അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ പെർഫ്യൂം നിർമ്മിച്ച രണ്ട് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ. മംഗഫിൽ നടത്തിയ രഹസ്യ പരിശോധനയിൽ 150 ദിനാർ വിലവരുന്ന മൂന്ന് പെർഫ്യൂം കുപ്പികൾ വെറും 17 ദിനാറിന് വിറ്റ പ്രതിയെയാണ് ആദ്യം പിടികൂടിയത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ പെർഫ്യൂമുകൾ നിർമ്മിച്ച് വിൽപ്പന നടത്തിയ രണ്ട് ബംഗ്ലാദേശ് സ്വദേശികളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. മംഗഫിൽ നടത്തിയ രഹസ്യ പരിശോധനയിൽ 150 ദിനാർ വിലവരുന്ന മൂന്ന് പെർഫ്യൂം കുപ്പികൾ വെറും 17 ദിനാറിന് വിറ്റ പ്രതിയെയാണ് ആദ്യം പിടികൂടിയത്.
തുടർന്നുള്ള അന്വേഷണത്തിൽ വ്യാജ പെർഫ്യൂമുകൾ നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്ന അപ്പാർട്ട്മെന്റ് കണ്ടെത്തി രണ്ടാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തു. പരിശോധനയിൽ വിവിധ പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള ഏകദേശം 4,000 പെർഫ്യൂം കുപ്പികളും സുഗന്ധ എണ്ണകളും ആൽക്കഹോളും പെർഫ്യൂം നിറയ്ക്കുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. ഒറിജിനൽ ബ്രാൻഡുകളുടെ കുപ്പികളിൽ വ്യാജ സുഗന്ധദ്രവ്യങ്ങൾ നിറച്ച് യഥാർത്ഥ ഉൽപ്പന്നങ്ങളെന്ന പേരിലാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.


