Asianet News MalayalamAsianet News Malayalam

വരുന്നു ഐപിഎൽ മാതൃകയിൽ ഖോഖോ ലീഗ്; നിറയെ മലയാളി താരങ്ങള്‍, മുംബൈ ടീം മിനി കേരള

അൾട്ടിമേറ്റ് ഖൊഖൊ എന്ന പേരിൽ ആദ്യ സീസൺ ഈ മാസം 14 മുതൽ സെപ്റ്റംബർ 4 വരെ മഹാരാഷ്‍ട്രയിലെ പൂനെയിൽ നടക്കും

Ultimate Kho Kho Mumbai Khiladis is a mini Kerala team
Author
Mumbai, First Published Aug 12, 2022, 12:12 PM IST

ദില്ലി: ഐപിഎൽ മാതൃകയിൽ തുടങ്ങുന്ന ഖോഖോ ലീഗിൽ മലയാളി താരങ്ങളുടെ വലിയസംഘമാണ് പോരാടാനിറങ്ങുന്നത്. മുംബൈ ടീമിൽ ആറ് താരങ്ങളും അസിസ്റ്റന്‍റ് കോച്ചുമായി മലയാളികളുടെ വലിയ സംഘമുണ്ട്. 

മുംബൈ, ചെന്നൈ, ഒഡിഷ, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നായി ആറ് ടീമുകളാണ് ഖോഖോ ലീഗില്‍ മാറ്റുരയ്‌ക്കുന്നത്. പല ടീമുകളിലും മലയാളി സാന്നിധ്യമുണ്ടെങ്കിലും മുംബൈ ഖിലാഡീസ് ഒരു മിനി കേരള സംഘമാണ്. ഇന്ത്യൻ താരം ശ്രീജേഷ്, തിരൂരിൽ നിന്നുള്ള ശ്രീബിൻ, തിരുവനന്തപുരത്ത് നിന്ന് എംഎസ് അഭിഷേക്, ജെ ശ്രീജിൻ, എസ്എസ് ബിച്ചു, പാലക്കാട്ടുകാരൻ എസ് വിശാഖ് എന്നീ താരങ്ങൾക്ക് പുറമെ അസിസ്റ്റന്‍റ കോച്ച് ആർ ഷോബിയും കേരളത്തിൽ നിന്നാണ്. ഈ മാസം 14ന് ആരംഭിക്കുന്ന ലീഗിന്‍റെ ഫൈനൽ അടുത്ത മാസം നാലിനാണ്. പൂനെ ബാലവാഡി സ്റ്റേഡിയത്തിലാണ് മത്സരങ്ങളെല്ലാം. 

പ്രൊഫഷണലാവാന്‍ ഖോഖോയും 

അൾട്ടിമേറ്റ് ഖൊഖൊ എന്ന പേരിൽ ആദ്യ സീസൺ ഈ മാസം 14 മുതൽ സെപ്റ്റംബർ 4 വരെ മഹാരാഷ്‍ട്രയിലെ പൂനെയിൽ നടക്കും. ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ സജീവമായിരുന്ന ഖോഖോ മത്സരങ്ങൾ കൂടുതൽ ജനകീയമാവുകയാണ്. ഖോഖോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് അൾട്ടിമേറ്റ് ഖോഖോ എന്ന പേരിൽ ആറ് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്‍റ്. ചെന്നൈ ക്യുക്ക് ഗൺസ്, ഗുജറാത്ത് ജയന്‍റ്സ്, മുംബൈ ഖിലാഡീസ്, ഒഡിഷ ജുഗർനട്ട്സ്, രാജസ്ഥാൻ വാറിയേഴ്‌സ്, തെലുഗു യോദ്ധാസ് എന്നിവയാണ് ടീമുകൾ. കായികരംഗത്തെ വമ്പൻ കമ്പനികളാണ് ഓരോ ടീമുകളെയും സ്വന്തമാക്കിയിരിക്കുന്നത്. ലീഗ് അടിസ്ഥാനത്തിലുള്ള മത്സരങ്ങൾ രാത്രി 7 മണിക്കായിരിക്കും തുടങ്ങുക.

5 ഭാഷകളിലായി സോണി സ്പോർട്സ് ചാനലുകളിൽ മത്സരങ്ങൾ തത്സമയം കാണാം. ഐപിഎല്ലും ഐഎസ്എല്ലും പ്രൊകബഡി ലീഗും ഏറ്റെടുത്തത് പോലെ ഖോഖോ ലീഗും കായികപ്രേമികൾഏറ്റെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

കൈയകലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് മാമാങ്കം; കാണാന്‍ ഈ വഴികള്‍

Follow Us:
Download App:
  • android
  • ios