പാലാ: എന്നും പാലായുടെ മാണിക്യം കെ എം മാണിയെന്ന 'മാണിസാറായിരുന്നു'. അവിടെ നിന്ന് വേറൊരു മാണിയിലേക്ക് 54 വർഷം കെ എം മാണി സ്വന്തമായി കൊണ്ടുനടന്ന ഒരു മണ്ഡലം ചുവടുമാറുകയാണ്. കേരളാകോൺഗ്രസിലെ അതികായനായ കെ എം മാണിയുടെ മരണത്തിന് ശേഷമുള്ള സഹതാപതരംഗത്തിനും മുകളിലായാണ് മാണി സി കാപ്പൻ ജയിച്ചുകയറിയത് എന്നത് കേരള രാഷ്ടീയ ചരിത്രത്തിലെ ഒരു നാഴികക്കല്ലാകും. മറ്റൊരു മക്കൾ രാഷ്ട്രീയത്തിനുള്ള അന്ത്യം കുറിയ്ക്കലുമാകുമിത്. 

പാലായിലെ പുൽക്കൊടിയ്ക്ക് പോലും കെ എം മാണിയെ അറിയാമെന്നായിരുന്നു പറയാറ്. പഞ്ചായത്ത് തലങ്ങളിൽ ഓരോരുത്തരുമായുള്ള വ്യക്തിബന്ധങ്ങളും, പാലാ എന്ന പട്ടണത്തെ, കൃത്യമായി വിദ്യാഭ്യാസ- വികസന കേന്ദ്രമായി വളർത്തിയെടുക്കുന്നതിനും കെ എം മാണി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതിനാൽത്തന്നെയാണ് അനിഷേധ്യമായി എല്ലാ പഞ്ചായത്തുകളിലും കെ എം മാണി വിജയിച്ചുവന്നതും. 

രാമപുരം, കടമാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂർ, മുത്തോലി, പാലാ, മീനച്ചിൽ, കൊഴുവനാൽ, എലിക്കുളം എന്നിങ്ങനെ നഗരസഭയും പ‍ഞ്ചായത്തുകളുമായി 13 തദ്ദേശഭരണകേന്ദ്രങ്ങളുണ്ട് പാലാ നിയമസഭാ മണ്ഡലത്തിൽ. ഇതിൽ മുത്തോലിയും മീനച്ചിലും മാത്രമാണ് യുഡിഎഫിന് നിലനിർത്താനായത്. മറ്റെല്ലാ പഞ്ചായത്തുകളും എൽഡിഎഫിനൊപ്പം നിന്നു. 

ആദ്യം മുതലേ അട്ടിമറി, ഞെട്ടി യുഡിഎഫ്

ഒരു ക്രിക്കറ്റ് മാച്ചിന്‍റെ സ്കോർ നോക്കുംപോലെയാണ് രാഷ്ട്രീയ കേരളം പാലായിലെ തെരഞ്ഞെടുപ്പ് ഫലം കണ്ടത്. ആദ്യഫലസൂചനകൾ വരാൻ ഏറെ വൈകി. രാവിലെ എട്ട് മണിയ്ക്ക് വോട്ടെണ്ണൽ തുടങ്ങി, ഏതാണ്ട് ഒമ്പത് മണി വരെ പോസ്റ്റൽ, സർവീസ് വോട്ടുകളല്ലാതെ വേറൊരു ഫലവും വന്നില്ല. അതാകട്ടെ ഒപ്പത്തിനൊപ്പമായിരുന്നു. 

Read More: വോട്ടിംഗ് യന്ത്രങ്ങള്‍ പുറത്തെടുക്കാന്‍ വൈകി; പാലായില്‍ ഒരു മണിക്കൂര്‍ സസ്പെന്‍സ്

ഒമ്പത് മണിയോടെ വോട്ടിംഗ് യന്ത്രങ്ങൾ പുറത്തെടുത്ത് എണ്ണിത്തുടങ്ങി. 

ആദ്യ റൗണ്ടിൽ എണ്ണിയത് രാമപുരത്തെ 14 ബൂത്തുകൾ. ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾ 162 വോട്ടുകളുടെ ലീഡ് മാണി സി കാപ്പന് ലഭിച്ചു. ആഹ്ളാദത്തോടെ, സന്തോഷത്തോടെ ഇരുന്ന ജോസ് ടോമിന്‍റെ മുഖത്തെ ചിരി മാഞ്ഞു. 

രണ്ടാം റൗണ്ടിൽ രാമപുരത്തെ ആറ് ബൂത്തുകളിലും കടനാട് പഞ്ചായത്തിലെ ഭൂരിഭാഗം ബൂത്തുകളും എണ്ണി. രണ്ടാം റൗണ്ട് കഴിഞ്ഞപ്പോൾ മാണി സി കാപ്പന് 751 വോട്ടുകളുടെ ലീഡ്. 

Read More: യുഡിഎഫ് ശക്തികേന്ദ്രത്തിൽ, ബിജെപി സ്വാധീനമേഖലയിൽ മാണി സി കാപ്പൻ മുന്നിൽ

മൂന്നാം റൗണ്ടിൽ കടനാട്ടിലെ 9 ബൂത്തുകളും മേലുകാവിലെ 5 ബൂത്തുകളുമാണ് എണ്ണിയത്. മൂന്നാം റൗണ്ടിൽ കടനാട് എണ്ണിക്കഴിഞ്ഞപ്പോൾ മാണി സി കാപ്പന്‍റെ ഭൂരിപക്ഷം ആയിരം കടന്നു. 1570 വോട്ടുകളുടെ ഭൂരിപക്ഷം. മേലുകാവിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ കാപ്പന് 2181 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി. ആകെ മൊത്തം മൂന്നാം റൗണ്ട് അവസാനിച്ചപ്പോൾ അന്തിമ കണക്ക് പുറത്തു വന്നു. 2231 വോട്ടുകളുടെ ഭൂരിപക്ഷം കാപ്പന്. 

Read More: ആദ്യ റൗണ്ടില്‍ കാപ്പന് ലീഡ്; ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് ജോസ് ടോം

നാലാം റൗണ്ടിൽ മേലുകാവിലെ 3 ബൂത്തുകളും മൂന്നിലവിലെ 9 ബൂത്തുകളും തലനാടിലെ 2 ബൂത്തുകളുമാണ് എണ്ണിയത് 2445, 2705, 2766 എന്നിങ്ങനെ കാപ്പൻ ലീഡുയർത്തി. മേലുകാവ് മുഴുവനായി എണ്ണിക്കഴിഞ്ഞപ്പോൾ മാണി സി കാപ്പന്‍റെ ഭൂരിപക്ഷം 3000 കടന്നു. 3006 വോട്ടുകളായി കാപ്പന്‍റെ ലീഡ്. 

അഞ്ചാം റൗണ്ടിൽ തലനാട്ടിലെ അഞ്ച് ബൂത്തുകളും തലപ്പലത്തെ ഒമ്പത് ബൂത്തുകളും ആണ് അഞ്ചാം റൗണ്ടിൽ എണ്ണുന്നത്. ഇവിടെ ആദ്യസൂചനകളിൽ ആദ്യം ലീഡുയർത്തിയ കാപ്പന്‍റെ ലീഡ് 3208 എന്നതിൽ നിന്ന് 2832 ആയി കുറഞ്ഞു. തലപ്പലത്തെ ആദ്യചില ബൂത്തുകളിലാണ് വോട്ട് കുറഞ്ഞത്. വീണ്ടും മാണി സി കാപ്പന്‍റെ ലീഡ് 3299 ആയി കൂടി. അഞ്ചാം റൗണ്ട് അവസാനിക്കാൻ പോകുമ്പോൾ. അഞ്ചാം റൗണ്ടിൽ മാത്രം ലീഡ് 461.

