കോട്ടയം: കേരള കോൺ​ഗ്രസ് ജോസഫ്-ജോസ് കെ മാണി വിഭാ​ഗത്തിന്റെ ഭിന്നത പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടിങ് കഴിഞ്ഞും കൊഴുക്കുകയാണ്. പാർട്ടി പിടിച്ചെടുക്കാനുള്ള ശ്രമമാണ് പിജെ ജോസഫിന്റേതെന്ന് പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം കുറ്റപ്പെടുത്തി. യഥാർത്ഥ കേരളാ കോൺഗ്രസ് ജോസ് കെ മാണി നേതൃത്വം നൽകുന്നതാണ്. കുട്ടിയുടെ ഒപ്പം ഇടേണ്ടത് അച്ഛന്റെ പേരാണ്, അല്ലാതെ അയൽവക്കക്കാരന്റേതല്ല. അന്യന്റെ മുതൽ ആഗ്രഹിക്കുകയാണ് പി ജെ ജോസഫെന്നും ജോസ് ടോം പറഞ്ഞു.

തിങ്കളാഴ്ച പി ജെ ജോസഫ് വിഭാഗം നേതാവ് ജോയ് എബ്രഹാം നടത്തിയ പ്രസ്താവന വളരെ നിർഭാഗ്യകരമാണ്. പാലാ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നിട്ടില്ലെന്നായിരുന്നു ജോയ് എബ്രഹാമിന്റെ പ്രസ്താവന. ചിലർക്കൊക്കെ കുതന്ത്രവും കുടിലബുദ്ധിയുമായിരുന്നു. അതൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും ജോയ് എബ്രാഹം പറഞ്ഞു. ജോയിയുടെ പരാമർശത്തിൽ പി ജെ ജോസഫിനെ അതൃപ്തി അറിയിച്ച് ജോസ് കെ മാണി, ഉമ്മൻ ചാണ്ടി. രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ രം​ഗത്തെത്തിയിരുന്നു.

കൂടുതല്‍ വായിക്കാം; ജോയ് എബ്രഹാമിനുള്ള മറുപടി യുഡിഎഫ് നൽകുമെന്ന് ജോസ് കെ മാണി

അതേസമയം, പാലായിൽ ബിജെപി വോട്ട് യുഡിഎഫിനായി മറിച്ചെന്ന പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തിന്റെ ആരോപണം ശരിയല്ലെന്നും ജോസ് ടോം വ്യക്തമാക്കി. ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇത്തരമൊരു ആരോപണം ഉയരാൻ കാരണം. വ്യക്തിബന്ധങ്ങളുടെ പേരിൽ എൽഡിഎഫിന്റെയും ബിജെപിയുടെയും വോട്ടുകൾ തനിക്ക് കിട്ടിയിട്ടുണ്ടാകാമെന്നും ജോസ് ടോം പറഞ്ഞു. 


കൂടുതല്‍ വായിക്കാം; പാലായിൽ പണം വാങ്ങി എൻ ഹരി വോട്ട് മറിച്ചു; ബിനു പുളിക്കക്കണ്ടം