ജയിക്കുന്നയാള്‍ എതിരാളിയുടെ രാജാവിനെ എടുത്ത് വലിച്ചെറിയണമെന്നത് സംഘാടകരുടെ നിര്‍ബന്ധപ്രകാരം ചെയ്തതാണെന്നാണ് നകാമുറയുടെ പ്രതികരണം.
ന്യൂയോര്‍ക്ക്: ചെസ് ലോക ചാമ്പ്യൻ ഇന്ത്യയുടെ ഡി ഗുകേഷിനെ തോല്‍പിച്ചശേഷം ഗുകേഷിന്‍റെ രാജാവിനെ കാണികള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞ യുഎസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഹികാരു നകാമുറക്കെതിരെ വിമര്‍ശനം. ഇന്നലെ നടന്ന ഇന്ത്യയുടെയും യുഎസിന്‍റെയും താരങ്ങള്‍ തമ്മിലുള്ള ചെക്ക്‌മേറ്റ് പ്രദര്‍ശൻ മത്സരത്തിലാണ് നകാമുറ ഗുകേഷിനെ 5-0ന് തോല്‍പിച്ചത്. എന്നാല്‍ ചെസില്‍ ഇത്തരം നാടകീയ സന്ദര്‍ഭങ്ങള്‍ക്ക് സാധ്യതയില്ലെന്ന് റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വ്ളാഡിമിര്‍ ക്രാംനിക് പറഞ്ഞു. നകാമുറയുടെ പ്രവര്‍ത്തി അനുചിതവും അശ്ലീലവും അനാദരവുമാണെന്ന് മുന്‍താരങ്ങള്‍ അടക്കം വിമര്‍ശിച്ചു.
അതേസമയം, ജയിക്കുന്നയാള്‍ എതിരാളിയുടെ രാജാവിനെ എടുത്ത് വലിച്ചെറിയണമെന്നത് സംഘാടകരുടെ നിര്‍ബന്ധപ്രകാരം ചെയ്തതാണെന്നാണ് നകാമുറയുടെ പ്രതികരണം. ഒരു പ്രകോപനവുമില്ലാതെ നകാമുറ അത്തരമൊരു പ്രവര്‍ത്തി ചെയ്തത് കാണികളെയും അമ്പരപ്പിച്ചിരുന്നു. എന്നാല്‍ ആര് പ്ലാന്‍ ചെയ്തതാണെങ്കിലും അത് അശ്ലീലമായിരുന്നുവെന്ന് മുന്‍ ചെസ് താരം വ്ലാഡിമിര്‍ ക്രാംനിക് പറഞ്ഞു. ചെസിനോട് ആദരവോടെ പെരുമാറുന്ന കളിക്കാരാണ് ഗുകേഷ് അടക്കമുള്ള പലതാരങ്ങളുമെന്നും നകാമുറയുടെ പ്രവര്‍ത്തി അനുചിതമായിപ്പോയെന്നും ക്രാംനിക് പ്രതികരിച്ചു.
എന്നാല്‍ സംഘാടകര്‍ നേരത്തെ പറഞ്ഞുറപ്പിച്ചതിനാലാണ് നകാമുറ അത്തരത്തില്‍ ചെയ്തതെന്നും നകാമുറക്ക് ഗുകേഷിനോട് യാതൊരു തരത്തിലുള്ള ബഹുമാനക്കുറവുമില്ലെന്നും ചെസ് വിദഗ്ദനായ ലെവി റോസ്മാന്‍ യുട്യൂബ് വീഡിയോയില്‍ പറഞ്ഞു. വ്യക്തിഗത ഗെയിമായ ചെസിന് ഇത്തരം നാടകീയ നിമിഷങ്ങളിലൂടെ കൂടൂതല്‍ പ്രചാരം നേടിക്കൊടുക്കാനായിരിക്കും സംഘാടകര്‍ ശ്രമിച്ചിട്ടുണ്ടാകുക എന്നും റോസ്മാന്‍ പറഞ്ഞു.