Read More: പാലായില്‍ മാണി സി കാപ്പന്‍റെ പടയോട്ടം; ആഘോഷത്തിനെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നിരാശ
 

ആറാം റൗണ്ടിൽ ഭരണങ്ങാനം പഞ്ചായത്താണ് എണ്ണിയത് അവിടെ 3404-ൽ നിന്ന് 3757 വോട്ടുകളിലേക്ക് മാണി സി കാപ്പൻ ലീഡുയർത്തി. യുഡിഎഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്താണിത്. ഭരണങ്ങാനം കൂടി കൈവിട്ടതോടെ യുഡിഎഫ് ക്യാമ്പ് തീർത്തും നിരാശയിലായി.

ഏഴാം റൗണ്ടിൽ കരൂർ പഞ്ചായത്തിനൊപ്പം, ഭരണങ്ങാനം പഞ്ചായത്തിലെ ബാക്കിയുള്ള വോട്ടുകളുമെണ്ണി. യുഡിഎഫ് അനുകൂലപഞ്ചായത്തായ ഭരണങ്ങാനത്ത് മാത്രം 807 വോട്ടുകളുടെ ലീഡാണ് എൽഡിഎഫിന് കിട്ടിയത്. ഇതോടെ കാപ്പന്‍റെ ലീഡ് നാലായിരം കടന്നു. കരൂരിൽ ആദ്യത്തെ ആറ് ബൂത്തിൽ മാണി സി കാപ്പനും ജോസ് ടോമും ഒപ്പത്തിനൊപ്പമാണ് നീങ്ങിയത്. ഒരു ഘട്ടത്തിൽ കാപ്പൻ ലീഡുയർത്തി 4197-ലെത്തിച്ചു. അവിടെ നിന്ന് 4300-ലെത്തിയ ലീഡിൽ നേരിയ ഇടിവുണ്ടായി. 4294 വോട്ടുകളുടെ ഭൂരിപക്ഷം ഏഴാംറൗണ്ടിന്‍റെ അന്തിമ കണക്കെത്തിയപ്പോൾ കാപ്പന് ലഭിച്ചു. ഏഴാം റൗണ്ടിൽ കാപ്പന് ആകെ 194 വോട്ടുകളുടെ ലീഡ് മാത്രമേ കിട്ടിയുള്ളൂ.

Read More: മന്ത്രിസ്ഥാനം വച്ച് മാറേണ്ട കാര്യമില്ല, പാലായിലെ വിജയം ചരിത്രം: എ കെ ശശീന്ദ്രൻ

അവിടെ നിന്ന് എട്ടാം റൗണ്ടിലേക്ക് കടന്നപ്പോൾ, കരൂരിൽ ബാക്കിയുള്ള നാല് ബൂത്തുകളും മുത്തോലിയിലെ പത്ത് ബൂത്തുകളുമാണ് എണ്ണിയത്. കരൂരിലെ വോട്ടുകൾ എണ്ണിത്തീർത്തപ്പോൾ, അവിടെയും കാപ്പൻ തന്നെ മുന്നിൽ. 4390 വോട്ടുകളായി കാപ്പന്‍റെ ഭൂരിപക്ഷം കൂടി. പക്ഷേ പിന്നീട് കാപ്പന് ചെറിയ തിരിച്ചടിയേറ്റത് കണ്ടു. മുത്തോലിയിലെ പത്ത് ബൂത്തുകൾ എണ്ണിയപ്പോൾ കാപ്പന്‍റെ ഭൂരിപക്ഷം 3724-ലേക്ക് ഇടിഞ്ഞു. ആദ്യമായി എട്ടാം റൗണ്ടിൽ ജോസ് ടോം മുന്നിലെത്തി. 576 വോട്ടിന്‍റെ ലീഡ്.

ഒമ്പതാം റൗണ്ടിൽ മുത്തോലിയിലെ 4 ബൂത്തുകളുടെയും പാലാ നഗരസഭയിലെ പത്ത് ബൂത്തുകളുടെയും വോട്ടെണ്ണിയപ്പോൾ മാണി സി കാപ്പന്‍റെ ഭൂരിപക്ഷം 4296 ആയി വീണ്ടും കൂടി. ഒമ്പതാം റൗണ്ടിൽ മാണി സി കാപ്പന് മാത്രം കിട്ടിയത് 439 വോട്ടുകളുടെ ലീഡ്. 

