ദില്ലി: അടുത്തവര്‍ഷം ദില്ലിയില്‍ നടക്കേണ്ട ലോക പുരുഷ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമായി. വേദിയാവുമ്പോള്‍ നല്‍കേണ്ട ആതിഥേയത്വ ഫീസ് അടക്കുന്നതില്‍ ദേശീയ ബോക്സിംഗ് ഫെഡറേഷന്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് രാജ്യാന്തര ബോസ്കിംഗ് അസോസിയേഷന്‍ ഇന്ത്യയുടെ ആതിഥേയത്വം റദ്ദാക്കിയത്. ഇന്ത്യക്ക് പകരം സെര്‍ബിയന്‍ നഗരമായ ബെല്‍ഗ്രേഡാണ് പുതിയ വേദിയായി രാജ്യാന്തര ബോസ്കിംഗ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. 2017ലാണ് ലോക പുരുഷ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന് ആദ്യമായി വേദിയാവാനുള്ള കരാറില്‍ ദേശീയ ബോക്സിംഗ് ഫെഡറേഷനും രാജ്യാന്തര ബോക്സിംഗ് അസോസിയേഷനും ഒപ്പുവെച്ചത്.  

Also Read: പറയുമ്പോള്‍ ഇതിഹാസങ്ങളാണ്, കളിച്ചത് ഒരു ടി20 മാത്രം; ആ അഞ്ച് താരങ്ങളെ കുറിച്ചറിയാം

എന്നാല്‍ നാളിത്രയായിട്ടും ഹോസ്റ്റിംഗ് ഫീസ് നല്‍കാന്‍ ബോക്സിംഗ് ഫെഡറേഷന് കഴിഞ്ഞില്ല. എന്നാല്‍ ചില സാങ്കേതിക തടസങ്ങള്‍ മൂലമാണ് ആതിഥേയത്വ ഫീസ് നല്‍കാന്‍ വൈകിയതെന്നാണ് ബോക്സിംഗ് ഫെഡറേഷന്‍ വ്യക്തമാക്കി. ആതിഥേയത്വ ഫീസായി 40 ലക്ഷം ഡോളറായിരുന്നു രാജ്യാന്ത ബോക്സിംഗ് ഫെഡറേഷന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിന് മുമ്പ് നല്‍കേണ്ടിയിരുന്നത്.

ആതിഥേയത്വം റദ്ദാക്കിയ സാഹചര്യത്തില്‍ റദ്ദാക്കല്‍ പിഴയായി 500 ഡോളര്‍ നല്‍കണമെന്ന് ബോക്സിംഗ് ഫെഡറേഷനോട് രാജ്യാന്ത ബോക്സിംഗ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്പൈസ് ജെറ്റ് ഉടമയും ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റുമായ അജയ് സിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ ഫെഡറേഷനെ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റി സസ്പെന്‍ഡ് ചെയ്യുകയും ഫെഡറേഷന്റെ ലൗസാനെയിലുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ ആതിഥേയത്വ ഫീസ് നല്‍കാന്‍ ഫെഡറേഷന് നിര്‍വാഹമില്ലാതാവുകയായിരുന്നു.

Also Read:ഒരു മത്സരത്തില്‍ തന്നെ സ്പിന്നും പേസും ഒരുപോലെ എറിഞ്ഞ ആറ് താരങ്ങള്‍

എന്നാല്‍ തങ്ങളോട് ആലോചിക്കാതെ ഏകപക്ഷീയമായാണ് രാജ്യാന്തര ബോസ്കിംഗ് അസോസിയേഷന്‍ വേദി മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചതെന്ന് ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റായ അജയ് സിംഗ് പ്രതികരിച്ചു. ആതിഥേയത്വ ഫീസിന്റെ ആദ്യ ഗഡു ഡിസംബര്‍ ഒന്നിന് നല്‍കാനിരിക്കെ പുതിയ വേദികള്‍ ക്ഷണിച്ചുകൊണ്ട് രാജ്യാന്തര ബോക്സിംഗ് അസോസിയേഷന്‍ തന്നെ രംഗത്തുവരികയായിരുന്നുവെന്നും അജയ് സിംഗ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പിഴശിക്ഷ ഏര്‍പ്പെടുത്തിയ തീരുമാനം ഞെട്ടിക്കുന്നതാണെന്നും അജയ് സിംഗ് പറഞ്ഞു.

2018ല്‍ ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ വേദിയായിട്ടുണ്ട്. ഈ വര്‍ഷം അവസാനം നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനും ഇന്ത്യ വേദിയാവുന്നുണ്ട്. ഇതിനിടെയാണ് ലോക പുരുഷ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് വേദി ഇന്ത്യയില്‍ നിന്ന് എടുത്തുമാറ്റിയ തീരുമാനം വരുന്നത്.