ബഹ്റൈനിയായ അഹമ്മദ് അൽ ഒറായെദ് (40) ഭാര്യ ഫാത്തിമ അൽ ഖൈദൂം (36) എന്നിവർ ആണ് മരണപ്പെട്ടത്

മനാമ: ബഹ്റൈനിലെ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ബഹ്റൈനിയായ അഹമ്മദ് അൽ ഒറായെദ് (40) ഭാര്യ ഫാത്തിമ അൽ ഖൈദൂം (36) എന്നിവർ ആണ് മരണപ്പെട്ടത്. ദമ്പതികളുടെ മൂന്ന് കുട്ടികളും കാറിലുണ്ടായിരുന്നു. കുട്ടികൾ ​ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. 

മർക്കയിലുള്ള വീട്ടിലേക്ക് പോകവേയാണ് കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. സാറിലേക്കുള്ള ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയുടെ സമീപത്തുള്ള റോഡിൽ വെച്ചാണ് അപകടമുണ്ടായത്. കാർ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ കൂട്ടിയിടിക്കുകയായിരുന്നു.​ ഗുരുതര പരിക്കുകളോടെ എല്ലാവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദമ്പതികൾ മരിക്കുകയായിരുന്നു. ഇവരുടെ മൂന്ന് കുട്ടികളും അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം