

Tokyo 2020 Unknown story of Olympic Torch Relay related to Adolf Hitler

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios