Asianet News MalayalamAsianet News Malayalam

ജോലിയും വരുമാനവുമില്ല നിയമലംഘകരായ 15,000 പ്രവാസികളെ നാടുകടത്തി

നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരെ പിടികൂടുന്നതിന്‍റെ ഭാഗമായി നടത്തിയ തെരച്ചിലിലാണ് ജോലിയില്ലാതെ അലഞ്ഞു തിരിയുന്നവരെ കണ്ടെത്തിയത്. 

15000 Expats deported from kuwait as they dont have  source of income
Author
First Published Sep 3, 2022, 7:15 PM IST

കുവൈത്ത് സിറ്റി: ജോലിയും വരുമാനവുമില്ലാതെ രാജ്യത്ത് തുടര്‍ന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയതോടെ 15,000 പ്രവാസികളെ കുവൈത്ത് നാടുകടത്തി. വരുമാനമില്ലാതെ രാജ്യത്ത് തുടരുന്നത് കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുമെന്ന വിലയിരുത്തലിലാണ് നടപടി. രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഫോറിനേഴ്സ് നിയമത്തിലെ 16-ാം വകുപ്പ് പ്രകാരമുള്ള വിവിധ നിയമലംഘനങ്ങളുടെ പേരിലാണ് വിവിധ രാജ്യക്കാരായ ഇത്രയും പേരെ അറസ്റ്റ് ചെയ്‍തത്. ഇവരില്‍ അധിക പേര്‍ക്കും വ്യക്തമായ വരുമാന സ്രോതസുണ്ടായിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

കുവൈത്തില്‍ ജീവിക്കുന്ന പ്രവാസികള്‍ക്ക് വ്യക്തമായ വരുമാന സ്രോതസോ അല്ലെങ്കില്‍ ജീവിക്കാനുള്ള മാര്‍ഗമോ ഇല്ലെങ്കില്‍ അവരെ നാടുകടത്താമെന്ന് പ്രവാസികളെ സംബന്ധിക്കുന്ന നിയമത്തിലെ പതിനാറാം വകുപ്പ് വ്യക്തമാക്കുന്നു. ഇത് പ്രകാരമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അടുത്ത കാലത്തായി നടപടി ശക്തമാക്കിയിരിക്കുന്നത്. നാടുകടത്തല്‍ നടപടിയെടുത്തതില്‍ ഭൂരിഭാഗവും ഏഷ്യന്‍, അറബ് വംശജരാണ്. 

500 ദിര്‍ഹത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മൂന്ന് പ്രവാസികള്‍ക്ക് ശിക്ഷ

നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരെ പിടികൂടുന്നതിന്‍റെ ഭാഗമായി നടത്തിയ തെരച്ചിലിലാണ് ജോലിയില്ലാതെ അലഞ്ഞു തിരിയുന്നവരെ കണ്ടെത്തിയത്. മാര്‍ക്കറ്റിലോ വല്ലപ്പോഴും ഒന്നോ രണ്ടോ മണിക്കൂറോ ലഭിക്കുന്ന താല്‍ക്കാലിക ജോലികള്‍ ചെയ്തുവരികയായിരുന്നു ഇവരില്‍ പലരും. നിയമം ലംഘിച്ച് വഴിയോര കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നവരും നാടുകടത്തിയവരില്‍പ്പെടുന്നു. താമസം നിയമവിധേയമാണെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പിടികൂടി നാടുകടത്തുമെന്ന് സുരക്ഷാസേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനധികൃത മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്നവര്‍, തെരുവ് കച്ചവടക്കാര്‍, ഇവിടങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയിരുന്ന പ്രവാസികളിലെ നിയമലംഘകര്‍ തുടങ്ങിയവരെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്‍ത് തുടരന്വേഷണത്തിന് ശേഷം നാടുകടത്താനായി കുവൈത്ത് താമസകാര്യ വകുപ്പിന് കൈമാറിയത്. 

പ്രവാസി നിയമലംഘകര്‍ക്കായി പരിശോധന ശക്തം; വരുമാന സ്രോതസ് വ്യക്തമാക്കാനില്ലാത്തവര്‍ക്കെതിരെയും നടപടി

അതേസമയം തൊഴില്‍, താമസ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പരിശോധനകള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രാജ്യ വ്യാപകമായി നടത്തിയ പരിശോധനയില്‍ വിവിധ രാജ്യക്കാരായ പത്ത് പ്രവാസികളെ അറസ്റ്റ് ചെയ്‍തു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്‍തിരുന്നവരും രാജ്യത്ത് അനധികൃതമായി താമസിച്ചിരുന്നവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

 

Follow Us:
Download App:
  • android
  • ios