3,67,000ലധികം പരിശോധനകള്‍ നടത്തിയതിലൂടെയാണ് ഒരു മാസത്തിനിടയിൽ 39,000ലധികം ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 

റിയാദ്: സൗദി ഗതാഗതരംഗത്ത് ഒരു മാസത്തിനിടയിൽ 39,000ലധികം നിയമലംഘനങ്ങൾ കണ്ടെത്തിയതായി സൗദി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ജനുവരിയിൽ അതത് വകുപ്പുകളുമായി സഹകരിച്ച് നടത്തിയ 3,67,000ലധികം പരിശോധനകളെ തുടർന്നാണ് ഇത്രയും നിയമലംഘനങ്ങൾ കണ്ടെത്തിയത്. നിയമനടപടി സ്വീകരിക്കുന്നതിന് മുമ്പ് ഏകദേശം 9,000 മുന്നറിയിപ്പുകൾ നൽകി. എല്ലാത്തരം ഗതാഗതത്തിലും ഗുണനിലവാരവും സുരക്ഷാനിലവാരവും ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണിത്.

കര, കടൽ, റെയിൽ ഗതാഗതമേഖലകളിലാണ് പരിശോധന നടന്നത്. 3,55,000-ലധികം പരിശോധനകൾ റോഡ് ഗതാഗതമേഖലയിലും 11,646 പരിശോധനകൾ സമുദ്രഗതാഗത മേഖലയിലും 213 പരിശോധനകൾ റെയിൽവേ മേഖലയിലും നടത്തിയതായും പൊതുഗതാഗത അതോറിറ്റി പറഞ്ഞു. മേഖലകളെ സംബന്ധിച്ചിടത്തോളം 15,551 നിയമലംഘനങ്ങളുമായി റിയാദാണ് ഒന്നാമത്.

തൊട്ടുപിന്നിൽ 12,491 ലംഘനങ്ങളുമായി മക്കയും 3,537 ലംഘനങ്ങളുമായി കിഴക്കൻ പ്രവിശ്യയുമാണ്. മറ്റ് മേഖലകൾക്ക് പുറമെ മദീനയിൽ 1,695ഉം അൽഖസീമിൽ 1,472ഉം അസീറിൽ 1,116ഉം രേഖപ്പെടുത്തി. ആവശ്യമായ ലൈസൻസുകൾ നേടാതെ ഗതാഗതപ്രവർത്തനങ്ങൾ നടത്തുക, രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ ഓടിക്കുക, ഔദ്യോഗിക പെർമിറ്റുകളില്ലാതെ ചരക്കുകടത്തുക എന്നിവയെല്ലാം നിരീക്ഷിക്കപ്പെട്ട പ്രധാന ലംഘനങ്ങളിൽപ്പെടുന്നുവെന്നും പൊതുഗതാഗത അതോറിറ്റി പറഞ്ഞു.

Read Also -  ആഢംബര നൗക ഉടമകൾക്ക് ദുബൈയിൽ ഗോൾഡൻ വിസ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം