ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമാക്കി പുതിയ ബജറ്റ് എയർലൈൻ കമ്പനി. എയർ അറേബ്യ, കാൻ ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ്, നസ്മ ഗ്രൂപ്പ് എന്നിവ ഉൾപ്പെടുന്ന സഖ്യത്തിനാണ് ബിഡ് ലഭിച്ചത്. 24 ആഭ്യന്തര, 57 അന്താരാഷ്ട്ര റൂട്ടുകളിൽ സർവീസ് നടത്തും.
റിയാദ്: ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമാക്കി സൗദി അറേബ്യയിൽ പുതിയ ബജറ്റ് എയർലൈൻ കമ്പനി രൂപവത്കരിക്കുന്നു. മൂന്ന് കമ്പനികളുൾപ്പെട്ട എയർ അറേബ്യ സഖ്യമാണ് ഇതിനുള്ള ബിഡ് നേടിയതെന്ന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (ഗാക) പ്രസിഡന്‍റ് അബ്‍ദുൽ അസീസ് അൽദുവൈലേജ് പറഞ്ഞു.
ദമ്മാം വിമാനത്താവളത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എയർ അറേബ്യ, കാൻ ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ്, നസ്മ ഗ്രൂപ്പ് എന്നീ മൂന്ന് കമ്പനികൾ ഉൾപ്പെടുന്ന ഒരു കൺസോർഷ്യത്തിന്‍റെ ബിഡ് ആണ് വിജയിച്ചത്. വ്യോമയാന ശൃംഖലയുടെ ബന്ധം വ്യാപിപ്പിക്കുന്നതിനും വർധിപ്പിക്കുന്നതിനും വ്യോമയാന പരിപാടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് സഹായിക്കും.
പുതിയ ബജറ്റ് എയർലൈൻ കമ്പനി 24 ആഭ്യന്തര റൂട്ടുകളിലും 57 അന്താരാഷ്ട്ര റൂട്ടുകളിലും സർവിസുകൾ നടത്തും. ഇത് രാജ്യത്തിന്‍റെ വ്യോമയാന ബന്ധം വർധിപ്പിക്കും. 2030 ആകുമ്പോഴേക്കും ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും പ്രതിവർഷം ഒരു കോടി യാത്രക്കാരെ എത്തിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രത്തിൽനിന്ന് ഉരുത്തിരിഞ്ഞ വ്യോമയാന പരിപാടിയുടെ ലക്ഷ്യങ്ങളുടെ ഭാഗമാണ് പുതിയ ബജറ്റ് എയർലൈൻ കമ്പനി.
ഇത് 2,400 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മൊത്ത ആഭ്യന്തര ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതിനും സംഭാവന ചെയ്യും. ദമ്മാമിലെയും കിഴക്കൻ പ്രവിശ്യയിലെയും സാമ്പത്തിക, ടൂറിസം വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വ്യോമയാന മേഖലയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയും ഈ നേട്ടം പ്രതിഫലിപ്പിക്കുന്നുവെന്നും അൽദുവൈലജ് പറഞ്ഞു.


