Asianet News MalayalamAsianet News Malayalam

140 കോടി ഇന്ത്യക്കാരുടെ കണ്ണീര്‍; വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ വിതുമ്പി മഹാവീര്‍ ഫോഗട്ട്

ഉറച്ച മെഡല്‍ പ്രതീക്ഷയില്‍ നിന്ന് രാജ്യത്തിന്‍റെ കണ്ണീരായി മാറിയിരിക്കുകയാണ് വനിതാ ഗുസ്‌തി താരം വിനേഷ് ഫോഗട്ട്

Watch Indian wrestler Vinesh Phogat uncle Mahavir Phogat breaks down after the wrestler gets disqualified from Paris Olympics 2024
Author
First Published Aug 7, 2024, 2:34 PM IST | Last Updated Aug 7, 2024, 2:42 PM IST

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ നിന്ന് ഇന്ത്യന്‍ വനിതാ ഗുസ്‌തി താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതില്‍ വിതുമ്പി താരത്തിന്‍റെ അമ്മാവനും മുന്‍താരവുമായ മഹാവീര്‍ സിംഗ് ഫോഗട്ട്. മഹാവീര്‍ ഫോഗട്ട് കരയുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയിലുണ്ട്. 

വിനേഷ് ഫോഗട്ടിന് സ്വര്‍ണ മെഡല്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും ഭാരം 50-100 ഗ്രാം കൂടിയാല്‍ സാധാരണയായി താരങ്ങളെ മത്സരിക്കാന്‍ അനുവദിക്കാറുണ്ട് എന്നും മഹാവീര്‍ ഫോഗട്ട് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറ‌ഞ്ഞു. 'എനിക്കൊന്നും കൂടുതലായി പറയാനില്ല. വിനേഷിന് സ്വര്‍ണ മെഡല്‍ രാജ്യമാകെ പ്രതീക്ഷിച്ചിരുന്നു. തീര്‍ച്ചയായും ഗെയിംസില്‍ നിയമങ്ങളുണ്ട്. എന്നാല്‍ ഭാരം 50-100 ഗ്രാം വ്യത്യാസം വന്നാല്‍ സാധാരണയായി താരങ്ങളെ മത്സരിക്കാന്‍ അനുവദിക്കാറുണ്ട്. നിരാശരാകരുത് എന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഒരുനാള്‍ വിനേഷ് ഫോഗട്ട് രാജ്യത്തിനായി ഒളിംപിക്സ് മെഡല്‍ കൊണ്ടുവരും. അടുത്ത ഒളിംപിക്‌സിനായി അവളെ ഞാന്‍ ഒരുക്കും'- എന്നുമാണ് വൈകാരികമായി മഹാവീര്‍ സിംഗിന്‍റെ പ്രതികരണം. 

ഉറച്ച മെഡല്‍ പ്രതീക്ഷയില്‍ നിന്ന് രാജ്യത്തിന്‍റെ കണ്ണീരായി മാറിയിരിക്കുകയാണ് വനിതാ ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിനെ ഭാരം 100 ഗ്രാം കൂടിയെന്ന കാരണം പറഞ്ഞാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റി അയോഗ്യയാക്കിയത്. എന്നാല്‍ ഒരൊറ്റ രാത്രി കൊണ്ട് വിനേഷിന്‍റെ ഭാരത്തില്‍ എങ്ങനെയാണ് മാറ്റമുണ്ടായത് എന്ന ചോദ്യം ഉയരുന്നു. 

ഭാരക്കൂടുതല്‍ കണ്ടെത്തിയതിനാല്‍ ഒളിംപിക്സ് നിയമങ്ങള്‍ അനുസരിച്ച് വിനേഷ് ഫോഗട്ടിന് പാരിസ് ഒളിംപിക്‌സില്‍ വെള്ളി മെഡലിന് പോലും അര്‍ഹതയില്ല. സെമിയില്‍ വിനേഷ് തോല്‍പിച്ച ക്യൂബന്‍ താരം ഫൈനലിന് യോഗ്യത നേടി. അയോഗ്യയായതോടെ വിനേഷ് ഫോഗട്ട് അവസാന സ്ഥാനക്കാരിയാണ് പാരിസ് ഒളിംപിക്‌സില്‍ അടയാളപ്പെടുത്തുക. 

Read more: പിന്നില്‍ നിന്ന് ചവിട്ടിവീഴ്ത്തിയതോ? വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ ഇരമ്പി ആരാധകരോക്ഷം, പ്രതിഷേധം ശക്തം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios