ഇപ്പോൾ കണ്ടെത്തിയ പവിഴപ്പുറ്റ് കോളനിയുടെ യഥാര്‍ത്ഥ വലിപ്പം കൃത്യമായി കണക്കാക്കിയിട്ടില്ല. ഏകദേശം 400 മുതല്‍ 800 വര്‍ഷം വരെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.
റിയാദ്: സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറ് തീരത്ത് ചെങ്കടലില്‍ ഭീമന് പവിഴപ്പുറ്റുകളുടെ കോളനി കണ്ടെത്തിയതായി റെഡ് സീ ഗ്ലോബല്‍ പ്രഖ്യാപിച്ചു. 'പാവോണ' സ്പീഷീസില്‍പ്പെട്ട ഈ പവിഴപ്പുറ്റ് കോളനി ജലാശയങ്ങളില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയതാണ്.
ഈ ഭീമന് പവിഴപ്പുറ്റ് കോളനിയുടെ കൃത്യമായ വലിപ്പം കണക്കാക്കിയിട്ടില്ല. സാധാരണ മിക്ക കോറല്‍ റീഫുകളും നിരവധി ചെറു കോളനികളായി ചിതറി കിടക്കുന്ന നിലയിലാണ് കാണപ്പെടാറ്. എന്നാല്‍ ചെങ്കടലില്‍ കണ്ടെത്തിയത് പ്രകൃതിദത്ത ഭീമന് കോറല്‍ കോളനിയാണ്. പസഫിക് മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന 32 മീറ്റർ നീളവും 34 മീറ്റർ വീതിയുമുള്ള കൊറൽ കോളനിക്ക് തുല്യമായ വലിപ്പം ഈ കോളനിക്കുണ്ടെന്ന് ഗവേഷകർ പറയുന്നു.
ചെങ്കടലിലെ ഈ ഇനം പവിഴപ്പുറ്റുകളുടെ വളർച്ചാനിരക്കിന്റെ വിശദാംശങ്ങൾ പരിമിതമായതിനാൽ പവിഴപ്പുറ്റ് കോളനിയുടെ പ്രായം കണക്കാക്കുന്നത് സാങ്കേതിക വെല്ലുവിളിയാണ്. അതിന്റെ വലിപ്പം, പസഫിക് മാതൃകകളിൽനിന്നുള്ള താരതമ്യ വളർച്ചാനിരക്ക്, ദ്വിമാന ചിത്രങ്ങളിൽ നിന്ന് ത്രീ ഡി മോഡലുകൾ സൃഷ്ടിക്കുന്ന ഫോട്ടോഗ്രാമെട്രി ടെക്നിക്കുകൾ എന്നിവയെ അടിസ്ഥാനമാക്കി പ്രായം 400-നും 800-നും ഇടയിലാണെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം കൂടുതൽ ഗവേഷണം നടത്തുന്നുണ്ടെന്നും എസ്റ്റിമേറ്റ് പരിഷ്കരിക്കുമെന്നും റെഡ് സീ ഗ്ലോബൽ വൃത്തങ്ങൾ വ്യക്തമാക്കി.
ഇതിന് അടുത്തുള്ള റെഡ് സീ ഗ്ലോബല്‍ റിസോര്‍ട്ടായ അമാലയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പവിഴപ്പുറ്റ് കോളനി സുരക്ഷിതമായി കാണാനുള്ള അവസരം നല്‍കും. ഇത്രയും വലിയ പവിഴപ്പുറ്റ് കോളനിയുടെ കണ്ടെത്തല്‍ റെഡ് സീയുടെ പാരിസ്ഥിതിക പ്രധാന്യത്തെയും അതിന്റെ പ്രകൃതിദത്ത സൗന്ദര്യത്തെയും അടിവരയിടുന്നതാണെന്ന് പരിസ്ഥിതി സംരക്ഷണ-പുനരുജ്ജീവന മേധാവി അഹമ്മദ് അൽ-അൻസാരി പറഞ്ഞു.