പത്താം റൗണ്ട് നിർണായകമായിരുന്നു. മീനച്ചിൽ പഞ്ചായത്തിലെ 6 ബൂത്തുകളും പാലാ നഗരസഭയിലെ എട്ട് ബൂത്തുകളും എണ്ണിയപ്പോൾ വീണ്ടും മാണി സി കാപ്പന്‍റെ ഭൂരിപക്ഷം ഇടിഞ്ഞു. 3905 വോട്ടുകളായി ഭൂരിപക്ഷം ഇടിഞ്ഞു. പത്താം റൗണ്ട് അവസാനിച്ചപ്പോൾ മാണി സി കാപ്പന്‍റെ ലീഡ് 3899 വോട്ടുകളുടെ ഭൂരിപക്ഷമായി വീണ്ടും ഇടിഞ്ഞു. ഈ റൗണ്ടിലും ജോസ് ടോമിന് ലീഡ് കിട്ടി. 258 വോട്ടുകളാണ് ഈ റൗണ്ടിൽ ജോസ് ടോമിന് കൂടുതൽ കിട്ടിയത്. 

അങ്ങനെ കരൂർ അടങ്ങിയ എട്ടാം റൗണ്ടിലും മീനച്ചിൽ അടങ്ങിയ പത്താം റൗണ്ടിലും ജോസ് ടോമിന് ലീഡ് കിട്ടി. 

പതിനൊന്നാം റൗണ്ടിൽ മാത്രമേ അതിന് ശേഷം യുഡിഎഫിന് പ്രതീക്ഷയുണ്ടായിരുന്നുള്ളൂ. മീനച്ചിലിലെ എട്ടാം ബൂത്തും കൊഴുവനാലിലെ ആറ് ബൂത്തുകളുമാണ് ഈ ഘട്ടത്തിൽ എണ്ണുന്നത്. യുഡിഎഫ് സ്വാധീനമേഖലയായ. സ്ഥാനാർത്ഥി ജോസ് ടോമിന്‍റെ ബൂത്ത് അടക്കമുള്ള ഇവിടെയെങ്കിലും കിട്ടുമെന്ന്  ഇവിടെയെങ്കിലും മുൻതൂക്കം ലഭിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷിച്ചു. അത് ശരിയായി. പതിനൊന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മാണി സി കാപ്പന്‍റെ ലീഡ് 3021 ആയി കുറഞ്ഞു. ഈ റൗണ്ടിൽ ജോസ് ടോമിനാണ് ലീജ് ലഭിച്ചത്. 878 വോട്ടുകൾ. 

അങ്ങനെ കരൂർ അടങ്ങിയ എട്ടാം റൗണ്ടിലും മീനച്ചിൽ അടങ്ങിയ പത്താം റൗണ്ടിലും കൊഴുവനാൽ അടങ്ങിയ പതിനൊന്നാം റൗണ്ടിലും ജോസ് ടോമിന് ലീഡ് കിട്ടി.

പന്ത്രണ്ടാം റൗണ്ടിൽ എൽഡിഎഫിന് ഉറച്ച പ്രതീക്ഷയാണ്. എലിക്കുളം എൽഡിഎഫ് സ്വാധീനമേഖലയാണ്. കൊഴുവനാലിലെ നാല് ബൂത്തുകളും എലിക്കുളത്ത് പത്ത് ബൂത്തുകളുമാണ് ഈ റൗണ്ടിലുള്ളത്. 

പക്ഷേ, ഈ റൗണ്ടിൽ എൽഡിഎഫിന്‍റെ ഭൂരിപക്ഷം ഇടിഞ്ഞു. എങ്കിലും ജയമുറപ്പിച്ച എൽഡിഎഫ് ക്യാമ്പ് ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. ഒടുവിൽ കാത്തിരുന്ന ഫലമെത്തി. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മാണി സി കാപ്പന് ചരിത്ര വിജയം. 

Read More: 'പടക്കം യുഡിഎഫ് ഓർഡർ ചെയ്തല്ലോ, പകുതി വിലയ്ക്ക് ഞങ്ങൾ വാങ്ങാം', വോട്ടെണ്ണും മുമ്പ് കാപ്പൻ പറഞ്ഞത്..