അബുദാബി: നിര്‍ധനരായ പ്രവാസി മലയാളികളുടെ മാതാപിതാക്കള്‍ക്ക് സൗജന്യമായി യുഎഇ സന്ദര്‍ശിക്കാന്‍ അവസരം. അബുദാബി മലയാളി സമാജത്തിന്‍റെ സ്നേഹസ്പര്‍ശം എന്ന പദ്ധതിയിലൂടെയാണ് 10 പേരുടെ മാതാപിതാക്കളെ(മൊത്തം 20 പേര്‍) എല്ലാ ചെലവുകളും വഹിച്ച് യുഎഇയില്‍ എത്തിക്കുന്നത്. 

 ബുർജ് ഖലീഫ, അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, പൈതൃക ഗ്രാമം, ദുബായ് ഗ്ലോബൽ വില്ലേജ് തുടങ്ങി യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ടൂറിസ കേന്ദ്രങ്ങൾ കാണാൻ അവസരമൊരുക്കും. ഇതുവരെ മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരാന്‍ സാധിക്കാത്ത കുറഞ്ഞ വരുമാനക്കാരായ പ്രവാസി മലയാളികള്‍ക്ക് അപേക്ഷ നല്‍കാം. വീസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, യുഎഇ ടൂര്‍, ചികിത്സ എന്നിങ്ങനെ എല്ലാ ചെലവുകളും മലയാളി സമാജം വഹിക്കുമെന്ന് പ്രസിഡന്‍റ് ഷിബു വര്‍ഗീസ് പറഞ്ഞു. ഒരാഴ്ച യുഎഇയില്‍ താമസിക്കാനുള്ള ചെലവാണ് സമാജം വഹിക്കുന്നത്.

ജോലി ചെയ്യുന്ന രാജ്യത്തേക്ക് മാതാപിതാക്കളെ കൊണ്ടുവരാനാകാതെ വിഷമിക്കുന്ന കുറഞ്ഞ ശമ്പളത്തില്‍ ജീവിക്കുന്ന പ്രവാസി മലയാളികളുടെ അവസ്ഥ കണ്ടറിഞ്ഞാണ് ഇത്തരമൊരു ഉദ്യമം സമാജം ആരംഭിക്കുന്നതെന്ന് ഷിബു കൂട്ടിച്ചേര്‍ത്തു. യുഎഇയിലെ ഏഴ് എമിറേറ്റ്സുകളില്‍ നിന്നുള്ള പ്രവാസി മലയാളികളുടെ അപേക്ഷകള്‍ സ്വീകരിക്കും. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി അ‍ഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് സമാജം സഹിഷ്ണുത സെക്രട്ടറി അബ്ദുല്‍ അസീസ് മൊയ്തീനും വെല്‍ഫെയര്‍ സെക്രട്ടറി നസീര്‍ പെരുമ്പാവൂരും അറിയിച്ചു. വരും വര്‍ഷങ്ങളിലും ഈ പദ്ധതി തുടരും. 

Read More: ഡ്രൈവര്‍ പുറത്തിറങ്ങി തിരികെ വരുന്നതിനുള്ളില്‍ കാര്‍ തകര്‍ത്ത് മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഒരാഴ്ചയില്‍ കൂടുതല്‍ ദിവസം സ്വന്തം ചെലവില്‍  മാതാപിതാക്കളെ കൂടെ നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക അനുമതി നല്‍കാനുള്ള കാര്യവും പരിഗണനയിലാണ്. താൽപര്യമുള്ളവർ മാതാപിതാക്കളുടെ പേരും മേൽവിലാസത്തിനൊപ്പം യുഎഇ വീസയുള്ള സ്വന്തം പാസ്പോർട്ട് കോപ്പി, എമിറേറ്റ്സ് ഐഡി, സാലറി സർട്ടിഫിക്കറ്റ് എന്നിവ സഹിതം മലയാളി സമാജത്തിൽ എത്തിക്കണം. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പര്‍- 02–5537600, 055 6179238.