സ്റ്റേഡിയത്തിലെത്തിയ ട്രംപിന് കൈയടിക്കൊപ്പം കൂവലും കിട്ടി. പിന്നീട് ദേശീയഗാനാലപനത്തിന് മുമ്പ് എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിച്ച് നിന്നപ്പോഴും സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനില്‍ ട്രംപിന്‍റെ മുഖം കാണിച്ചപ്പോഴും കാണികള്‍ കൂവി.
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം സ്പെയിനിന്‍റെ യുവതാരം കാര്‍ലോസ് അല്‍കാരസ് സ്വന്തമാക്കിയതില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് നിരാശ. യുഎസ് ഓപ്പണിലെ അല്‍കാരസ്-സിന്നര്‍ കിരീടപ്പോരാട്ടം കാണാന്‍ ട്രപും വരുന്നുവെന്ന് അറിയിച്ചതോടെ കര്‍ശന സുരക്ഷയാണ് ആര്‍തര്‍ ആഷ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരുന്നത്. ട്രംപിന് സുരക്ഷയൊരുക്കാനുള്ള മുന്നൊരുക്കങ്ങളെ തുടര്‍ന്ന് മത്സരം തുടങ്ങാന്‍ വൈകുകയും ചെയ്തു. മത്സരം തുടങ്ങുന്നതിന് 45 മിനിറ്റ് മുമ്പെ ട്രംപ് സ്റ്റേഡിയത്തിലെത്തി.
സ്റ്റേഡിയത്തിലെത്തിയ ട്രംപിന് കൈയടിക്കൊപ്പം കൂവലും കിട്ടി. പിന്നീട് ദേശീയഗാനാലപനത്തിന് മുമ്പ് എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിച്ച് നിന്നപ്പോഴും സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനില്‍ ട്രംപിന്‍റെ മുഖം കാണിച്ചപ്പോഴും കാണികള്‍ കൂവി. മത്സരം കാണാനാനായി ബാല്‍ക്കണി സ്യൂട്ടിലാണ് ട്രംപ് ഇരുപ്പുറപ്പിച്ചത്. മത്സരത്തില്‍ ഇറ്റാലിയന്‍ താരം ജാനിക് സിന്നറെ വീഴ്ത്തി കാര്‍ലോസ് അല്‍കാരസ് ചാമ്പ്യനായപ്പോള്‍ ട്രംപിന്‍റെ മുഖത്ത് നിരാശ പടര്‍ന്നു. മത്സരത്തിന് മുമ്പ് ആരെ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നില്ലെങ്കിലും മത്സരശേഷമുള്ള ട്രംപിന്‍റെ മുഖഭാവത്തില്‍ നിന്ന് ജാനിക് സിന്നര്‍ക്കായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പിന്തുണയെന്ന് ആരാധകര്‍ വായിച്ചെടുത്തു.
ഇന്ത്യൻ സമയം ഇന്ന് പുലര്‍ച്ചെ നടന്ന കിരീടപ്പോരാട്ടത്തില്‍ ഇറ്റാലിയൻ താരം യാനിക് സിന്നറെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തകർത്താണ് അൽകാരസിന്‍റെ നേട്ടം. അൽകാരസിന്‍റെ രണ്ടാമത്തെ യുഎസ് ഓപ്പൺ നേട്ടമാണ് ഇത്. ഇതോടെ ആറ് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ താരത്തിന്‍റെ സ്വന്തമായി.ജയത്തോടെ ടെന്നീസ് റാങ്കിങ്ങിലെ ഒന്നാം നമ്പർ പട്ടവും അൽകാരസ് സിന്നറിൽ നിന്ന് വീണ്ടെടുത്തു. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അൽകാരസിന്‍റെ മധുരപ്രതികാരം.


